വംശീയ വെറി; ബുർഖ നിരോധനത്തിനായി പ്രചാരണം, ഓസ്ട്രേലിയയിൽ സെനറ്റർക്ക് സസ്പെൻഷൻ

മെൽബൺ: ബുർഖ നിരോധനത്തിനായി പാർലമെന്റിൽ ബുർഖ ധരിച്ചെത്തിയ വലതുപക്ഷ പാർടി നേതാവിനെ ഓസ്ട്രേലിയൻ പാർലമെന്റ് സസ്പെൻഡ് ചെയ്തു. 71 കാരിയായ പൗളിൻ ഹാൻസണെ ആണ് സസ്പെൻഡ് ചെയ്തത്. ഡിസംബർ അവസാനം വരെ മുഴുവൻ പാർലമെന്റ് നടപടികളിൽ നിന്നും വിലക്കേർപ്പെടുത്തി. മുസ്ലിം, കുടിയേറ്റ വിരുദ്ധ പാർടിയായ വൺ നേഷൻ മൈനർ സ്ഥാപകയും പ്രവർത്തകയുമാണ് പൗളിൻ.
പൊതുസ്ഥലങ്ങളിൽ ബുർഖയും മുഖം മൂടുന്ന മറ്റ് വസ്ത്രങ്ങളും നിരോധിക്കുന്ന ബിൽ പൗളിൻ പാർലമെന്റിൽ അവതരിപ്പിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ബിൽ പരിഗണിക്കാൻ സഹ സെനറ്റർമാർ വിസമ്മതിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ബുർഖയ്ക്ക് സമാനമായ വസ്ത്രം ധരിച്ച് പൗളിൻ സെനറ്റിലേക്ക് എത്തിയത്. അനാദരവുള്ള പ്രഹസനം നടത്തിയതായി ആരോപിച്ചാണ് സെനറ്റർക്കെതിരെ നടപടി.
സംഭവത്തിൽ തിങ്കളാഴ്ച ഒരു ദിവസത്തേക്ക് പൗളിനെ സസ്‌പെൻഡ് ചെയ്തു. ക്ഷമ പറയാൻ തയാറാകാത്തതോടെ ഈ വർഷം അവസാനിക്കുന്നതുവരെ സെനറ്റിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു. സെനറ്റർക്കെതിരെ സെൻസർ പ്രമേയം പാസാക്കി. സെനറ്റ് അംഗങ്ങളിൽ പ്രതിപക്ഷ ഭരണ പക്ഷ വ്യത്യാസമില്ലാതെ 55 പേരാണ് നടപടി പ്രമേയത്തെ പിന്തുണച്ചത്. ഒരു വിഭാഗം ആളുകളെ ക്രൂരന്മാരായി ചിത്രീകരിക്കാനുള്ള നീചമായ പ്രവർത്തിയാണ് പൗളിൻ ചെയ്തതെന്ന് സെനറ്റ് അംഗീകരിച്ചു.
ഏഴ് ദിവസത്തേക്കാണ് ഈ വർഷത്തെ സെനറ്റ് ചേരുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ പാർലമെന്റ് പുനരാരംഭിക്കുമ്പോൾ പൗളിൻ ഹാൻസന്റെ സസ്‌പെൻഷൻ തുടരും. സഹപ്രവർത്തകരല്ല, 2028 ലെ തെരഞ്ഞെടുപ്പിൽ വോട്ടർമാരാണ് തന്നെ വിലയിരുത്തുക എന്ന് സെനറ്റർ പ്രതികരിച്ചു.









0 comments