"മാങ്കൂട്ടത്തിലിന് കഴിവുണ്ട്, സജീവമായി വരണം"; സംരക്ഷണകവചമൊരുക്കി സുധാകരൻ

കെ സുധാകരൻ, രാഹുൽ മാങ്കൂട്ടത്തിൽ
കണ്ണൂർ: ഗുരുതര ലൈംഗികചൂഷണ പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മാങ്കൂട്ടത്തിലിനെ കോൺഗ്രസ് അവിശ്വസിക്കുന്നില്ലെന്നും കഴിവുള്ള നേതാവാണെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.
മാങ്കൂട്ടത്തിലിനൊപ്പം വേദിപങ്കിടാൻ തനിക്ക് പ്രശ്നമില്ല. മാങ്കൂട്ടത്തിൽ കോൺഗ്രസിൽ സജീവമായി രംഗത്ത് വരണമെന്നും സുധാകരൻ പറഞ്ഞു. എന്നാൽ പുറത്തുവന്ന ശബ്ദസന്ദേശം വ്യാജമാണെന്നാണോ പറയുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. അത് ഞാൻ കണ്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല. പക്ഷേ, തീർത്തും നിരപരാധിയാണ് അവൻ. അവന്റെ പാർടി കോൺഗ്രസാണ്. അവനെ വേണമെന്നുള്ളതാണ് ആവശ്യം- സുധാകരൻ പറഞ്ഞു.
പുതിയ ശബ്ദരേഖ വന്നതോടെ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുപ്പ് പരിപാടികളിൽപോലും പങ്കെടുപ്പിക്കരുതെന്ന് ഒരുവിഭാഗം നേതാക്കൾ കർശനമായി ആവശ്യപ്പെടുമ്പോഴാണ് സുധാകരൻ സംരക്ഷണവുമായി രംഗത്തെത്തിയത്. ശബ്ദരേഖകളിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി ഡി സതീശനും. എന്നാൽ ഇതുരെയും ശബ്ദരേഖ നിഷേധിക്കാൻ മാങ്കൂട്ടത്തിൽ തയ്യാറായിട്ടുമില്ല.
പ്രണയംനടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവതിയെ ഗര്‍ഭിണിയാകാൻ മാങ്കൂട്ടത്തിൽ പ്രേരിപ്പിക്കുന്ന വാട്സാപ് സന്ദേശങ്ങളും, ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്‌ദരേഖയുമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ശക്തമായ തെളിവുള്ളതിനാൽ അതിജീവിത മൊഴി നൽകിയാൽ മാങ്കൂട്ടത്തിൽ കുടുങ്ങുമെന്നുറപ്പാണ്. പുറത്തുവന്ന ശബ്‌ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. "നീ ഗര്‍ഭിണി ആകാൻ തയ്യാറെടുക്കൂ’ എന്നും ‘നമ്മുടെ കുഞ്ഞിനെ വേണമെന്നു’മാണ് ആദ്യ വാട്സ്ആപ്പ് സന്ദേശത്തിൽ മാങ്കൂട്ടത്തിൽ പറയുന്നത്. എന്നാൽ ഗർഭിണിയായ ശേഷമുള്ള ശബ്‌ദസന്ദേശം അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതാണ്.
രാഹുൽ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതിന്റെയും വധഭീഷണി മുഴക്കുന്നതിന്റെയും ശബ്‌ദരേഖ നേരത്തെയും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരുന്നു. ഫോണിൽ ഭീഷണിപ്പെടുത്തി, സ്‌ത്രീകളെ സമൂഹമാധ്യമങ്ങളിൽ പിന്തുടര്‍ന്ന് ശല്യം ചെയ്‌തു, സ്‌ത്രീകള്‍ക്ക് മാനസിക വേദനയ്‌ക്ക് ഇടയാകുംവിധം പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.









0 comments