വ്യാജ റേഷൻ കാർഡ്: ആഭ്യന്തര വിജിലൻസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: വ്യാജ റേഷൻ കാർഡ് (പിങ്ക് കാർഡ്) നിർമിക്കപ്പെട്ട സംഭവത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം തുടങ്ങി ഭക്ഷ്യവകുപ്പ്. റേഷൻ മാനേജിങ് സിസ്‌റ്റത്തിലെ യൂസർ നെയിമും പാസ്‌വേർഡും എങ്ങനെ പ്രതികൾക്ക് ലഭിച്ചെന്ന് അറിയാനാണ് പരിശോധന.
146 വ്യാജ മുൻഗണന റേഷൻകാർഡുകളാണ് ബീമാപ്പള്ളി സ്വദേശി സഹദ്‌ഖാന്റെ നേതൃത്വത്തിൽ പ്രിന്റ് ചെയ്‌ത് നൽകിയത്. റേഷൻ മാനേജിങ് സിസ്‌റ്റത്തിൽ കയറാൻ ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഐപി അഡ്രസ് ഭക്ഷ്യവകുപ്പ് കേസ് അന്വേഷണം നടത്തുന്ന വഞ്ചിയൂർ പൊലീസിന് കൈമാറിയിട്ടുണ്ട്. വ്യാജ റേഷൻ കാർഡ് ഉടമകളുടെ മൊഴിയെടുപ്പ് തുടരുകയാണ്.
പൂന്തുറയിലെ കുടുംബത്തിന് തോന്നിയ സംശയമാണ് വ്യാജ മുൻഗണനാ റേഷൻ കാർഡ് അന്വേഷണത്തിലേക്ക് നയിച്ചത്. അഞ്ച് അംഗങ്ങളുള്ള റേഷൻ കാർഡിൽ ആറ് അംഗങ്ങളുള്ളതായി കണ്ട റേഷൻകാർഡ് ഉടമ താലൂക്ക് സപ്ലൈഓഫീസർക്ക് പരാതി നൽകി. ഇ പോസ് മെഷീനിൽ ബയോ മെട്രിക് സംവിധാനപ്രകാരം വിരൽ പതിപ്പിക്കുന്പോഴാണ് അതിനൊപ്പം പരിചയമില്ലാത്ത പേര് കണ്ടത്.
വെളള, നീല കാർഡിലുള്ളവരെ ഒരുബന്ധവുമില്ലാത്തവരുടെ മുൻഗണനാ കാർഡിൽ (പിങ്ക് കാർഡ്) ഉൾപ്പെടുത്തി പുതിയ റേഷൻകാർഡിന് അപേക്ഷ നൽകിയാണ് തട്ടിപ്പ്. ഇവർക്ക് ലഭിക്കുന്നത് പിങ്ക് കാർഡായിരിക്കും. മുൻഗണനാ കാർഡിൽ ചേർക്കുമ്പോൾ കാർഡ് ഉടമയ്‌ക്ക് എസ്‌എംഎസ് വന്നിരുന്നു. ഇത് അവരുടെ ശ്രദ്ധയിൽപ്പെടാത്തത് തട്ടിപ്പുകാർക്ക് സഹായകമായി.









0 comments