ഗുജറാത്ത് വീണ്ടും വീണു ; ജയത്തോടെ ചെന്നൈ മടങ്ങി

അഹമ്മദാബാദ്
ഐപിഎൽ ക്രിക്കറ്റിൽ പ്ലേ ഓഫ് ഉറപ്പിച്ചതിനുശേഷമുള്ള രണ്ട് കളിയിലും തോൽവി പിണഞ്ഞ് ഗുജറാത്ത് ടൈറ്റൻസ്. അവസാന കളിയിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് 83 റണ്ണിന്റെ കൂറ്റൻ തോൽവിയാണ് വഴങ്ങിയത്. ഇതോടെ ഒന്നാംസ്ഥാനം നിലനിർത്താമെന്നുള്ള പ്രതീക്ഷ പൊലിഞ്ഞു. അതേസമയം, വമ്പൻ ജയം നേടിയെങ്കിലും മുൻ ചാമ്പ്യൻമാരായ ചെന്നൈ അവസാന സ്ഥാനവുമായി മടങ്ങി. മഹേന്ദ്ര സിങ് ധോണിയും കൂട്ടരും സീസണിൽ നാല് ജയമാണ് ആകെ സ്വന്തമാക്കിയത്.
പകരക്കാരായി സീസണിന്റെ പാതിവഴിയിൽ ടീമിൽ ചേർന്ന ഡെവാൾഡ് ബ്രെവിസും ആയുഷ് മാത്രെയും ഉർവിൽ പട്ടേലുമാണ് ചെന്നൈക്ക് ആധികാരിക ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 230 റണ്ണാണ് നേടിയത്. മറുപടിക്കെത്തിയ ഗുജറത്ത് 18.3 ഓവറിൽ 147ന് പുറത്തായി. ഐപിഎല്ലിൽ ഗുജറാത്തിന്റെ കനത്ത തോൽവിയാണിത്.
ബ്രെവിസ് (23 പന്തിൽ 57), ഉർവിൽ (19 പന്തിൽ 37), ആയുഷ് (17 പന്തിൽ 34) എന്നിവർ ചേർന്ന് ഗുജറാത്ത് ബൗളിങ് നിരയെ ചിതറിച്ച് കളഞ്ഞു. 35 പന്തിൽ 52 റണ്ണുമായി ഡെവൺ കോൺവെ പിന്തുണ നൽകി. ബ്രെവിസിന്റെ ഇന്നിങ്‌സിൽ അഞ്ച് സിക്‌സറും നാല് ഫോറും ഉൾപ്പെട്ടു. ആദ്യ ഓവറുകളിൽ തകർത്തടിച്ച ആയുഷ് മൂന്ന് വീതം സിക്‌സറും ഫോറുമാണ് പറത്തിയത്. ഉർവിലിന്റെ ഇന്നിങ്‌സിൽ രണ്ട് സിക്‌സറും നാല് ഫോറും ഉൾപ്പെട്ടു. എട്ട് പന്തിൽ 17 റണ്ണുമായി ശിവം ദുബെയും റണ്ണൊഴുക്കിന് വേഗം കൂട്ടി. രവീന്ദ്ര ജഡേജ 18 പന്തിൽ 21 റണ്ണെടുത്തു.
നാലോവറിൽ 22 റൺ മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്‌ണ മാത്രം ഗുജറാത്ത് ബൗളിങ് നിരയിൽ തിളങ്ങി.
കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്തിന് തുടക്കത്തിൽതന്നെ പിഴച്ചു. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ ഒമ്പത് പന്തിൽ 13 റണ്ണുമായി മടങ്ങി. സീസണിലെ റണ്ണടിക്കാരൻ ബി സായ് സുദർശൻ (28 പന്തിൽ 41) ഒരറ്റത്ത് പൊരുതിയെങ്കിലും പിന്തുണയ്‌ക്കാൻ ആരുമുണ്ടായില്ല. ജോസ് ബട്‌ലറും (5) ഷെർഫാൻ റുഥെർഫോർഡും (0) നിരാശപ്പെടുത്തി.മൂന്ന് വീതം വിക്കറ്റുമായി അൻഷുൽ കാംബോജും നൂർ അഹമ്മദുമാണ് ഗുജറാത്തിനെ തകർത്തത്. ജഡേജ രണ്ട് വിക്കറ്റെടുത്തു.
അവസാന സ്ഥാനത്ത് അവസാനിപ്പിച്ചെങ്കിലും ചെന്നൈക്ക് യുവതാരങ്ങളുടെ പ്രകടനം ആശ്വാസമാകും. അതേസമയം, ക്യാപ്‌റ്റൻ ധോണി അടുത്ത സീസണിൽ കളിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
മറുവശത്ത് 18 പോയിന്റുമായി ഒന്നാമത് നിൽക്കുന്ന ഗുജറാത്തിന് ആദ്യ രണ്ടിൽ ഇടംപിടിക്കാനുള്ള പ്രതീക്ഷയ്‌ക്ക് തിരിച്ചടിയേറ്റു. ഇന്ന് മുംബൈ–-പഞ്ചാബ് മത്സരത്തിലെ ജേതാക്കൾ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കും. നാളെ ലീഗ് ഘട്ടത്തിലെ അവസാന കളിയിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, ലഖ്‌നൗ സൂപ്പർ ജയന്റിനെ നേരിടുകയാണ്. ബംഗളൂരു ജയിച്ചാൽ ആദ്യ രണ്ടിൽ ഉൾപ്പെടും.









0 comments