ക്യാച്ചും റണ്ണൗട്ടും പക്ഷേ, ഷനക ഒൗട്ടല്ല

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ–ശ്രീലങ്ക സൂപ്പർ ഫോർ മത്സരത്തിൽ ആശയക്കുഴപ്പമുണ്ടാക്കി ദാസുൻ ഷനകയുടെ റണ്ണൗട്ട്. സൂപ്പർ ഓവറിലായിരുന്നു സംഭവം. അർഷ്‌ദീപ് സിങ്ങിന്റെ പന്തിൽ ആഞ്ഞടിക്കാനുള്ള ഷനകയുടെ ശ്രമം ഫലം കണ്ടില്ല. പന്ത് വിക്കറ്റ് കീപ്പർ സഞ്‌ജു സാംസന്റെ കൈകളിലേക്ക്. ബാറ്റ് നിലത്ത് തട്ടിയതിന്റെ ശബ്‌ദത്തിൽ അർഷ്‌ദീപ് ക്യാച്ചിന് അപ്പീൽ നൽകി. അമ്പയർ അപ്പോൾ തന്നെ ഒൗട്ട് വിധിച്ചു. ഇൗ സമയം ക്രീസ് വിട്ട ഷനകയെ സഞ്‌ജു നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കുകയും ചെയ്‌തു.
ക്യാച്ച് തീരുമാനം പുനഃപരിശോധിക്കാൻ ഷനക റിവ്യൂ ചെയ്‌തു. വീഡിയോ പരിശോധനയിൽ പന്ത് ബാറ്റിൽ തട്ടിയില്ലെന്ന് വ്യക്തമായി. അമ്പയർ തീരുമാനം മാറ്റി. ഷനക ഒൗട്ടല്ലെന്ന് വിധിച്ചു. പിന്നാലെ റണ്ണൗട്ടും അനുവദിച്ചില്ല. ഇതോടെ ഇന്ത്യൻ താരങ്ങൾ ആശയക്കുഴപ്പത്തിലായി. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് ഉൾപ്പെടെ വാദിച്ചെങ്കിലും നിയമപ്രകാരം റണ്ണൗട്ട് നൽകാൻ കഴിയില്ലെന്ന് അമ്പയർ വ്യക്തമാക്കുകയായിരുന്നു.
നിയമപ്രകാരം ഇത്തരം സാഹചര്യങ്ങളിൽ ആദ്യതീരുമാനത്തിന് കാരണമായ സംഭവമാണ് നിലനിൽക്കുക. രണ്ടാമതുള്ളവ പരിഗണിക്കില്ല. അതായത് ഇന്ത്യ ആദ്യം അപ്പീൽ ചെയ്‌തത് ക്യാച്ചിനാണ്. അമ്പയർ ഒൗട്ട് വിധിച്ചതോടെ പന്ത് ‘ഡെഡ് ബോളായി’. അതിനാൽ ശേഷം സംഭവിച്ച റണ്ണൗട്ട് പരിഗണിക്കില്ല.
പക്ഷേ, ലങ്കയ്‌ക്ക് അവസരം മുതലാക്കാനായില്ല. അടുത്ത പന്തിൽ ഷനക പുറത്തായി. മൂന്ന് റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ആദ്യ പന്തിൽതന്നെ ജയം നേടി. വണീന്ദു ഹസരങ്കയുടെ പന്തിൽ സൂര്യകുമാറാണ് ജയംകുറിച്ചത്.
ഇന്ത്യയുടെയും ലങ്കയുടെയും ഇന്നിങ്‌സ് 202ൽ അവസാനിച്ചതോടെയാണ് സൂപ്പർ ഓവർ വേണ്ടിവന്നത്. സെഞ്ചുറിയുമായി പതും നിസങ്കയാണ് (58 പന്തിൽ 107) ലങ്കയ്‌ക്കായി പൊരുതിയത്.









0 comments