print edition ബൗളർമാരുടെ വിളയാട്ടം: ഇരുടീമുകൾക്കും ബാറ്റിങ് തകർച്ച; രണ്ടാം ദിനം വീണത് 15 വിക്കറ്റുകൾ

കൊൽക്കത്ത: ഇൗഡൻഗാർഡനിൽ ബാറ്റർമാരുടെ കൂട്ടക്കുരുതി. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യക്കും ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ 30 റണ്ണിന്റെ നേരിയ ലീഡ് കിട്ടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിരയുടെ നടുവൊടിച്ചു. രണ്ടാം ദിവസം 15 വിക്കറ്റുകൾ വീണപ്പോൾ സ്‌പിൻ ബൗളർമാർ 11 എണ്ണം സ്വന്തമാക്കി. സ്‌കോർ: ദക്ഷിണാഫ്രിക്ക 159, 93/7, ഇന്ത്യ 189.
കളി നിർത്തുന്പോൾ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 97 റണ്ണുമായി പ്രതിസന്ധിയിലാണ്. ആകെ 63 റണ്ണിന്റെ ലീഡാണുള്ളത്. 29 റണ്ണുമായി ക്രീസിലുള്ള ക്യാപ്‌റ്റൻ ടെംബ ബവുമയിലാണ് പ്രതീക്ഷ. ഒരു റണ്ണുമായി കോർബിൻ ബോഷാണ് കൂട്ട്. 30 റൺ പിറകിലായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ സ്‌പിന്നർമാരാണ് തകർത്തത്. രവീന്ദ്ര ജഡേജ 13 ഓവറിൽ 29 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. കുൽദീപ് യാദവിന് രണ്ട് വിക്കറ്റുണ്ട്. അക്‌സർ പട്ടേൽ ഒരെണ്ണം നേടി. ബവുമക്ക് പുറമെ മാർകോ ജാൻസെൻ(13), റിയാൻ റിക്കിൾടൺ(11), വിയാൻ മുൾഡർ(11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. കളി മൂന്നാം ദിവസം അവസാനിച്ചാൽ അൽഭുതപ്പെടേണ്ട.
രണ്ടാം ദിവസം ഒരു വിക്കറ്റിന് 37 റണ്ണുമായി ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് മികച്ച ലീഡ് നേടാൻ സാധിച്ചില്ല. കെ എൽ രാഹുലും(39) വാഷിങ്ടൺ സുന്ദറും(29) ചേർന്നുള്ള 57 റണ്ണിന്റെ കൂട്ടുകെട്ടാണ് ഏക ആശ്വാസം. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ(4) പരിക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി. 27 റൺ വീതം നേടിയ ഋഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് ചെറുതെങ്കിലും ലീഡ് കിട്ടാൻ സഹായിച്ചത്. ധ്രുവ് ജുറേലും(14) അക്‌സർ പട്ടേലും (16) സ്‌കോർ ഇരുനൂറിനോട് അടുപ്പിച്ചു. കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുമ്ര എന്നിവരുടെ സംഭാവന ഓരോ റണ്ണാണ്. രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 109 റണ്ണിൽനിന്നാണ് ഇന്ത്യ തകർന്നടിഞ്ഞത്. അവസാനത്തെ ആറ് വിക്കറ്റുകൾ 36 റണ്ണെടുക്കുന്നതിനിടെ നഷ്‌ടമായി. ആഫ്രിക്കക്കാർക്കായി സ്‌പിന്നർ സൈമൺ ഹാർമർ നാല് വിക്കറ്റെടുത്തു. പേസർ മാർകോ ജാൻസന് മൂന്ന് വിക്കറ്റുണ്ട്.









0 comments