വിജയതിലകം
വീരോചിതം ഇന്ത്യ ; പാകിസ്ഥാനെ വീഴ്ത്തി ഏഷ്യാകപ്പ് കിരീടം

ദുബായ്
അതിസമ്മർദത്തിന്റെ കനൽച്ചൂളയിലും ആത്മനിയന്ത്രണം കൈവിടാത്ത തിലക് വർമ ഇന്ത്യക്ക് മിന്നും ജയമൊരുക്കി. ത്രില്ലർ ഫെെനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഏഷ്യാ കപ്പിൽ ഒമ്പതാം തവണയും മുത്തമിട്ടു.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും കണ്ട പാകിസ്ഥാനായിരുന്നില്ല ഫൈനലിൽ. അവരുടെ ബൗളിങ് നിര ഉശിര് കണ്ട ദിവസം. ഇന്ത്യയുടെ മുൻനിര തകർന്നുവീണു. റണ്ണും പന്തും തമ്മിലുള്ള അന്തരം കൂടിക്കൊണ്ടിരുന്നു. തിലക് അചഞ്ചലനായി. 19.4 ഓവറിൽ ഹാരിസ് റൗഫിനെ ഫോർ പറത്തി റിങ്കു സിങ് വിജയറൺ കുറിക്കുന്പോൾ മറുതലയ്‌ക്കൽ വിജയശിൽപ്പിയായി തിലക് ഉണ്ടായിരുന്നു. 53 പന്തിൽ 69 റൺ. നാല് സിക്‌സറും മൂന്ന് ഫോറും ആ കിടയറ്റ ഇന്നിങ്‌സിൽ ഉൾപ്പെട്ടു.
കുൽദീപ് യാദവും സഹ സ്‌പിന്നർമാരും ചേർന്ന് 19.1 ഓവറിൽ 146 റണ്ണിനാണ് പാകിസ്ഥാനെ പുറത്താക്കിയത്. പാകിസ്ഥാൻ ഓപ്പണർമാരായ സാഹിബ്‌സാദാ ഫർഹാനും (38 പന്തിൽ 57) ഫഖർ സമാനും (35 പന്തിൽ 46) മികച്ച തുടക്കം നൽകി. 12.4 ഓവറിൽ ഒരു വിക്കറ്റിന് 113 റണ്ണെന്ന നിലയിലായിരുന്നു പാകിസ്ഥാൻ. പക്ഷേ, അടുത്ത 33 റണ്ണെടുക്കുന്നതിനിടെ ശേഷിച്ച ഒമ്പത് വിക്കറ്റും നഷ്ടമായി. എട്ട് പേർ രണ്ടക്കം കണ്ടില്ല. നാല് വിക്കറ്റുമായി കുൽദീപ് കളംവാഴുകയായിരുന്നു. ഫ-ീൽഡിങ്ങിലും മിന്നി. മറുപടിക്കെത്തിയ ഇന്ത്യക്ക് റണ്ണടിക്കാരൻ അഭിഷേക് ശർമയെ (5) രണ്ടാംഓവറിൽ നഷ്ടമായി. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് (1) വീണ്ടും നിരാശപ്പെടുത്തി. ശുഭ്‌മാൻ ഗില്ലും (12) പുറത്തായതോടെ നാലോവറിൽ 20 റണ്ണെന്ന നിലയിലായി ഇന്ത്യ. തിലകും സഞ്‌ജുവും ചേർന്നുള്ള കൂട്ടുകെട്ടാണ് രക്ഷിച്ചത്. 21 പന്തിൽ 24 റണ്ണെടുത്ത സഞ്‌ജു സ്‌കോർ 77ൽ നിൽക്കെ പുറത്തായി. തുടർന്ന് തിലകും ശിവം ദുബെയും (22 പന്തിൽ 33) ജയത്തിലേക്ക് നയിക്കുകയായിരുന്നു. 19–ാം ഓവറിൽ ദുബെ പുറത്താകുന്പോൾ ജയത്തിന് പത്ത് റണ്ണകലെയായിരുന്നു ഇന്ത്യ. ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിന്റെ രണ്ടാം പന്തിൽ തിലക് സിക്‌സർ പറത്തിയതോടെ കളി ഇന്ത്യയുടെ കൈയിലായി.
സ്‌കോർബോർഡ്
പാകിസ്ഥാൻ 146 (19.1)
ഹർഹാൻ 57, ഫഖർ സമാൻ 46, സയിം അയൂബ് 14, സൽമാൻ ആഗ 8.
ഇന്ത്യൻ ബൗളിങ്
കുൽദീപ് 4–0–30–4, അക്‌സർ 4–0–26–2, വരുൺ 4–0–30–2, ബുമ്ര 3.1–0–25–2.
ഇന്ത്യ 150/5 (19.4)
അഭിഷേക് ശർമ 5, ശുഭ്‌മാൻ ഗിൽ 12, സൂര്യകുമാർ 1, തിലക് വർമ 69*, സഞ്‌ജു സാംസൺ 24, ശിവം ദുബെ 33, റിങ്കു സിങ് 4*









0 comments