ഏഷ്യാ കപ്പ് ക്രിക്കറ്റ് ; ഇന്ത്യ പാക് ഫെെനൽ , കിരീടപ്പോരാട്ടം ഞായറാഴ്ച

asia cup cricket india pakistan final
വെബ് ഡെസ്ക്

Published on Sep 26, 2025, 03:52 AM | 1 min read


ദുബായ്‌

ഏഷ്യാ കപ്പ്‌ ക്രിക്കറ്റിൽ ഞായറാഴ്‌ച ഇന്ത്യ x പാകിസ്ഥാൻ കിരീടപ്പോരാട്ടം. ടൂർണമെന്റിൽ മൂന്നാംതവണയാണ്‌ ഇരു ടീമുകളും മുഖാമുഖം വരുന്നത്‌. സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ 11 റണ്ണിന്‌ തോൽപ്പിച്ചാണ്‌ പാകിസ്ഥാൻ മുന്നേറിയത്‌. ഏഷ്യാ കപ്പ്‌ ചരിത്രത്തിലെ ആദ്യ ഇന്ത്യ–പാക്‌ ഫൈനലാണ്‌.


നിർണായക മത്സരത്തിൽ ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്ഥാൻ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 135 റണ്ണാണെടുത്തത്‌. മറുപടിക്കെത്തിയ ബംഗ്ലാദേശ്‌ ഒന്പതിന്‌ 124ൽ അവസാനിച്ചു.

മൂന്ന്‌ വിക്കറ്റുമായി പേസർ ഷഹീൻ അഫ്രീദി പാകിസ്ഥാന്റെ വിജയശിൽപ്പിയായി. ബാറ്റിങ്ങിന്‌ ഇറങ്ങി രണ്ട്‌ സിക്‌സർ ഉൾപ്പെടെ 13 പന്തിൽ 19 റണ്ണും നേടിയിരുന്നു. ഹാരിസ്‌ റ‍ൗഫും മൂന്ന്‌ വിക്കറ്റെടുത്തു. സയിം അയൂബ്‌ രണ്ടെണ്ണം നേടി.തുടക്കം തകർന്ന പാകിസ്ഥാനെ വാലറ്റമാണ്‌ രക്ഷിച്ചത്‌. 49 റണ്ണെടുക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റ്‌ നഷ്ടമായ ടീമിന്‌ വിക്കറ്റ്‌ കീപ്പർ മുഹമ്മദ്‌ ഹാരിസ്‌ (23 പന്തിൽ 31), മുഹമ്മദ്‌ നവാസ്‌ (15 പന്തിൽ 25) എന്നിവർ ഭേദപ്പട്ട സ്‌കോറൊരുക്കി. മുൻനിര ബാറ്റർമാർ മങ്ങി. ഫഖർ സമാൻ (13), സാഹിബ്‌സാദാ ഫർഹാൻ (4), ക്യാപ്‌റ്റൻ സൽമാൻ ആഗ (19) എന്നിവർക്ക്‌ വേഗത്തിൽ റണ്ണടിക്കാനായില്ല.


പാകിസ്ഥാനെതിരെ ഗ്രൂപ്പ്‌ ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യ ആധികാരിക ജയം നേടിയിരുന്നു.


പരാതിയുമായി ക്രിക്കറ്റ്‌ ബോർഡുകൾ

ഏഷ്യാ കപ്പ്‌ ക്രിക്കറ്റിനിടെയുണ്ടായ വിവാദ സംഭവങ്ങളിൽ രാജ്യാന്തര ക്രിക്കറ്റ്‌ ക‍ൗൺസിലിന്‌ (ഐസിസി) പരാതി നൽകി ബിസിസിഐയും പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡും.


മത്സരത്തിനിടെ മോശമായി പെരുമാറിയ പാക്‌ താരങ്ങളായ ഹാരിസ്‌ റ‍‍ൗഫ്‌, സാഹിബ്‌സാദാ ഫർഹാൻ എന്നിവർക്കെതിരെയാണ്‌ ഇന്ത്യയുടെ പരാതി.

രാഷ്‌ട്രീയ പ്രസ്‌താവനകൾ നടത്തിയെന്ന പിസിബി പരാതിയിൽ ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌ ഐസിസി മാച്ച്‌ റഫറി റിച്ചി റിച്ചാർഡ്‌സണിനു മുമ്പിൽ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Home