ഏഷ്യാ കപ്പ് ക്രിക്കറ്റ് l ഇന്ത്യ ഇന്ന് ഒമാനോട്

സഞ്--ജു സാംസൺ പരിശീലനത്തിൽ
അബുദാബി
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഒമാനോട്. ആദ്യ രണ്ട് കളിയിലും തകർപ്പൻ ജയത്തോടെ സൂപ്പർ ഫോറിലെത്തിയ സൂര്യകുമാർ യാദവിനും സംഘത്തിനും നിർണായക മത്സരങ്ങൾക്ക് മുമ്പുള്ള തയ്യാറെടുപ്പുകൂടിയാണ് ഇൗ പോരാട്ടം.
ഞായറാഴ്‌ച സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരായ മത്സരത്തിന് ഒരുങ്ങുക എന്നതാണ് പ്രധാന ലക്ഷ്യം. അരങ്ങേറ്റക്കാരായ ഒമാൻ രണ്ട് കളിയും തോറ്റ് പുറത്തായതാണ്. അവസാന ഗ്രൂപ്പ് മത്സരമാണ്. സൂപ്പർ ഫോർ നാളെ തുടങ്ങും.
അടുത്ത റൗണ്ട് ഉറപ്പിച്ചതും എതിരാളി ദുർബലരാണെന്ന ചിന്തയും ഇന്ത്യൻ ടീമിനെ അലസരാക്കുന്നില്ല. മത്സരത്തിനായി മികച്ച ഒരുക്കമാണ് നടത്തുന്നത്. പതിവ് പരിശീലനം തുടർന്നു. വിജയ ടീമിൽ വലിയ മാറ്റമുണ്ടാകില്ല. പേസർ ജസ്‌പ്രീത് ബുമ്രയ്‌ക്ക് മാത്രമാകും ഇളവ് നൽകുക. സൂപ്പർ ഫോറിലേക്കായി കരുതിവയ്‌ക്കാൻ ബുമ്രയ്‌ക്ക് വിശ്രമം അനുവദിക്കാനുള്ള സാധ്യതയുണ്ട്. അർഷ്‌ദീപ് സിങ്ങാകും പകരക്കാരൻ. സഞ്‌ജു സാംസണ് സ്ഥാനക്കയറ്റം നൽകിയേക്കും.
ശ്രീലങ്ക മുന്നേറി ; ബംഗ്ലാദേശും സൂപ്പർ 4ൽ
അഫ്‌ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക സൂപ്പർ ഫോറിലേക്ക് മുന്നേറി. ഗ്രൂപ്പ് ബിയിൽനിന്നും ബംഗ്ലാദേശും കയറിയപ്പോൾ അഫ്‌ഗാൻ പുറത്തായി. ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യയും പാകിസ്ഥാനും അവസാന റൗണ്ടിലെത്തി. കുശാൽ മെൻഡിസാണ്(74*) ജയമൊരുക്കിയത്.
സ്‌കോർ: 169/8, ലങ്ക 171/4(18.4)
അഫ്‌ഗാൻ നിരയിൽ മുഹമ്മദ് നബി 60 റണ്ണെടുത്തു. ദുനിത് വെല്ലാലെഗെ എറിഞ്ഞ അവസാന ഓവറിൽ അഞ്ച് സിക്‌സർ ഉൾപ്പെടെ 32 റണ്ണാണ് നേടിയത്. ലങ്കയ്‌ക്കായി നുവാൻ തുഷാര നാല് വിക്കറ്റ് നേടി.









0 comments