എതിരില്ലാതെ ഇന്ത്യ ; ഏഷ്യാ കപ്പ് ക്രിക്കറ്റിൽ തുടർച്ചയായ നാലാം ജയം

പാകിസ്ഥാന്റെ രണ്ട് വിക്കറ്റ് നേടിയ ശിവം ദുബെയെ (നടുവിൽ) ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അഭിനന്ദിക്കുന്നു

Sports Desk
Published on Sep 23, 2025, 12:00 AM | 2 min read
ദുബായ്
ഏഷ്യൻ ക്രിക്കറ്റിൽ എതിരാളികളില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ജയം. സമീപകാലത്തെ ഏറ്റവും മോശം ബൗളിങ്, ഫീൽഡിങ് പ്രകടനമുണ്ടായിട്ടും ഇന്ത്യയെ കീഴടക്കാനുള്ള കരുത്ത് പാകിസ്ഥാനുണ്ടായില്ല. പ്രകടനങ്ങളിൽ ഇരുടീമുകളും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന് തെളിയിക്കുന്നതായിരുന്നു ഏഷ്യാ കപ്പിലെ രണ്ടാം മുഖാമുഖവും.
ഗ്രൂപ്പ് ഘട്ടത്തിൽ തകർന്നടിഞ്ഞ പാകിസ്ഥാൻ സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരെ മികച്ച തുടക്കമാണ് കുറിച്ചത്. ആദ്യ കളിയിൽ ഒന്പതിന് 127 റണ്ണിൽ ഒതുങ്ങിയ പാക് ടീം ഇക്കുറി തുടക്കം മുതൽ സധൈര്യം കളിച്ചു.
അപൂർവമായി മാത്രം പേസർ ജസ്‌പ്രീത് ബുമ്ര മങ്ങിയ രാത്രിയിൽ പാക് ഓപ്പണർമാർ ആക്രമിച്ച് കളിക്കുകയായിരുന്നു. ബുമ്രയ്‌ക്കെതിരെ ഓപ്പണർ സാഹിബ്‌സാദാ ഫർഹാൻ ആധിപത്യം നേടി.
ഇന്ത്യൻ ടീം അൽപ്പമൊന്ന് പകച്ചു. നാല് ക്യാച്ചുകളാണ് പാഴാക്കിയത്. രണ്ട് അവസരങ്ങൾ അഭിഷേക് ശർമയുടെ കൈയിൽനിന്ന് വഴുതി. കുൽദീപ് യാദവും ശുഭ്‌മാൻ ഗില്ലും ഓരോന്ന് കൈവിട്ടു. ബുമ്ര വിക്കറ്റില്ലാതെ അവസാനിപ്പിച്ചു. വിട്ടുകൊടുത്തത് നാലോവറിൽ 45 റൺ. അവസാന 12 കളിയിൽ ആദ്യമായി സ്‌പിന്നർ വരുൺ ചക്രവർത്തിക്ക് വിക്കറ്റ് കിട്ടിയില്ല. പത്തോവറിൽ രണ്ടിന് 92 റണ്ണെന്ന നിലയിലായിരുന്നു പാകിസ്ഥാൻ.
ആ ഘട്ടത്തിലാണ് ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് ഓൾ റൗണ്ടർ ശിവം ദുബെയ്‌ക്ക് പന്ത് നൽകുന്നത്. ഇന്ത്യയുടെ തിരിച്ചുവരവ് അവിടെനിന്നായിരുന്നു. 11 പന്തിനിടെ രണ്ട് വിക്കറ്റ് നേടി ദുബെ പാകിസ്ഥാന്റെ താളം തെറ്റിച്ചു. ആദ്യ ഓവറുകളിൽ അടിച്ചുകളിച്ച സാഹിബ്‌സാദാ ഫർഹാനെയും സയിം അയൂബിനെയും മടക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു. ബുമ്രയും ഹാർദിക് പാണ്ഡ്യയും ഉൾപ്പെടെ മങ്ങിയിട്ടും ടീമിലെ പ്രധാന സ്‌പിന്നറായ അക്‌സർ പട്ടേൽ ഒരോവർ എറിഞ്ഞ് പിന്മാറിയിട്ടും ഇന്ത്യൻ ടീമിന് മറ്റ് ആശയങ്ങളുണ്ടായി. ദുബെയെ പന്തുകൾ പാക് ബാറ്റർമാരെ കാര്യമായി ബുദ്ധിമുട്ടിച്ചു. ദുബെയുടെ സ്‌പെല്ലാണ് കളിഗതി മാറ്റിയതെന്നായിരുന്നു ക്യാപ്‌റ്റൻ സൂര്യകുമാറിന്റെ പ്രതികരണം. ട്വന്റി20യിൽ മൂന്നാം തവണ മാത്രമാണ് മുപ്പത്തിരണ്ടുകാരൻ നാല് ഓവർ എറിഞ്ഞത്. പാക് ക്യാപ്‌റ്റൻ സൽമാൻ ആഗ ഉൾപ്പെടെയുള്ള ബാറ്റർമാർക്ക് ട്വന്റി20 രീതിയിൽ ബാറ്റ് ചെയ്യാനായില്ല.
അനായാസം റണ്ണടിക്കാൻ കഴിയുന്ന പിച്ചിൽ പാക് ബാറ്റർമാർക്ക് കഴിയാത്തതെന്തോ അത് കാണിച്ചുകൊടുക്കുകയായിരുന്നു ഇന്ത്യൻ ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്‌മാൻ ഗില്ലും. ഷഹീൻ അഫ്രീദിയെ ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തിയ അഭിഷേക് നിലവിലെ ട്വന്റി20 ക്രിക്കറ്റിൽ ഒന്നാം നമ്പർ ബാറ്ററുടെ കരുത്ത് കാണിച്ചു. പേസിനെയും സ്‌പിന്നിനെയും ഇരുവരും വെറുതെ വിട്ടില്ല. 105 റൺ കൂട്ടിച്ചേർത്ത് സഖ്യം പിരിയുന്പോഴേക്കും ഇന്ത്യ ജയം ഉറപ്പാക്കിയിരുന്നു. ശേഷിച്ച ഓവറുകളിൽ പാകിസ്ഥാന് സാധ്യത പോലുമുണ്ടായില്ല.
ഇന്ത്യക്ക് ഇനി സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെയും ശ്രീലങ്കയെയുമാണ് നേരിടേണ്ടത്. ഒരു കളി ജയിച്ചാൽ ഫൈനൽ ഉറപ്പിക്കാം. നാളെ ബംഗ്ലാദേശുമായാണ് അടുത്ത കളി.









0 comments