ഏഷ്യൻ വെടിക്കെട്ട്; ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

അബുദാബി : ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന് ഇന്ന് കൊടിയേറ്റം. ഉദ്‌ഘാടനമത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ ഹോങ്കോങ്ങിനെ നേരിടും. രാത്രി എട്ടിന് അബുദാബിയിലെ ഷെയ്‌ഖ് സയീദ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് കളി. എട്ട് ടീമുകളാണ് ആകെ.
എ ഗ്രൂപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ, പാകിസ്ഥാൻ, ഒമാൻ, യുഎഇയും ബി ഗ്രൂപ്പിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, ഹോങ്കോങ് ടീമുകളും. ഒമാന് ആദ്യ വൻകരാ ടൂർണമെന്റാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ ഫോറിലെത്തും. അവിടെ എല്ലാ ടീമുകളും ഏറ്റുമുട്ടും. കൂടുതൽ പോയിന്റുള്ള രണ്ട് ടീമുകൾ ഫൈനലിലെത്തും. 28ന് ദുബായിലാണ് കിരീടപ്പോരാട്ടം.
ആറ് മാസത്തിനുശേഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ടീമുകൾ ഏഷ്യാ കപ്പിന് ഒരുങ്ങുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ലോകകപ്പ്.
ഇന്ത്യക്ക് നാളെ ആതിഥേയരായ യുഎഇയാണ് എതിരാളി.
സൂര്യകുമാർ യാദവ് നയിക്കുന്ന സംഘത്തിൽ മിന്നുംതാരങ്ങൾ ഏറെ. ശുഭ്‌മാൻ ഗില്ലാണ് വൈസ് ക്യാപ്‌റ്റൻ. അഭിഷേക് ശർമ, തിലക് വർമ, മലയാളിതാരം സഞ്‌ജു സാംസൺ എന്നിവരാണ് പ്രധാന ബാറ്റർമാർ. സഞ്‌ജുവിനെക്കൂടാതെ ജിതേഷ് ശർമയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ആർക്കാണ് സ്ഥാനം ലഭിക്കുകയെന്ന് വ്യക്തമല്ല.
ഹാർദിക് പാണ്ഡ്യയാണ് നട്ടെല്ല്. ഹാർദികിനൊപ്പം ഓൾ റൗണ്ടറായി ശിവം ദുബെയും അക്‌സർ പട്ടേലുമുണ്ട്. വരുൺ ചക്രവർത്തിക്കും കുൽദീപ് യാദവിനുമാണ് സ്‌പിൻ ചുമതല. സൂപ്പർ താരം ജസ്‌പ്രീത് ബുമ്ര നയിക്കുന്ന പേസ് നിരയിൽ അർഷ്‌ദീപ് സിങ്ങും ഹർഷിത് റാണയുമുണ്ട്.
ഏഷ്യയിലെ പുത്തൻ ശക്‌തികളാകാനൊരുങ്ങുന്ന അഫ്‌ഗാൻ റാഷിദ് ഖാന്റെ നേതൃത്വത്തിൽ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. യാസിം മുർത്താസയാണ് ഹോങ്കോങ് ക്യാപ്‌റ്റൻ.
ഗ്രൂപ്പ് എ– ഇന്ത്യ, പാകിസ്ഥാൻ, ഒമാൻ, യുഎഇ.
ഗ്രൂപ്പ് ബി–ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, ഹോങ്കോങ്.









0 comments