ഇന്ത്യൻ ടീം പ്രഖ്യാപനം 19ന് ,വൈസ് ക്യാപ്‌റ്റനാകാൻ ഗിൽ
ഏഷ്യാ കപ്പ് ക്രിക്കറ്റ് ; ബുമ്ര കളിച്ചേക്കും, സഞ്‌ജു തുടരും


Sports Desk
Published on Aug 13, 2025, 12:00 AM | 2 min read
ന്യൂഡൽഹി
പേസർ ജസ്‌പ്രീത് ബുമ്ര ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ കളിക്കാൻ സാധ്യത. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്‌ജു സാംസൺ തുടരും. അടുത്തയാഴ്‌ച ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചേക്കും. കളിക്കാരുടെ ശാരീരികക്ഷമതയെക്കുറിച്ച് സ്‌പോർട്‌സ് സയൻസ് ടീം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ടീം തെരഞ്ഞെടുപ്പ്. അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ സമിതി പത്തൊമ്പതിനോ ഇരുപതിനോ പ്രഖ്യാപനം നടത്തും.
സെപ്‌തംബർ ഒമ്പതിനാണ് ഏഷ്യാ കപ്പിന് തുടക്കം. യുഎഇയാണ് വേദി.
ജോലിഭാരം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബുമ്രയ്‌ക്ക് ഇംഗ്ലണ്ടുമായുള്ള ടെസ്‌റ്റ് പരമ്പരയിലെ രണ്ട് കളിയിൽ വിശ്രമം അനുവദിച്ചിരുന്നു. ഏഷ്യാ കപ്പിൽ കളിക്കില്ലെന്നായിരുന്നു ആദ്യ സൂചന. എന്നാൽ ഏഷ്യാ കപ്പ് കഴിഞ്ഞുള്ള വെസ്‌റ്റിൻഡീസിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ കളിയിൽ വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സഞ്‌ജുവിനെ നിലനിർത്തും. കഴിഞ്ഞ വർഷം ഇന്ത്യക്കായി മൂന്ന് സെഞ്ചുറികൾ നേടിയതോടെയാണ് മുപ്പതുകാരൻ സ്ഥാനമുറപ്പിച്ചത്. പിന്നാലെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിൽ നിരാശപ്പെടുത്തിയിരുന്നു. അഞ്ച് കളിയിൽ 51 റൺ മാത്രമാണ് നേടാനായത്. രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി ധ്രുവ് ജുറേലും ജിതേഷ് ശർമയും തമ്മിലാണ് മത്സരം.
ക്യാപ്‌റ്റനായി സൂര്യകുമാർ യാദവ് തുടരും. വൈസ് ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് ഇന്ത്യൻ ടെസ്‌റ്റ് ടീം നായകൻ ശുഭ്‌മാൻ ഗില്ലിന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. അക്‌സർ പട്ടേലും രംഗത്തുണ്ട്. ഗിൽ ട്വന്റി20 ടീമിന്റെ ഭാഗമായിരുന്നില്ല.
അഭിഷേക് ശർമ, സഞ്‌ജു, സൂര്യകുമാർ, തിലക് വർമ, ഹാർദിക് പാണ്ഡ്യ എന്നിവരായിരിക്കും ബാറ്റിങ് നിരയിൽ. യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, കെ എൽ രാഹുൽ എന്നിവരെ പരിഗണിച്ചേക്കില്ല. രണ്ടാം ഓൾ റൗണ്ടറായി ശിവം ദുബെ എത്തിയേക്കും. സ്‌പിൻ ഓൾ റൗണ്ടർമാരായി അക്‌സറും വാഷിങ്‌ടൺ സുന്ദറും കളിച്ചേക്കും. ബുമ്രയ്‌ക്കൊപ്പം അർഷ്‌ദീപ് സിങ് രണ്ടാം പേസറാകും. മൂന്നാം പേസറായി പ്രസിദ്ധ് കൃഷ്‌ണയോ ഹർഷിത് റാണയോ കളിച്ചേക്കും.
സാധ്യതാ ടീം: സൂര്യകുമാർ യാദവ് (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, അഭിഷേക് ശർമ, സഞ്‌ജു സാംസൺ, തിലക് വർമ, ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, അർഷ്‌ദീപ് സിങ്, ഹർഷിത് റാണ/പ്രസിദ്ധ് കൃഷ്‌ണ, ഹാർദിക് പാണ്ഡ്യ, ജിതേഷ് ശർമ/ധ്രുവ് ജുറേൽ.









0 comments