കളത്തിൽ പിഴശിക്ഷ ; സൂര്യകുമാറിനും 
റ‍ൗഫിനുമെതിരെ 
ഐസിസി നടപടി

Asia Cup Cricket
വെബ് ഡെസ്ക്

Published on Sep 27, 2025, 04:33 AM | 1 min read


ദുബായ്‌

ഏഷ്യാ കപ്പിനിടെയുണ്ടായ വിവാദ സംഭവങ്ങളിൽ ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിനും പാകിസ്ഥാൻ പേസർ ഹാരിസ്‌ റ‍ൗഫിനും പിഴയിട്ട്‌ രാജ്യാന്തര ക്രിക്കറ്റ്‌ ക‍ൗൺസിൽ (ഐസിസി). ഇരുവരും മത്സരത്തുകയുടെ 30 ശതമാനം പിഴയൊടുക്കണം. പാക്‌ ഓപ്പണർ സാഹിബ്‌സാദാ ഫർഹാന്‌ താക്കീത്‌ കിട്ടി. അച്ചടക്ക ലംഘനത്തിനാണ്‌ മൂവർക്കും ശിക്ഷ വിധിച്ചത്‌.


തെറ്റ്‌ ചെയ്‌തിട്ടില്ലെന്ന സൂര്യകുമാറിന്റെ വാദം ഐസിസി മാച്ച്‌ റഫറി റിച്ചി റിച്ചാർഡ്‌സൺ പരിഗണിച്ചില്ല. അതേസമയം, പിഴ ശിക്ഷയ്‌ക്കെതിരെ ഇന്ത്യ അപ്പീൽ നൽകിയിട്ടുണ്ട്‌. 14ന്‌ നടന്ന ഇന്ത്യ–പാക്‌ മത്സരത്തിലായിരുന്നു വിവാദങ്ങളുടെ തുടക്കം. ടോസ്‌ സമയത്ത്‌ ക്യാപ്‌റ്റൻ സൂര്യകുമാറും പാക്‌ ക്യാപ്‌റ്റൻ സൽമാൻ ആഗയും പരസ്‌പരം കൈകൊടുത്തില്ല. മത്സരശേഷമുള്ള സൂര്യകുമാറിന്റെ പ്രതികരണം ഐസിസി ചട്ടങ്ങൾക്ക്‌ വിരുദ്ധമാണെന്ന്‌ റിച്ചി റിച്ചാർഡ്‌സൺ വ്യക്തമാക്കി. ‘ ജയം രാജ്യത്തിന്റെ പട്ടാളക്കാർക്ക്‌ സമർപ്പിക്കുന്നു’ എന്നായിരുന്നു ഇന്ത്യൻ ക്യാപ്‌റ്റന്റെ പ്രതികരണം. കളത്തിൽ രാഷ്‌ട്രീയമായുള്ള പ്രസ്‌താവനകളോ പ്രതികരണങ്ങളോ പാടില്ലെന്നാണ്‌ ഐസിസി നിയമം.


സൂപ്പർ ഫോർ മത്സരത്തിനിടെയായിരുന്നു റ‍ൗഫിന്റെയും ഹർഹാന്റെയും പ്രകോപനപരവും അധിക്ഷേപകരവുമായ പ്രകടനം. അർധസെഞ്ചുറി പൂർത്തിയാക്കിയ ഉടൻ ഫർഹാൻ ബാറ്റെടുത്ത്‌ വെടിയുതിർക്കുന്നപോലെ കാണിച്ചു. റ‍ൗഫ്‌ കാണികൾക്കുനേരെ തിരിഞ്ഞ്‌, വിമാനം തകർന്നുവീഴുന്നതുപോലെ ആംഗ്യംകാട്ടുകയായിരുന്നു. സൂപ്പർ ഫോർ മത്സരത്തിനിടെ പാക്‌ കളിക്കാർ അകാരണമായി പ്രകോപനം സൃഷ്‌ടിച്ചതായി ഇന്ത്യൻ ഓപ്പണർ അഭിഷേക്‌ ശർമ ആരോപിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ആദ്യമായാണ്‌ ഇരു ടീമുകളും ക്രിക്കറ്റ്‌ കളത്തിലെത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home