പാകിസ്ഥാൻ തകർന്നു: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

ദുബായ്
: ഇന്ത്യൻ റണ്ണടിയിൽ ഒരിക്കൽക്കൂടി പാകിസ്ഥാൻ തകർന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ ജയം. പാകിസ്ഥാൻ ഉയർത്തിയ 172 റൺ ലക്ഷ്യം 18.5 ഓവറിൽ മറികടന്നു. 39 പന്തിൽ 74 റണ്ണെടുത്ത അഭിഷേക് ശർമയാണ് വിജയശിൽപ്പി. ശുഭ്‌മാൻ ഗിൽ 28 പന്തിൽ 47 റണ്ണെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 171 റൺ നേടിയത്.
സ്‌കോർ: പാകിസ്ഥാൻ 171/5; ഇന്ത്യ 174/4 (18.5).
ഗ്രൂപ്പ് ഘട്ടത്തിൽ ആധികാരിക ജയം നേടിയ ഇന്ത്യ സൂപ്പർ ഫോറിലും മികവ് ആവർത്തിച്ചു.
ബൗളർമാർ മങ്ങിയെങ്കിലും ബാറ്റിങ് നിര ജ്വലിച്ചു. ഷഹീൻ അഫ്രീദിയെറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തിൽതന്നെ സിക്‌സർ പറത്തി അഭിഷേക് സൂചന നൽകി. അതൊരു തുടക്കം മാത്രമായിരുന്നു. ബൗണ്ടറികൾ പറക്കുകയായിരുന്നു പിന്നീട്. ഒന്നാം വിക്കറ്റിൽ 9.5 ഓവറിൽ 105 റൺ പിറന്നു. എട്ട് ഫോർ തൊടുത്ത ഗിൽ പേശീവലിവ് കാരണം ബുദ്ധിമുട്ടി. പിന്നാലെ ഫഹീം അഷ്‌റഫിന്റെ പന്തിൽ ബൗൾഡാകുകയും ചെയ്‌തു. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് റണ്ണെടുക്കുംമുന്പ് ഹാരിസ് റൗഫിന്റെ പന്തിൽ പുറത്തായി. അബ്രാർ അഹമ്മദിനെ സിക്‌സർ പായിക്കാനുള്ള ശ്രമത്തിൽ അഭിഷേകും മടങ്ങി. അഞ്ച് കൂറ്റൻ സിക്‌സറും ആറ് ഫോറും ഉൾപ്പെട്ട ആ മനോഹര ഇന്നിങ്‌സ് അവസാനിക്കുന്പോasia cup cricket ഴേക്കും ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. തുടർന്നെത്തിയ സഞ്‌ജു സാംസൺ (17 പന്തിൽ 13) നിരാശപ്പെടുത്തിയപ്പോൾ തിലക് വർമയും (19 പന്തിൽ 30) ഹാർദിക് പാണ്ഡ്യയും (7 പന്തിൽ 7) ചേർന്ന് ജയം പൂർത്തിയാക്കി.
ഇന്ത്യൻ ഫീൽഡർമാർ പാഴാക്കിയ ക്യാച്ചുകൾ മുതലെടുത്താണ് പാകിസ്ഥാൻ ഭേദപ്പെട്ട സ്‌കോർ നേടിയത്.
സാഹിബ്‌സാദാ ഫർഹാനാണ് (45 പന്തിൽ 58) ആണ് ടോപ് സ്‌കോറർ.
തുടക്കത്തിൽതന്നെ ജീവൻ കിട്ടിയ ഫർഹാൻ കിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ചു. വിശ്രമം കഴിഞ്ഞെത്തിയ പേസർ ജസ്‌പ്രീത് ബുമ്ര മങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. നാലോവറിൽ 45 റണ്ണാണ് വിട്ടുകൊടുത്തത്. വിക്കറ്റും കിട്ടിയില്ല.
ഒന്നാന്തരം തുടക്കമാണ് പാകിസ്ഥാന് ഫഖർ സമാനും ഫർഹാനും നൽകിയത്. ഒന്പത് പന്തിൽ 15 റണ്ണെടുത്ത സമാനെ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്‌ജു സാംസൺ മനോഹരമായി പിടിച്ചുപുറത്താക്കുകയായിരുന്നു.
മൂന്നാമനായെത്തിയ സയിം അയൂബിനും ആദ്യ ഘട്ടത്തിൽ ജീവൻ കിട്ടി. 17 പന്തിൽ ഒരു സിക്‌സറും ഫോറും ഉൾപ്പെടെ 21 റണ്ണടിച്ച അയൂബിനെ ശിവം ദുബെയുടെ പന്തിൽ അഭിഷേക് ശർമ കൈയിലൊതുക്കി. മൂന്ന് സിക്‌സറും അഞ്ച് ഫോറും പറത്തിയ -ഫർഹാനെയും ദുബെയാണ് മടക്കിയത്. രണ്ട് വിക്കറ്റുമായി ദുബെ തിളങ്ങി.
പത്തോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 91 റണ്ണെന്ന ശക്തമായ നിലയിൽനിന്ന് പാകിസ്ഥാൻ പതറി. ദുബെയും സ്‌പിന്നർ വരുൺ ചക്രവർത്തിയും റണ്ണൊഴുക്ക് തടഞ്ഞു.
ഫഹീം അഷ്‌റഫ് (8 പന്തിൽ 20) സ്‌കോർ 170 കടത്തി.
സൂപ്പർ ഫോറിൽ ഇന്ന് കളിയില്ല. നാളെ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും. ഇന്ത്യക്ക് 24ന് ബംഗ്ലാദേശാണ് എതിരാളി.









0 comments