അക്സറിനും ബുമ്രയ്ക്കും രണ്ട് വിക്കറ്റ്
അജയ്യം ഇന്ത്യ ; ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്തു

ദുബായ്
പന്തിലും ബാറ്റിലും ഒരുപോലെ ആധിപത്യം കാട്ടിയ ഇന്ത്യക്ക് മുന്നിൽ പാകിസ്ഥാന് പിടിച്ചുനിൽക്കാനായില്ല. ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാംജയത്തോടെ ഇന്ത്യ സൂപ്പർ ഫോർ ഉറപ്പാക്കി. പാകിസ്ഥാനെ ഏഴ് വിക്കറ്റിനാണ് തകർത്തുവിട്ടത്. കുൽദീപ് യാദവ് നയിക്കുന്ന സ്‌പിൻ നിര പാക് ബാറ്റർമാരെ ഒമ്പതിന് 127ൽ ഒതുക്കുകയായിരുന്നു. ലക്ഷ്യം നേടാൻ സൂര്യകുമാർ യാദവിനും സംഘത്തിനും വേണ്ടിവന്നത് 15.5 ഓവർ. നഷ്ടമായത് മൂന്ന് വിക്കറ്റും.
സ്‌കോർ: പാകിസ്ഥാൻ 127/9; ഇന്ത്യ 131/3 (15.5)
ചെറിയ സ്‌കോറിലേക്ക് വെടിക്കെട്ട് തുടക്കമായിരുന്നു ഇന്ത്യക്ക്. ഷഹീൻ അഫ്രീദിയെറിഞ്ഞ ആദ്യ ഓവറിന്റെ രണ്ട് പന്തും ബൗണ്ടറി പറത്തിയാണ് അഭിഷേക് ശർമ തുടങ്ങിയത്. 13 പന്തിൽ 31 റണ്ണായിരുന്നു ഇടംകൈയന്റെ സമ്പാദ്യം. ശുഭ്‌മാൻ ഗിൽ (7 പന്തിൽ 10), തിലക് വർമ (31 പന്തിൽ 31) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ക്യാപ്‌റ്റൻ സൂര്യകുമാർ 37 പന്തിൽ 47 റണ്ണുമായി പുറത്താകാതെനിന്നു. സിക്‌സർ പറത്തിയാണ് ജയമൊരുക്കിയത്. ശിവം ദുബെയായിരുന്നു (7 പന്തിൽ 10) കൂട്ട്.
ടോസ് നേടിയ പാക് ക്യാപ്‌റ്റൻ സൽമാൻ ആഗ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഞെട്ടിക്കുന്ന തുടക്കമായിരുന്നു പാകിസ്ഥാന്. സയിം അയുബ് റണ്ണെടുക്കുംമുന്പ് മടങ്ങി. രണ്ടാം ഓവറിൽ മുഹമ്മദ് ഹാരിസിനെ (3) ജസ്‌പ്രീത് ബുമ്രയും മടക്കി.
ഒരുവശത്ത് സാഹിബ്‌സദാ ഫർഹാൻ (44 പന്തിൽ 40) പിടിച്ചുനിന്നു. മൂന്ന് സിക്‌സറും ഒരു ഫോറും പറത്തിയ ഫർഹാന് പക്ഷേ, വേഗത്തിൽ റണ്ണടിക്കാനായില്ല. ഫഖർ സമാൻ (15 പന്തിൽ 17) മികച്ച തുടക്കത്തിനുശേഷം അക്‌സർ പട്ടേലിന്റെ പന്തിൽ പുറത്തായി. ക്യാപ്‌റ്റൻ സൽമാൻ (3), ഹസൻ നവാസ് (5), മുഹമ്മദ് നവാസ് (0), ഫഹീം അഷ്‌റഫ് (14 പന്തിൽ 11) എന്നിവർ കാര്യമായ സംഭാവനങ്ങളില്ലാതെ മടങ്ങി. ഒരോവറിൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി കുൽദീപാണ് പാക് ബാറ്റിങ് നിരയെ തകർത്തുകളഞ്ഞത്.
നാലോവറിൽ 18 റൺ മാത്രം വഴങ്ങിയാണ് കുൽദീപ് മൂന്ന് വിക്കറ്റ് നേടിയത്. അക്‌സറും ബുമ്രയും രണ്ട് വീതംവിക്കറ്റ് വീഴ്‌ത്തി. ഹാർദിക്കും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് സ്വന്തമാക്കി. അവസാന ഓവറുകളിൽ പേസർ ഷഹീൻ അഫ്രീദിയാണ് (16 പന്തിൽ 33) സ്‌കോർ 100 കടത്തിയത്. നാല് സിക്‌സറുകൾ പറത്തിയ അഫ്രീദി പുറത്തായില്ല. 19ന് ഒമാനുമായാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ അവസാന കളി.









0 comments