ഇ സാല കപ്പ്‌ നം​ദു; ബം​ഗളൂരുവിന് കന്നി കിരീടം

kohli
വെബ് ഡെസ്ക്

Published on Jun 03, 2025, 09:32 PM | 3 min read

അഹമ്മദാബാദ്: പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം വിരാട് കോഹ്‍ലിക്കും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ഐപിഎൽ കിരീടം. പഞ്ചാബ് കിങ്‌സിനെ ആറു റൺസിന് വീഴ്ത്തിയാണ് ബംഗളൂരു കന്നി കിരീടം ചൂടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബംഗളൂരു 190 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 184 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ: ബം​ഗളൂരു 190/9. പഞ്ചാബ് 184/7.


മൂന്ന് തവണ ഫൈനലിൽ കൈവിട്ട കിരീടമാണ് ബം​ഗളൂരുവും കോഹ്‍ലിയും ഇത്തവണ നേടിയത്. 2009, 2011, 2016 വർഷങ്ങളിലെ ഫൈനലിലാണ് ബംഗളൂരു മുമ്പ് തോറ്റത്. 2008 മുതൽ ബംഗളൂരു അല്ലാതെ മറ്റൊരു ടീമിലേക്കും കോഹ്‍ലി പോയില്ല. ഇന്ത്യൻ കുപ്പായത്തിൽ ട്വന്റി20 ക്ക് പിന്നാലെ ടെസ്റ്റിൽ നിന്നും വിരമിച്ച മുപ്പത്താറുകാരൻ ഇത്തവണ കിരീടമുയർത്തി വിരമിക്കുമെന്നാണ് ആരാധകർ കരുതിയത്. നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രം കളിക്കാനാണ് തീരുമാനം.


പത്തുവർഷത്തെ ഇടവേളക്കുശേഷം പഞ്ചാബിനെ ഫൈനലിൽ എത്തിച്ച ശ്രേയസ് അയ്യർക്ക് ടീമിന് കിരീടം നേടിക്കൊടുക്കാനായില്ല. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചത് അയ്യരായിരുന്നു. എന്നിട്ടും കൊൽക്കത്ത ക്യാപ്റ്റനെ കൈവിട്ടു. അവസരം മുതലാക്കിയ പഞ്ചാബ് 26.75 കോടിക്കാണ് മുപ്പതുകാരനെ റാഞ്ചിയത്.


35 പന്തിൽ 43 റണ്ണെടുത്ത വിരാട് കോഹ്‌ലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറർ. ന്യൂസിലൻഡുകാരനായ പഞ്ചാബ് പേസർ കൈൽ ജാമിസണിനും അർഷ്ദീപ് സിങിനും മൂന്ന് വിക്കറ്റുണ്ട്. അർഷ്ദീപിന്റെ മൂന്നും അവസാന ഓവറിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് മികച്ച തുടക്കം സാധ്യമായില്ല. പഞ്ചാബ് ബൗളർമാർ വരിഞ്ഞുമുറുക്കിയപ്പോൾ ബാറ്റർമാർ പതുങ്ങി.


ഓപ്പണർ ഫിൽ സാൾട്ട് (16) രണ്ടാം ഓവറിൽ മടങ്ങിയതോടെ പ്രതിരോധത്തിലായി. മായങ്ക് അഗർവാളും (24) ക്യാപ്റ്റൻ രജത് പാട്ടീദാറും (26) കോഹ്‌ലിക്കൊപ്പം സ്കോർ ഉയർത്തി. വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും (24) ലിയാം ലിവിങ്സ്റ്റണും (25) ചേർന്നാണ് പൊരുതാനുള്ള സ്കോർ നേടിയത്. റൊമാരിയോ ഷെപ്പേർഡിനും (17) ക്രുണാൽ പാണ്ഡ്യക്കും (4) 200 കടത്താനായില്ല.


മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് തുടക്കത്തില്‍ കരുതലോടെയാണ് ബാറ്റേന്തിയത്. പവർപ്ലേയിൽ 52 റൺസാണ് പഞ്ചാബ് നേടിയത്. അഞ്ചാം ഓവറിൽ പ്രിയാൻഷിനെ ടീമിന് നഷ്ടമായി. ഒമ്പതാം ഓവറിൽ പ്രഭ്സിമ്രാൻ സിങ്ങും വീണു. ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യർ (2 പന്തിൽ 1) നിർണായക കളിയിൽ അലസമായ ഷോട്ടിൽ പുറത്തായത്‌ പഞ്ചാബിനെ തളർത്തി.


അവസാന ഓവറുകളിൽ ശശാങ്ക്‌ സിങ്‌ (28 പന്തിൽ 49) നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്‌ പഞ്ചാബിനെ കിരീടത്തിലേക്കെത്തിക്കാനായില്ല. അവസാന ഓവറിൽ മൂന്ന്‌ വിക്കറ്റ്‌ ശേഷിക്കെ 29 റൺ വേണ്ടിയിരിക്കെ ജോഷ്‌ ഹാസെൽവുഡിനെ മൂന്ന്‌ സിക്‌സറും ഒരു ഫോറും പായിച്ചു. എന്നാൽ അതൊന്നും ബംഗളൂരുവിന്റെ വിജയാഘോഷത്തിന്റെ ആവേശത്തിനെ തെല്ലും ബാധിച്ചില്ല.


ക്രുണാൾ പാണ്ഡ്യയുടെ ബൗളിങ്‌ ആണ്‌ നിർണായകമായത്‌. നാലോവറിൽ 17 റൺ മാത്രം വിട്ടുകൊടുത്ത ബംഗളൂരു സ്‌പിന്നർ രണ്ട്‌ വിക്കറ്റാണ്‌ നേടിയത്‌. ജോഷ്‌ ഇൻഗ്ലിസ്‌ (23 പന്തിൽ 39) മാത്രമാണ്‌ ശശാങ്കിനെ കൂടാതെ പഞ്ചാബ്‌ നിരയിൽ പൊരുതിയത്‌.


പഞ്ചാബ് സ്കോർ ബോർഡ്: പ്രിയാൻഷ്‌ സി സാൾട്ട്‌ ബി ഹാസെൽവുഡ്‌ 24, പ്രഭ്‌സിമ്രാൻ സി ഭുവനേശ്വർ ബി ക്രുണാൾ 26, ഇൻഗ്ലിസ്‌ സി ലിവിങ്‌സ്റ്റൺ ബി ക്രുണാൾ 39, ശ്രേയസ്‌ സി ജിതേഷ്‌ ബി ഷെപേർഡ്‌ 1, നെഹാൽ സി ക്രുണാൾ ബി ഭുവനേശ്വർ 15, ശശാങ്ക്‌ 61*, സ്‌റ്റോയിനിസ്‌ സി ദയാൽ ബി ഭുവനേശ്വർ 6, അസ്‌മത്തുള്ള സി മനോജ്‌ (പകരക്കാരൻ) ബി ദയാൽ 1, ജാമിസൻ 0*. എക്‌സ്‌ട്രാസ്‌ 11, ആകെ 184/7 (20).


വിക്കറ്റ്‌ വീഴ്‌ച: 1–43, 2–72, 3–79, 4–98, 5–136, 6–142, 7–145.


ബൗളിങ്‌: ഭുവനേശ്വർ 4–0–38–2, ദയാൽ 3-0–18–1, ഹാസെൽവുഡ്‌ 4-0–54–-1, ക്രുണാൾ 4–0–17-2, സുയാഷ്‌ 2-0–19-0, ഷെപേർഡ്‌ 3-0–30–1.


ബംഗളൂരു സ്കോർ ബോർഡ്: സാൾട്ട്‌ സി ശ്രേയസ്‌ ബി ജാമിസൺ 16, കോഹ്‌ലി സി ആൻഡ്‌ ബി ഒമർസായ്‌ 43, മായങ്ക്‌ സി അർഷ്‌ദീപ്‌ ബി ചഹാൽ 24, പാട്ടീദാർ എൽബിഡബ്ല്യു ബി ജാമിസൺ 26, ലിവിങ്‌സ്‌റ്റൺ എൽബിഡബ്ല്യു ബി ജാമിസൺ 25, ജിതേഷ്‌ ബി വൈശാഖ്‌ 24, ഷെപേർഡ്‌ എൽബിഡബ്ല്യു ബി അർഷ്‌ദീപ്‌ 17, ക്രുണാൾ സി ശ്രേയസ്‌ ബി അർഷ്‌ദീപ്‌ 4, ഭുവനേശ്വർ സി പ്രിയാൻഷ്‌ ബി അർഷ്‌ദീപ്‌ 1, യാഷ്‌ ദയാൽ 1*. എക്‌സ്‌ട്രാസ്‌ 9. ആകെ 190/9 (20).


വിക്കറ്റ്‌ വീഴ്‌ച: 1–-18, 2–-56, 3–-96, 4–-131, 5–-167, 6–-171, 7–-188, 8–-189, 9–-190.


ബൗളിങ്‌: അർഷ്‌ദീപ്‌ 4–-0–-40–-3, ജാമിസൺ 4–-0–-48–-3, ഒമർസായ്‌ 4–-0–-35–-1, വൈശാഖ്‌ 4–-0–-30–-1, ചഹാൽ 4–-0–-37–-1.




deshabhimani section

Related News

View More
0 comments
Sort by

Home