കൊൽക്കത്ത ടെസ്‌റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; നാല് സ്പിന്നർമാരുമായി ഇന്ത്യ

കൊൽക്കത്ത: ഇന്ത്യയക്കെതിരായ ടെസ്റ്റ് പരമ്പയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്. ക്യാപ്റ്റൻ ടെംബ ബവുമ ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കുമൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. നാല് സ്പിന്നർമാരാണ് ഇന്ത്യൻ നിരയിലുള്ളത്.അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവര്‍ കളിക്കും
നാട്ടിൽ വെസ്റ്റിൻഡീസിനെതിരെ അവസാന പരമ്പരയിൽ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഋഷഭ് പന്തിന്റെ തിരിച്ചുവരവാണ് ഇത്തവണ സവിശേഷത. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കിടെ പരിക്കേറ്റ് പുറത്തായ പന്ത് ഇടവേളയ്‌ക്കുശേഷം വീണ്ടും ദേശീയ കുപ്പായമണിയുകയാണ്. വിക്കറ്റ് കീപ്പറുടെ വേഷത്തിലാകും ഇടംകൈയൻ എത്തുക. മികച്ച ഫോമിലുള്ള ധ്രുവ് ജുറേലും കളിക്കും.
ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ആദ്യ കളിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യ എ ടീമിനൊപ്പമാണ് താരം. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ നേതൃത്വം നൽകുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. ഒപ്പം മികച്ച ബൗളിങ് നിരയുമുണ്ട്. സ്‌പിന്നർമാർ ഗതി നിർണയിക്കും. ആദ്യ രണ്ട് ദിനം പേസർമാർക്കാകും ആധിപത്യം. പിന്നീട് സ്‌പിൻനിര വാഴും.
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിലെ നിലവിലെ ജേതാക്കളാണ് ദക്ഷിണാഫ്രിക്ക. എന്നാൽ പുതിയ പതിപ്പിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. രണ്ട് കളി പൂർത്തിയാക്കിയപ്പോൾ അഞ്ചാമതാണ്. ഏഴ് മത്സരം തികച്ച ഇന്ത്യ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയിൽ അവസാനം കളിച്ച ഏഴ് കളിയിലും തോറ്റ ദക്ഷിണാഫ്രിക്ക ടെംബ ബവുമയുടെ നേതൃത്വത്തിൽ ആത്മവിശ്വാസത്തോടെയാണ് എത്തുന്നത്. ഏയ്‌ദെൻ മാർക്രം, കേശവ് മഹാരാജ്, കഗീസോ റബാദ തുടങ്ങിയ പ്രമുഖർ ടീമിലുണ്ട്. രണ്ട് മത്സര പരമ്പരയിലെ അടുത്ത കളി 22ന് ഗുവഹാത്തിയിലാണ്.









0 comments