വി എസ്... ചുവപ്പും പച്ചയും


ഡോ. ടി എം തോമസ് ഐസക്
Published on Jul 27, 2025, 10:58 AM | 5 min read
കേരളത്തിന് വി എസ്, പാവപ്പെട്ടവർക്കും അധഃസ്ഥിതർക്കും വേണ്ടിയുള്ള പോരാളിയാണ്. എന്നാൽ പുറത്ത് പലരും വി എസിനെ സ്മരിക്കുന്നത് പാരിസ്ഥിതിക ഇടപെടലുകളുടെയും പേരിലാണ്. ഇവ രണ്ടും കൂട്ടിയിണക്കുന്ന രാഷ്ട്രീയപാതയുടെ ഇന്ത്യയിലെ ആദ്യപഥികരിൽ ഒരാളാണ് വി എസ് എന്ന് നിസ്സംശയം പറയാം. പാരിസ്ഥിതിക പ്രവർത്തനങ്ങളിലേക്ക് വി എസ് എത്തിച്ചേർന്നത് ദാർശനിക വ്യവഹാരങ്ങളുടെയോ ശാസ്ത്രപഠനങ്ങളുടെയോ അടിസ്ഥാനത്തിലാണെന്നു പറയാനാകില്ല. പാവപ്പെട്ടവർക്കുവേണ്ടിയുള്ള സമരങ്ങൾ അദ്ദേഹത്തെ അവിടെക്കൊണ്ടെത്തിച്ചു. എല്ലാവർക്കും അറിയാവുന്നതുപോലെ, തുടക്കം കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു. കുട്ടനാടിന്റെ സവിശേഷമായ പാരിസ്ഥിതിക ബന്ധങ്ങളെ മറന്നുകൊണ്ട് അവിടെ കൃഷിയേ സാധ്യമല്ല. നെല്ല് കേരളത്തിന്റെ അന്നം മാത്രമല്ല, ജലചക്രത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനും പ്രധാനമാണ്. നെൽക്കൃഷിയോട് വി എസിന് പ്രത്യേക വികാരവായ്പായിരുന്നു.
‘വെട്ടിനിരത്തൽ’ സമരം

1974-‐75-ൽ കേരളത്തിൽ 8.82 ലക്ഷം ഹെക്ടർ ഭൂമിയിൽ നെൽക്കൃഷി ഉണ്ടായിരുന്നു. എന്നാൽ 1996-‐97 ആയപ്പോഴേക്കും ഇത് ഏതാണ്ട് 4.5 ലക്ഷം ഹെക്ടറായി കുറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് വി എസിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ വയൽ നികത്തലിനെതിരെ സമരം പ്രഖ്യാപിച്ചത്. വി എസ് തന്നെയാണ് മങ്കൊമ്പിൽ സമരം ഉദ്ഘാടനം ചെയ്തതും. നികത്തിയ ഭൂമിയിൽ നട്ടിരുന്ന തെങ്ങും റബറും മറ്റും സമരക്കാർ പിഴുതുമാറ്റി. ഇതിനെയാണ് വെട്ടിനിരത്തൽ സമരം എന്ന പേരിൽ വലതുപക്ഷം വിമർശിച്ചത്.
വി എസ് തന്നെ വിളകൾ നശിപ്പിക്കുന്നതിനെ പിന്നീടൊരിക്കൽ തള്ളിപ്പറയുകയുണ്ടായി. എന്നാൽ 2008-ൽ വി എസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ കേരള കൺസർവേഷൻ ഓഫ് പാഡി ലാൻഡ് വെറ്റ്‌ലാൻഡ് ആക്ട് എന്ന നിയമം പാസാക്കി. ഇത്ര ശക്തമായ ഇടപെടൽ ഉണ്ടായിട്ടും നെൽക്കൃഷിയുടെ വിസ്തൃതി ഇന്ന് 1.95 ലക്ഷം ഹെക്ടർ മാത്രമാണ്. അപ്പോൾ ഈ പ്രതിരോധവുംകൂടി ഇല്ലായിരുന്നെങ്കിലോ. തണ്ണീർത്തട നികത്തലിനോടുള്ള പ്രതികാരം പ്രകൃതിതന്നെ 2018-ൽ നമ്മളോടു വീട്ടി.
എത്രമണി നെല്ല്

ജനകീയാസൂത്രണത്തിന്റെ ഉന്നതാധികാര സമിതി അംഗമെന്ന നിലയിൽ പഞ്ചായത്തുകൾ സന്ദർശിച്ചാൽ അവിടത്തെ പാടശേഖരവും കാണാൻ വി എസ് സമയം കണ്ടെത്തുമായിരുന്നു. ചോറ്റാനിക്കരയിലെ സംഘകൃഷി കാണാൻ ചെന്നപ്പോൾ ഉണ്ടായ അനുഭവം ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട്. വിളഞ്ഞു നിൽക്കുന്ന നെല്ലിന്റെ ഏതാനും കതിരുകൾ കൈയിൽ മാടിയെടുത്ത് വി എസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പേട്ടനോട് ചോദിച്ചു, ‘ഇതിൽ എത്ര നെൽമണികൾ ഉണ്ടാകും’ ആർക്കും ഉത്തരം ഉണ്ടായില്ല. വി എസ് തന്നെ മറുപടിയും പറഞ്ഞു. ഈ രംഗം ഞാൻ വേറെയും കണ്ടിട്ടുണ്ട്. കതിര് കൈയിലെടുത്താൽ എത്ര മണി നെല്ലുണ്ടാകുമെന്ന് വി എസിന് കൃത്യമായി പറയാനാകുമായിരുന്നു.
മതികെട്ടാൻ മലകയറ്റം

നെൽവയലുകളുടെ സംരക്ഷണത്തിൽ മാത്രമല്ല, മലയോരങ്ങളുടെ സംരക്ഷണത്തിലും വി എസ് ജാഗരൂകനായിരുന്നു. 2002-ൽ 78–--ാം വയസ്സിൽ മതികെട്ടാൻ ഷോലയിലെ കൈയേറ്റങ്ങൾക്കെതിരെ മലകയറിയത് പ്രസിദ്ധമാണ്. ഇത് കൊണ്ടുവന്ന ദേശീയശ്രദ്ധ 2003-ൽ ഈ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതിൽ എത്തിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. പൂയാംകുട്ടി, തട്ടേക്കാട്, വാഗമൺ, മൂന്നാർ എന്നിവിടങ്ങളിലെല്ലാം നിയമവിരുദ്ധമായ കൈയേറ്റങ്ങളെയും നിർമാണ പ്രവൃത്തികളെയും തുറന്ന് എതിർത്തു.
മൂന്നാർ ഓപ്പറേഷൻ

ഇതിൽ ഏറ്റവും പ്രധാനം 2007-ലെ മൂന്നാർ ഒഴിപ്പിക്കലാണ്. 11,000 ഏക്കർ കൈയേറ്റഭൂമി ഒഴിപ്പിച്ചതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരുമാസം നീണ്ടുനിന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ മുഴുവൻ ശ്രദ്ധനേടി. എന്നാൽ, ഇതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ ആ പ്രദേശത്തുള്ള മുഴുവൻ ആളുകളെയും ചെറുകിട കൃഷിക്കാരെവരെ കൈയേറ്റക്കാരാക്കിയപ്പോൾ ശക്തമായ പ്രാദേശിക എതിർപ്പ് ഉയർന്നു. യഥാർഥ കൃഷിക്കാരെയും പാവപ്പെട്ടവരെയും കൂടെനിർത്തി മാത്രമേ കൈയേറ്റക്കാരെ ഒറ്റപ്പെടുത്താനാകൂ. ഈ ഇടപെടൽ മൂന്നാർ മേഖലയുടെ കൂടുതൽ സന്തുലനമായ വികസനത്തിന് രൂപരേഖ തയ്യാറാക്കുന്നതിലേക്കെത്തി.
സ്വതന്ത്ര സോഫ്റ്റ്‌വെയർ

ഈ സന്ദർഭത്തിൽ പരാമർശിക്കേണ്ട മറ്റൊരു സംഭവം സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോത്സാഹനത്തിന് വി എസ് സ്വീകരിച്ച നിലപാടാണ്. തുടക്കം 1999-ൽ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ഐടി സഹകരണ സംഘം പ്രോജക്ട് സന്ദർശനമായിരുന്നു. ഐടി വ്യവസായത്തിന്റെ ഭാവി സാധ്യതകളെക്കുറിച്ചും അതിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജോസഫ് തോമസും സഹപ്രവർത്തകരും പറയുന്നത് വലിയ കൗതുകത്തോടെയാണ് വി എസ് കേട്ടിരുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തെക്കുറിച്ചുള്ള വി എസിന്റെ ആദ്യത്തെ അറിവായിരുന്നു.
പുതിയ ലോകത്ത് കുത്തകകളെ നേരിടാനുള്ള ഒരു മാർഗം സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണെന്ന കാര്യം വി എസിന്റെ മനസ്സിൽ തങ്ങിനിന്നു. ഇത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ രൂപീകരിച്ച ഐടി നയത്തിലും പ്രതിഫലിച്ചു. ഐസിഫോസ് (International Centre for Free and Open Source Solutions (ICFOSS)) എന്ന സ്ഥാപനത്തിലേക്കും നയിച്ചു. മുതലാളിത്ത ലോകത്ത് ഏതെങ്കിലും സർക്കാർ ഇത്തരത്തിൽ ഔദ്യോഗികമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഔദ്യോഗിക പിന്തുണ നൽകിയതായി എനിക്ക് അറിവില്ല. നമ്മുടെ കാലഘട്ടത്തിലെ രണ്ട് സുപ്രധാന പോരാട്ടങ്ങളെ തന്റെ ജീവിതത്തിലൂടെ ഒന്നിപ്പിക്കാൻ കഴിഞ്ഞെന്നുള്ളതാണ് വി എസിന്റെ പ്രാധാന്യം.
ചുവപ്പും പച്ചയും
ലോകമുതലാളിത്ത വ്യവസ്ഥ കാലഹരണപ്പെട്ടെന്ന് നമ്മൾ പറയുന്നതിനു കാരണം രണ്ടാണ്. ആദ്യത്തേത്, വർധിച്ചുവരുന്ന സാമൂഹ്യ, സാമ്പത്തിക അസമത്വമാണ്. ഉൽപ്പാദനശക്തികളുടെ അത്ഭുതാവഹമായ നേട്ടം മുഴുവൻ ഒരു ചെറുസംഘം കൈക്കലാക്കുന്നു. ഭൂരിപക്ഷം ദരിദ്രരായി തുടരുന്നു. അവരുടെ ക്രയശേഷി ഉയരാത്തത് സാമ്പത്തികവളർച്ചയ്ക്ക് തടസ്സമായി തീരുന്നു. അത്യാധുനിക ശാസ്ത്ര-സാങ്കേതിക കണ്ടുപിടിത്തങ്ങൾ എല്ലാമുണ്ടായിട്ടും ആഗോള സാമ്പത്തികവളർച്ചയുടെ വേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതേ ഉൽപ്പാദനശക്തികളെ ഉൾക്കൊള്ളുന്നതിന് ഉൽപ്പാദനബന്ധങ്ങൾക്ക് കഴിയുന്നില്ല. പാവപ്പെട്ട മഹാഭൂരിപക്ഷത്തെ സംഘടിപ്പിച്ച് സമരം ചെയ്ത് വ്യവസ്ഥയെ മാറ്റണം. ഈ പോരാട്ടത്തിന്റെ തേരാളിയായാണ് വി എസ് അറിയപ്പെടുന്നത്.
രണ്ടാമത്തേത്, വൈരുധ്യം പ്രകൃതിയും മനുഷ്യസമൂഹവും തമ്മിലാണ്. മാർക്സിന്റെ വാക്കുകളിൽ പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകുന്ന “മെറ്റബോളിക് റിഫ്റ്റ്” മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി തീർന്നിരിക്കുന്നു. ഇവിടെയാണ് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ പ്രാധാന്യം. പരിസ്ഥിതി സംരക്ഷണ സമരത്തെ പാവങ്ങളുടെ സമരത്തോട് സംയോജിപ്പിച്ച നേതാവാണ് വി എസ്. ചുവപ്പും പച്ചയും ഇവിടെ ഒത്തുചേരുന്നു.
ആധുനിക കാലത്ത് വ്യവസായ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെയാണ് ഇരകളെ സംരക്ഷിക്കേണ്ടത്
ഭോപാൽ ദുരന്തം

എന്ത് പാടില്ലായെന്നുള്ളതിന് കുപ്രസിദ്ധമായ ഉദാഹരണമാണ് ഭോപാൽ വാതകദുരന്തം. 15,000 പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക് (ഔദ്യോഗിക കണക്ക് 3787). 5.5 ലക്ഷം പേർക്ക് പരിക്കേറ്റു. ഇതിനാകെ അനുവദിച്ചത് 715 കോടി രൂപയുടെ നഷ്ടപരിഹാരമാണ്. കൊല്ലപ്പെട്ട ഒരാൾക്ക് 25,000 രൂപ. ഇതുതന്നെ ലഭ്യമാകാൻ കാൽനൂറ്റാണ്ട് നീണ്ടു. ഇരകൾ ആരൊക്കെയാണെന്ന് കൃത്യമായ ഒരു കണക്കുമില്ല. കോർപറേറ്റ് ഭീമന് ശിക്ഷയില്ല. സിഇഒ വാരൻ ആന്റേഴ്സൺ കോടതിയിൽപ്പോലും ഹാജരായില്ല. ദുരിതബാധിതർക്ക് ചികിത്സയും മരുന്നും കിട്ടിയില്ല. സുതാര്യതയുണ്ടായില്ല. ഇതിൽത്തന്നെ ആദിവാസികൾക്കും മറ്റ് പിന്നാക്കക്കാർക്കും ഒരു നീതിയും ലഭിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് എൻഡോസൾഫാൻ ദുരന്തത്തിലെ വി എസിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നത്.
എൻഡോസൾഫാൻ ഇരകൾ

ദുരന്തബാധിതരുടെ എണ്ണമെടുത്താൽ എൻഡോസൾഫാൻ ദുരന്തത്തെ ഭോപാൽ വാതകദുരന്തത്തോട് താരതമ്യപ്പെടുത്താനേ ആകില്ല. പക്ഷേ, ദുരന്ത ഇരകളോടുള്ള സമീപനം എന്തായിരിക്കണമെന്നതിന് ഒരു മാതൃക സൃഷ്ടിക്കപ്പെട്ടു. 2002-ൽ പ്രതിപക്ഷനേതാവെന്ന നിലയിലാണ് ദുരിതബാധിതരായ കുടുംബങ്ങളെ സന്ദർശിക്കുന്നതിന് വി എസ് എത്തിയത്. അവിടത്തെ സമരത്തിന് പിന്തുണയും പ്രഖ്യാപിച്ചു. പിന്നീട് മുഖ്യമന്ത്രി ആയപ്പോൾ കാസർകോട് എൻഡോസൾഫാൻ ദുരന്ത ഇരകളുടെ റിലീഫ് ആൻഡ് റെമഡിയേഷൻ സെൽ സ്ഥാപിച്ചു. ഇത്തരത്തിൽ പ്രത്യേകമായ ഒരു സ്ഥാപനം ദുരന്ത ഇരകൾക്കുവേണ്ടി സ്ഥാപിക്കപ്പെട്ടത് ആദ്യമായിട്ടാണ്.
മുഴുവൻ ദുരന്തബാധിതരെയും സഹായവലയത്തിൽ കൊണ്ടുവരുന്നതിന് മുൻകൈയെടുത്തു. അവരുടെ ദീർഘകാല പുനരധിവാസത്തിനും പദ്ധതികൾ തയ്യാറാക്കി. സുതാര്യതയ്ക്കുവേണ്ടിയുള്ള ഒട്ടേറെ നടപടികൾ സ്വീകരിച്ചു. ആദിവാസികൾക്കും പിന്നാക്കക്കാർക്കും പ്രത്യേക പരിഗണന നൽകി. പ്ലാന്റേഷൻ കോർപറേഷന് ബാധ്യത ഉറപ്പുവരുത്തി. 2011-ൽ എൻഡോസൾഫാൻ ആഗോളമായി നിരോധിക്കുന്നതിനു വേണ്ടിയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരവുമിരുന്നു.
പ്ലാച്ചിമട സമരം

പ്ലാച്ചിമട സമരം മറ്റൊരു ഉദാഹരണമാണ്. പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി 10 ലക്ഷം ലിറ്റർ വെള്ളമാണ് ഭൂഗർഭത്തിൽനിന്ന് ഊറ്റിയെടുത്തുകൊണ്ടിരുന്നത്. ഇത് കിണറുകൾ വറ്റുന്നതിനും കമ്പനിയിലെ മാലിന്യംമൂലം വ്യാപകമലിനീകരണം സൃഷ്ടിക്കുന്നതിനും ഇടയാക്കി. ഭൂഗർഭജലം കുറവുള്ള ഈ പ്രദേശത്ത് ഇത്തരമൊരു കമ്പനി സ്ഥാപിക്കുന്നത് ന്യായീകരിക്കാൻ കഴിയുമായിരുന്നില്ല. ഇതിനെതിരെ പ്രദേശവാസികൾ 2000-ത്തിൽ സമരം ആരംഭിച്ചു.
2002 ഒക്ടോബറിൽ മേധാപട്കറും മറ്റുമായി വി എസ് പ്ലാച്ചിമട സന്ദർശിച്ചു. ഇതോടെ സമരം ദേശീയശ്രദ്ധയിൽ വന്നു. കൊക്കക്കോള കമ്പനി ഇതിനിടയിൽ നടൻ മമ്മൂട്ടിയെ അവരുടെ ബ്രാൻഡ് അംബാസഡറായി ക്ഷണിച്ചു. രണ്ട് കോടി രൂപയായിരുന്നു ഓഫർ. എന്നാൽ വി എസ് ഇതിനെതിരെ പരസ്യമായി രംഗത്തുവന്നു. മമ്മൂട്ടി അതോടെ കരാർ ഉപേക്ഷിച്ചു. ഇതും സമരത്തിന് ആവേശം നൽകി.
2004-ൽ വേൾഡ് വാട്ടർ കോൺഫറൻസ് പ്ലാച്ചിമടയിൽ സംഘടിപ്പിച്ചു. അതോടെ കമ്പനി അടച്ചുപൂട്ടേണ്ടിവന്നു. കമ്പനി പൂട്ടിയതുകൊണ്ടായില്ല. ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നൽകണം. പ്രകൃതി സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള ബാധ്യത കമ്പനി ഏറ്റെടുക്കണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഇത്തരത്തിലുണ്ടായ നഷ്ടഭാരം 216 കോടി രൂപയാണെന്ന് വിലയിരുത്തി. ഇത് കമ്പനിയിൽനിന്ന് പിടിച്ചു നൽകുന്നതിനുവേണ്ടി പ്ലാച്ചിമട കൊക്കക്കോള ദുരിതാശ്വാസ നഷ്ടപരിഹാര ക്ലെയിംസ് ട്രിബ്യൂണൽ ബിൽ 2011-ൽ നിയമസഭ പാസാക്കി. എന്നാൽ ഇതിന് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചതിനാൽ അത് നടപ്പാക്കാനായില്ല.









0 comments