ഇലാന്റയും മക്കാവോയും ചാർട്ടേഡ് വിമാനത്തിൽ

Thrissur Zoological Park
avatar
കെ എ നിധിൻനാഥ്‌

Published on Nov 09, 2025, 03:19 AM | 4 min read

കൂടുകളിൽ കണ്ടിരുന്ന പക്ഷിമൃഗാദികളെ കാട്ടിലെന്നപോലെ നടന്നുകാണാം. മൃഗങ്ങളെയും പ്രകൃതിയെയും മനുഷ്യനെയും ഒരുമിച്ച് കാണാനാകുന്ന അത്ഭുതം നിറഞ്ഞ ഒരു ലോകമാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്‌. മൃഗങ്ങൾ അവരുടെ ആവാസവ്യവസ്ഥയിൽ എങ്ങനെ ജീവിക്കുന്നുവെന്ന് തൊട്ടുചേർന്ന് കാണാൻ കഴിയുന്ന വിസ്മയക്കാഴ്ചയാണിവിടെ. സിംഹവും പുലിയും കരടിയും കടുവയും കാണ്ടാമൃഗവും ജിറാഫും മാനും പക്ഷികളും പാമ്പുമെല്ലാം കൺമുന്നിലുണ്ട്‌. 336 ഏക്കർ വനഭൂമിയിൽ പുതിയ സങ്കേതങ്ങൾകൂടി ഉപയോഗിച്ചാണ്‌ പാർക്ക്‌ ആവിഷ്‌കരിച്ചിട്ടുള്ളത്‌. ​


ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക്


മൃഗശാലയ്‌ക്കുപുറമെ ഹോളോഗ്രാം സൂ, സഫാരി പാർക്ക്‌ തുടങ്ങിയവയും ഒരുങ്ങുന്നുണ്ട്‌. നൂറോളം ഇനം മൃഗങ്ങളും പക്ഷികളുമായി ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക് എന്ന ഖ്യാതിയിലേക്കാണ്‌ പുത്തൂർ സുവോളജിക്കൽ പാർക്ക് വാതിൽ തുറക്കുന്നത്‌. ഇന്ത്യയിലെ ആദ്യ ഡിസൈനർ സൂകൂടിയാണ്‌. രണ്ടുപതിറ്റാണ്ടുമുമ്പ് വിഭാവനം ചെയ്‌ത പദ്ധതി എൽഡിഎഫ് സർക്കാരാണ് സഫലമാക്കുന്നത്‌. പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന വലിയ ഇടമാണിത്. കൂടുകൾക്കുപകരം വിശാലമായി വിഹരിക്കാനുള്ള തുറന്നയിടം. പക്ഷിമൃഗാദികൾക്ക്‌ പ്രദർശന ഇടവും മറഞ്ഞിരിക്കാനും കൂടണയാനുമുള്ള മേഖലകളും ഒരുക്കിയിട്ടുണ്ട്‌. ആവശ്യമുള്ളപ്പോഴെല്ലാം സ്വതന്ത്രമായി ചുറ്റിക്കറങ്ങാം. ഇ‍ൗ കാഴ്‌ചകൾ സന്ദർശകർക്ക്‌ സുരക്ഷിതമായി കാണാം. ലോകപ്രശസ്‌തനായ മൃഗശാല ഡിസൈനർ ജോൺകോയാണ് പാർക്ക് രൂപകൽപ്പന ചെയ്‌തത്. കിഫ്ബി ഫണ്ട് അടക്കം 353 കോടി രൂപയാണ് പദ്ധതിച്ചെലവ്‌. ​


24 തനത് ആവാസവ്യവസ്ഥകൾ


വിവിധ മേഖലകളായാണ് പാർക്ക് സജ്ജീകരിച്ചിട്ടുള്ളത്. സൈലന്റ് വാലിയിലെ ചീവീടുകളില്ലാത്ത നിശ്ശബ്‌ദ താഴ്‌വര, ഇരവികുളം മാതൃകയിൽ ഷോലവനം, മധ്യപ്രദേശിലെ കൻഹ, ആഫ്രിക്കയിലെ സുളു സമതലങ്ങൾ, ജൈവവൈവിധ്യ മാതൃകകൾ തുടങ്ങി 24 തനത് ആവാസവ്യവസ്ഥകളായാണ്‌ പാർക്ക്‌ ഒരുക്കിയിട്ടുള്ളത്‌. ഇതിനായി പത്തുലക്ഷത്തോളം വനവൃക്ഷങ്ങളും മുളകളും വിവിധയിനം ചെടികളും നട്ടുപിടിപ്പിച്ചു. മൃഗങ്ങളെ തൊട്ട്‌ അടുത്തുനിന്ന് കാണാൻ ഗ്ലാസിട്ട വ്യൂ പോയിന്റുകളുണ്ട്. ഇതുകൂടാതെ മൃഗങ്ങൾക്കായി ഐസൊലേഷൻ ആൻഡ്‌ ക്വാറന്റൈൻ കെട്ടിടം, പോസ്‌റ്റ്‌മോർട്ടം കെട്ടിടം, മൃഗശാല സർവീസുകളുടെ നിർമാണം, മൃഗങ്ങൾക്കായി ആധുനിക സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി, സസ്യ–മാംസഭുക്ക്‌ എന്നിവയ്‌ക്കുള്ള ഭക്ഷണശാലകൾ, മൃഗങ്ങൾക്ക്‌ ജീവനോടെ കഴിക്കുന്നതിന് ചെറുപ്രാണികളെയും ചെറുജീവികളെയും വളർത്തുന്ന സ്‌റ്റോറുകൾ എന്നിവയും പാർക്കിന്റെ ഭാഗമാണ്‌. പാർക്കിനുള്ള വൈദ്യുതി സൗരോർജത്തിലാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌. 300 കെവി ഉൽപ്പാദിപ്പിക്കാനുള്ള സൗകര്യമുണ്ട്. വർഷംതോറും 50 ലക്ഷം ആളുകളെ പ്രതീക്ഷിക്കുന്ന പാർക്ക്‌ നാടിന്റെ വികസനക്കുതിപ്പിനുകൂടി സഹായകമാകും. ഇതോടെ അന്താരാഷ്‌ട്ര വിനോദസഞ്ചാര മാപ്പിലും തൃശൂർ സ്ഥാനംപിടിക്കും.


thrissur zoological park


കിഫ്‌ബി ഫണ്ട്‌ തുണയായി


2006ൽ വി എസ്‌ അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ്‌ പുത്തൂർ സുവോളജിക്കൽ പാർക്ക്‌ എന്ന ആശയം ഇന്ന്‌ കാണുന്ന രീതിയിൽ സാധ്യമാകുന്നത്‌. പാർക്കിന്‌ വി എസ്‌ കല്ലിടുകയും ചെയ്‌തു. എന്നാൽ, പിന്നീട്‌ വന്ന ഉമ്മൻചാണ്ടി സർക്കാർ ഫണ്ട്‌ നീക്കിവച്ചില്ല. ഒരു കൂടുപോലും സ്ഥാപിക്കാനും താൽപ്പര്യം കാണിച്ചില്ല. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയശേഷമാണ്‌ കിഫ്‌ബി വഴി ഫണ്ട്‌ അനുവദിച്ച്‌ നിർമാണം ആരംഭിച്ചത്‌. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണപ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളും വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. പാർക്കിലെ തടയണകൾ, നീർച്ചാലുകൾ, കുളങ്ങൾ തുടങ്ങി ഭൂമിയുടെ തനത് വ്യവസ്ഥയെ നിലനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തി. പാർക്ക്‌ സ്ഥിതിചെയ്യുന്ന വാർഡുകളിലെയും സമീപ വാർഡുകളിലെയും എഴുപത്തഞ്ചോളം തൊഴിലുറപ്പ് തൊഴിലാളികളാണ്‌ നിർമാണത്തിൽ ഭാഗമായത്‌.


പകൽ രാത്രിയാകും


സഞ്ചാരികൾക്ക്‌ ഇത്‌ അപൂർവകാഴ്‌ച. രാത്രിസഞ്ചാരികളായ പക്ഷി–മൃഗാദികൾക്ക്‌ രാപാർക്കാൻ പകൽ രാത്രിയാകുന്ന ആവാസ ഇടവും ഇവിടെയുണ്ട്‌. നൂതന നിർമാണരീതിയും വെളിച്ചസംവിധാനവും പ്രയോജനപ്പെടുത്തി പകൽ രാത്രിയുടെ പ്രതീതി സൃഷ്ടിക്കും. രാത്രിയിൽ പകൽ പ്രതീതിയും. സുവോളജിക്കൽ പാർക്കിൽ എത്തുന്നവർക്ക്‌ ജൈവവൈവിധ്യ അവഗാഹം പകരുന്ന ബയോ ഡൈവേഴ്‌സിറ്റി സെന്ററിലാണ്‌ രാത്രികാല ജീവികൾക്കായി പ്രത്യേകം ഇടം ഒരുക്കിയിട്ടുള്ളത്‌. ആവാസയിടങ്ങളിൽ പകൽ ഇരുട്ടാക്കുന്നതോടെ രാത്രിസഞ്ചാരികളായ വവ്വാൽ, കുട്ടിത്തേവാങ്ക്‌, മൂങ്ങ, പാമ്പുകൾ എന്നീ ഇനങ്ങളെല്ലാം സജീവമാകും. സഞ്ചാരികൾക്ക്‌ അരണ്ടവെളിച്ചത്തിൽ നിലാവിലെന്നപോലെ ജീവികളെ കാണാം. പക്ഷിമൃഗാദികളുടെ ജൈവ–-ആവാസ ക്രമത്തിന്‌ ദോഷം വരുത്താതെയാണ്‌ ക്രമീകരണം. പ്രദേശത്തെ ഭൂമിയുടെ സ്വഭാവം പരമാവധി അതുപോലെ നിലനിർത്തിയാണ്‌ നിർമാണം.


thrissur zoological park


കുന്ന്‌, കുളങ്ങൾ, പാറകൾ, കൊച്ചു തുരങ്കങ്ങൾ, മുളങ്കാടുകൾ, കാടുകൾ, പുൽമേടുകൾ നിലനിർത്തിയാണ്‌ നിർമാണം നടത്തിയത്‌. അകശേരുക്കൾ, കശേരുക്കൾ എന്നീ ക്രമത്തിലാണ്‌ പക്ഷി–-മൃഗങ്ങളെ പ്രദർശിപ്പിക്കുന്നത്‌. ചിത്രശലഭങ്ങൾ, ഒച്ചുകൾ, വിരകൾ, പഴുതാര തുടങ്ങിയവ അകശേരുക്കളിൽപ്പെടും. കശേരുക്കളിൽ ഉഭയജീവികൾ, ഉരഗങ്ങൾ, മത്സ്യങ്ങൾ, പക്ഷികൾ, സസ്‌തനികൾ എന്നീ അഞ്ച്‌ വിഭാഗങ്ങൾക്കായി പ്രത്യേക ആവാസവ്യവസ്ഥ. മത്സ്യങ്ങൾക്ക്‌ അക്വേറിയവും ആമകൾക്ക്‌ ടെറേറിയവുമുണ്ട്‌. പക്ഷിമൃഗാദികളുടെ സ്വഭാവം, ആവാസവ്യവസ്ഥ, മനശ്ശാസ്ത്രം എന്നിവ അനുസരിച്ചാണ് ഇവയ്‌ക്കായുള്ള ഇടങ്ങൾ രൂപകൽപ്പന ചെയ്‌തത്‌. സഫാരി പാർക്കിനുള്ളിൽ പ്രത്യേക മാൻ സഫാരി പാർക്കും ഒരുക്കുന്നുണ്ട്‌. രണ്ട് മേഖലകളിൽ തനത് വനത്തിൽ മൃഗങ്ങളെ തുറന്നുവിടും. ഇവിടെ ചില്ലിട്ട ബസിൽ സഫാരി നടത്താം.


​‘ഹോളോഗ്രാം സൂ' വരുന്നു


പാർക്കിലെ മൃഗങ്ങളെ വളരെ അടുത്തുനിന്ന് വീക്ഷിക്കുന്നതിന് സൗകര്യമുണ്ടെങ്കിലും ഇവ വന്യജീവികളായതിനാൽ അടുത്തേക്ക് പോകാൻ സാധിക്കുകയില്ല. എന്നാൽ, കുട്ടികൾക്കുൾപ്പെടെ അടുത്തുചെന്ന് കാണാൻ പറ്റുന്ന ജീവികളുടെ ഒരു മൃഗശാല ‘പെറ്റ് സൂ' എന്ന പേരിൽ സ്ഥാപിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്താൽ സന്ദർശകർക്ക് വിവിധ ഭൂഖണ്ഡങ്ങളിലെ വന്യജീവികളുടെ കൂടെ സഞ്ചരിക്കുന്ന പ്രതീതി ഉളവാക്കുന്ന ഒരു മായാലോകമാണ്‌ ‘ഹോളോഗ്രാം സൂ'വിലൂടെയും ഒരുക്കുന്നത്‌. ദൃശ്യ–ശബ്ദ സാധ്യതകളെ ഉപയോഗിച്ചാണ്‌ ഇത്‌ ഒരുക്കുന്നത്‌. ഇതിനകത്തേക്ക്‌ പ്രവേശിപ്പിച്ചുകഴിഞ്ഞാൽ മൃഗങ്ങളും പക്ഷികളും സന്ദർശകർക്ക്‌ അടുത്തേക്ക്‌ വരികയും ഒപ്പം സഞ്ചരിക്കുകയും ചെയ്യുന്ന പ്രതീതിയുണ്ടാകും. എല്ലാ ഭൂഖണ്ഡങ്ങളിലെയും മൃഗങ്ങളെ ഇവിടെ കണ്ട് ആസ്വദിക്കാന്‍ കഴിയും. വനേതര ആവശ്യങ്ങൾക്കുള്ള ഭൂമിയിലാണ്‌ എഐ, വെർച്വൽ റിയാലിറ്റിപോലുള്ള വിനോദകേന്ദ്രങ്ങൾ ഒരുക്കുന്നത്‌.


ഒപ്പം ‘സഞ്ചരിക്കാം’


പാർക്കിനകത്ത് സഞ്ചരിക്കാൻ വാഹനസൗകര്യമുണ്ടാകും. 6.5 കിലോമീറ്റർ ചുറ്റളവുള്ള പാർക്കിൽ നടന്നുകാണുക എന്നത് ബുദ്ധിമുട്ടാണ്‌. ടിക്കറ്റ് കൗണ്ടറിനടുത്തുനിന്ന് ആരംഭിക്കുന്ന ബസ് പാർക്കിനകത്തുകൂടി യാത്ര ചെയ്യും. പാർക്കിനകത്തെ പ്രത്യേക പോയിന്റുകളിൽ ആളുകൾക്ക് ബസിൽനിന്ന് ഇറങ്ങാനും കയറാനുമുള്ള സൗകര്യം ഉണ്ടാകും. ഇതുവഴി ഒരുതവണ ടിക്കറ്റ് എടുക്കുന്ന ഒരാൾക്ക് ബസിൽ കയറി ഓരോ പോയിന്റുകളിൽ ഇറങ്ങി കാഴ്ചകൾ ആസ്വദിച്ച് അതേ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത പോയിന്റിലേക്കും അങ്ങനെ സുവോളജിക്കൽ പാർക്ക് മുഴുവനായും ആസ്വദിക്കാനാകും.


ചുറ്റിക്കറങ്ങാം


ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കി തൃശൂർ നഗരത്തിൽനിന്ന്‌ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്‌ കെഎസ്ആർടിസിയുടെ തുറന്ന ബസും സർവീസ്‌ നടത്തും. തൃശൂർ നഗരക്കാഴ്ചകൾ എന്ന പേരിലാണ് സർവീസ്. തിരുവനന്തപുരത്തും മൂന്നാറിലും കൊച്ചിയിലും നടപ്പാക്കിയ പദ്ധതിയാണ് തൃശൂരിലേക്കും വരുന്നത്. ഇലക്ട്രിക് ഡബിൾ ഡെക്കർ ബസാണ് സർവീസ്‌ നടത്തുക. തൃശൂർ നഗരത്തിൽനിന്ന്‌ യാത്ര ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി പുത്തൂർ സുവോളജിക്കൽ പാർക്കിനുള്ളിൽ ചുറ്റി നഗരത്തിൽ സമാപിക്കുന്ന രീതിയിലായിരിക്കും യാത്ര.


പറന്നെത്തും ഗ്രീൻ അനാകോണ്ട ​


വിദേശത്തുനിന്ന്‌ മൃഗങ്ങളെത്തും. ആദ്യഘട്ടമായി നാലുവീതം ജിറാഫ്‌, സീബ്ര‍, ആഫ്ര-ിക്കൻ മാൻ വർഗത്തിൽപ്പെട്ട ഇലാന്റ, ഗ്രീൻ അനാകോണ്ട എന്നിവയെയാണ്‌ കൊണ്ടുവരുന്നത്‌. നാലുതരത്തിലുള്ള 16 മക്കാവോയും കൊക്കാട്ടുവും ആദ്യഘട്ടത്തിലെത്തും. വിമാനത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയാണ്‌ കൊണ്ടുവരിക. അനാകോണ്ട, കൊക്കാട്ടു തുടങ്ങിയവയെ എളുപ്പത്തിൽ കൊണ്ടുവരാനാകും. വലിപ്പം കുറവായതിനാൽ സാധാരണ വിമാനങ്ങളിൽ ഇവയെ മാറ്റാം. എന്നാൽ, ജിറാഫിനെ കൊണ്ടുവരുന്നത്‌ പ്രയാസകരമാണ്‌. ചാർട്ടേഡ്‌ വിമാനത്തിൽ പ്രത്യേക ബോക്‌സ്‌ സജ്ജീകരിച്ചാണ്‌ ഇവയെ കൊണ്ടുവരിക. ഇതിനൊപ്പം മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും മൃഗങ്ങളെ കൊണ്ടുവരും.



deshabhimani section

Related News

View More
0 comments
Sort by

Home