മറുപടിയുടെ പാഠം: മുരളിമാഷ് വയസ് 60, പിജി 13


രാജിഷ രമേശൻ
Published on Jun 15, 2025, 11:14 AM | 3 min read
ഏഴാം ക്ലാസിൽ ഇംഗ്ലീഷിന് രണ്ട് മാർക്ക്, അതും 50ന്.
പി ഒ മുരളീധരൻ എന്ന വിദ്യാർഥിയോട് അധ്യാപകൻ ചോദിച്ചു,
‘നിനക്ക് എന്താകാനാണ് ആഗ്രഹം’
മുരളി ആലോചിക്കാതെ ഉത്തരം പറഞ്ഞു,
"അധ്യാപകൻ'.
ആ സ്വരത്തിൽ മുഴച്ചുനിന്നത് അപമാനമായിരുന്നു. പിന്നീടങ്ങോട്ട് മുരളി പഠിച്ചത് ആ മറുപടിയുടെ പാഠത്തിൽനിന്നാണ്. ഇപ്പോൾ ഈ അറുപതാം വയസ്സിൽ പതിമൂന്നാം പോസ്റ്റ് ഗ്രാജുവേഷൻ (പിജി) കൈയകലെ നിൽക്കുമ്പോഴും മുരളിമാഷ് ഒന്നും മറക്കുന്നില്ല.
കുട്ടിക്കാലം
വീട്ടിലെ മൂത്തകുട്ടിയായതുകൊണ്ട് ജീവിത സാഹചര്യങ്ങളെക്കുറിച്ചൊക്കെ ചെറുപ്രായത്തിൽ അറിഞ്ഞു തുടങ്ങി. നോട്ട് പുസ്‌തകം വാങ്ങാതെ ക്ലാസിലെത്തിയതിന് പുറത്താക്കി. പൈസയില്ലാത്തതുകൊണ്ടാണ് നോട്ട് വാങ്ങാതിരുന്നതെന്ന് അധ്യാപകൻ മനസ്സിലാക്കിയില്ല. വരാന്തയിൽനിന്ന് പാഠങ്ങൾക്ക് കാതോർക്കുമ്പോൾ ജീവിതം ഇതിലും സങ്കീർണമാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രൈമറി ക്ലാസുകളിൽ നന്നായി പഠിച്ചിരുന്ന മുരളി പിന്നീടെപ്പോഴോ പഠനത്തിൽ പുറകോട്ട് പോയി. പഠനത്തിൽ ശ്രദ്ധ കുറഞ്ഞാൽ വിജയത്തിന്റെ സമീപംപോലും എത്താൻ കഴിയില്ലെന്ന തിരിച്ചറിവാണ് പിന്നീട് മുരളിയെ നയിച്ചത്. അടുത്തുള്ള വായനശാലയിലെത്തി പുസ്‌തകങ്ങളെടുത്ത് വായിച്ച് തുടങ്ങി. പത്രങ്ങൾ വായിച്ചു. പാഠഭാഗങ്ങൾക്കു പുറമെയുള്ളവ അറിഞ്ഞ്, കുറിച്ചുവച്ചു. ക്ലാസിൽ മികച്ച കുട്ടികളിലൊരാളായി മാറി. പത്താം ക്ലാസിൽ ഉയർന്ന മാർക്ക് നേടി. പിന്നീട് പയ്യന്നൂർ കോളേജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദം പൂർത്തിയാക്കി.
അധ്യാപനം
ജീവിത പ്രയാസങ്ങൾ തിരിച്ചറിഞ്ഞ മുരളീധരന്റെ ലക്ഷ്യം ജോലിയായിരുന്നു. അതിനായി ബിഎഡിന് ചേർന്നു. അപ്പോഴും തുടർപഠനം സ്വപ്‌നമായി. ബിഎഡ് പഠനകാലത്ത് ട്യൂഷനെടുത്ത് അധ്യാപനത്തിലേക്ക് കടന്നു. ഇംഗ്ലീഷും സാമൂഹ്യ ശാസ്‌ത്രവുമായിരുന്നു പഠന വിഷയങ്ങൾ. കലിക്കറ്റ് സർവകലാശാലയിൽ എംഎ പൊളിറ്റിക്കൽ സയൻസിന് ചേർന്നു. അതിന്റെ ഫലം വരുംമുമ്പ് പിഎസ്‌സി എൽഡി ക്ലർക്ക് പരീക്ഷയിൽ 12–-ാം റാങ്ക്. പിന്നീട് ഫലം വന്ന എംഎ പരീക്ഷയിൽ ഒന്നാം റാങ്ക്. വിജയങ്ങൾ ഓരോന്നായി കീഴടക്കുമ്പോഴും തുടർ പഠനംതന്നെയായിരുന്നു ലക്ഷ്യം. കലിക്കറ്റ് സർവകലാശാലയിൽത്തന്നെ സോഷ്യോളജിയിൽ പിജി പൂർത്തീകരിച്ചു. പിന്നെ മലപ്പുറം ജില്ലയിൽ പിഎസ്‌സി ജോലി, പ്രൈമറി അധ്യാപകനായി. നാലുവർഷം അവിടെ ജോലി ചെയ്‌ത് നാട്ടിലെ സ്‌കൂളിൽ അധ്യാപകനായി. മർദിച്ചോ ശിക്ഷിച്ചോ ഉള്ള പഠനമില്ല മുരളീധരൻ മാഷിന്റെ ക്ലാസിൽ. അതുകൊണ്ടുതന്നെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രിയപ്പെട്ടവനായി. കുട്ടികളുടെ പഠനത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത് വീടുകളായതിനാൽ നിരന്തരം രക്ഷിതാക്കളുമായി സംവദിച്ച് കുട്ടികളുടെ സാമൂഹ്യപശ്ചാത്തലം മനസ്സിലാക്കി. അവർക്കാവശ്യമായ പഠനാന്തരീക്ഷം ഒരുക്കിക്കൊടുത്തു. അത് കുട്ടികളുടെ വിജയശതമാനം ഉയർത്തി. ജിഎം യുപി സ്കൂൾ, കണ്ണമംഗലം, ജിഎൽപി സ്കൂൾ എടക്കപറമ്പ്, മോറാഴ യുപി സ്കൂൾ, ഗവ. എച്ച്എസ്‌എസ്, വെള്ളൂർ, ജിഎച്ച്‌എസ്‌എസ് മോറാഴ, ജിഎച്ച്‌എസ്‌എസ് മയ്യിൽ, ഗവ. വെൽഫയർ എച്ച്എസ്‌എസ് ചെറുകുന്ന് എന്നിവിടങ്ങളിൽ അധ്യാപകനായി. 2021ൽ ചെറുകുന്ന് വെൽഫെയർ സ്‌കൂൾ പ്രിൻസിപ്പലായി അധ്യാപന ജീവിതത്തിന്റെ ഔദ്യോഗിക പടിയിറക്കം. അതേവർഷം സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
വിജയം 90 ശതമാനം
മുരളീധരൻ ചെറുകുന്ന് വെൽഫെയർ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പലായി ജോലിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്ലസ് ടു വിജയം 31 ശതമാനമായിരുന്നു. വിജയം 90 ശതമാനമാക്കി ഉയർത്തിയാണ് ജോലിയിൽനിന്ന് വിരമിച്ചത്. അതിൽ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ, ജനപ്രതിനിധികൾ എന്നിവരുടെ പങ്ക് മുരളീധരൻ മാഷ് ഓർത്തെടുക്കുന്നു. വൈകിട്ടും രാത്രിയിലും നടത്തിയ പ്രത്യേക ക്ലാസുകൾക്ക് ഭക്ഷണം നൽകി നാട്ടുകാർ പിന്തുണച്ചു. പഠനമുറികൾ ഒരുക്കുന്നതിന് ജനപ്രതിനിധികൾ നിർണായകമായി. വീടുകളിൽ ചെന്ന് കുട്ടികളെക്കുറിച്ചറിഞ്ഞു. കോർണർ പിടിഎ വച്ച് രക്ഷിതാക്കളുമായി സംവദിച്ചു. തുടർവിദ്യാഭ്യാസ സംശയനിവാരണത്തിന് വിദഗ്‌ധരുമായി ചർച്ചകൾ സംഘടിപ്പിച്ചു. ഒടുവിൽ വിദ്യാർഥികൾ വിജയം തൊട്ടറിഞ്ഞു.
പിജി പഠനം
മുരളീധരൻ മാഷും പഠനം മുന്നോട്ട് കൊണ്ടുപോയി. വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങൾ സമ്പാദിച്ചു. ജോലിയിൽ പ്രവേശിക്കുമ്പോൾ പൊളിറ്റിക്കൽ സയൻസിലും സോഷ്യോ ളജിയിലുമായിരുന്നു ബിരുദാനന്തര ബിരുദം. ഇന്ന് 12 വിഷയത്തിൽ ബിരുദാനന്തര ബിരുദമുണ്ട്. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽനിന്ന് പിജി ഇംഗ്ലീഷ്, കലിക്കറ്റിൽനിന്ന് എംഎസ്‌സി കൗൺസലിങ്, എംഎ ഫിലോസഫി, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജി, മൈസൂരുവിൽനിന്ന് എംഎഡും നേടി. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽനിന്ന് ഗൈഡൻസ് ആൻഡ് കൗൺസലിങ്ങിലും തമിഴ്‌നാട് ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്ന് സൈക്കോ തെറാപ്പിയിലും ബിരുദാനന്തര ബിരുദം സ്വന്തമാക്കി. മദ്രാസിൽനിന്നാണ് എംഎസ്‌സി സൈക്കോളജി നേടിയത്. കാസർകോട് കേന്ദ്ര സർവകലാശാലയിൽ ലൈഫ് സ്കിൽ പിജിയും നേടി. ഇപ്പോൾ യോഗയിൽ ബിരുദാനന്തര ബിരുദം നേടാനുള്ള തയ്യാറെടുപ്പിലാണ്.

പരീക്ഷ, പരിഷ്‌കരണം
പ്രിൻസിപ്പലായിരിക്കുമ്പോൾത്തന്നെ ഹയർ സെക്കൻഡറി കണ്ണൂർ ജില്ലാ കോ–-ഓർഡിനേറ്ററായി പ്രവർത്തിച്ചു. ഹയർ സെക്കൻഡറി പരീക്ഷ ബോർഡ് അംഗമായിരുന്നു. കൂടാതെ ഹയർ സെക്കൻഡറി മാനുവൽ പരിഷ്‌കരണ ബോർഡിന്റെയും ഭാഗമായി. ഹയർ സെക്കൻഡറി കരിയർ ഹാൻഡ് ബുക്കിന്റെ സബ് എഡിറ്റർ ആയിരുന്നു. അത് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായും പ്രവർത്തിച്ചു. ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് സെല്ലിന്റെ ഭാഗമായുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് നേതൃത്വം വഹിച്ചു.
ഇനിയും പഠിക്കും
പഠനം ഇങ്ങനെ തുടരാൻതന്നെയാണ് മുരളീധരൻ മാഷിന്റെ തീരുമാനം. അടുത്ത ലക്ഷ്യം സൈക്കോളജിയിൽ പിഎച്ച്‌ഡിയാണ്. അതിനു കൂട്ടായി ഭാര്യ ബിന്ദുവും മക്കളായ വിവേകും വിനയയുമുണ്ട്. ‘ജീവിതകാലം മുഴുവൻ പഠിച്ചാലും തീരാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. വെറുതെ പഠിച്ചതുകൊണ്ടുമാത്രം കാര്യമായില്ല. അറിവ് പ്രയോഗത്തിൽ വരുമ്പോഴാണ് മൂല്യമേറുന്നത്. സാമൂഹ്യബന്ധങ്ങൾ ദൃഢപ്പെടുത്താനും നന്മയ്‌ക്കും വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തുക. ഓരോ വ്യക്തിയും വ്യത്യസ്‌തരാണ്. അവരുടെ കഴിവ് തിരിച്ചറിഞ്ഞ് അതിനുവേണ്ടി പരിശ്രമിക്കുമ്പോൾ വിജയം സാധ്യമാകും’, കണ്ണൂർമോറാഴ പാന്തോട്ടം സ്വദേശിയായ മുരളീധരൻ മാഷ് പറയുന്നു.









0 comments