ഹർഷോന്മാദങ്ങളുടെ ഹരിശ്രീ

ഹെഡ്മാസ്റ്റർ വിളിക്കുന്നു എന്നതിനർഥം മാൻകിടാവ് പുലിയെ കാണാൻ ചെല്ലുക എന്നാണ്. ഞാൻ പേടിച്ചു വിറച്ച് ഓഫീസ് റൂമിന്റെ മുന്നിൽ. വാതിൽക്കൽനിന്ന് അകത്തേക്ക് ഒന്നെത്തിനോക്കി. ഹെഡ്മാസ്റ്റർ എന്നെ കണ്ടു. അകത്തേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചു. ഞാൻ പേടിച്ചുപേടിച്ചു അകത്തുകയറി ദൂരെ മാറിനിന്നു. എനിക്ക് ചുണ്ട് വരളുന്നു, കാഴ്‌ച നഷ്ടപ്പെടുന്നു. പൊടുന്നനെ ഹെഡ്മാസ്റ്ററുടെ ചോദ്യം: ‘‘ഇന്നത്തെ പത്രത്തിൽ ലേഖനമെഴുതിയ ടി ആർ താനാണോ?.’’ ‘അതെ, സാർ.’ ഭവ്യതയോടെ എന്റെ ഉത്തരം. ‘ഗുഡ്. കൺഗ്രാജുലേഷൻസ്... ഉം പൊയ്‌ക്കോ’
വർഷം 1961. അന്ന് ഞാൻ പത്താം ക്ലാസിൽ. ഇന്നത്തെ വിദ്യാർഥികളെപ്പോലെ കുസൃതിയോ സംഘബലമോ ഒന്നുമില്ല. വെറും പാവങ്ങൾ.
സ്‌കൂളിലേക്ക് നടന്നാണ് പോകുക. ഏഴെട്ട് കിലോമീറ്ററിൽ കുറയില്ല. മിക്കവാറും കുട്ടികൾ അങ്ങനെ തന്നെ. സ്‌കൂൾ വിട്ട് അത്രയും ദൂരം തിരിച്ചും നടക്കണം.
നാലു മണിക്ക് സ്‌കൂൾ വിടും. നെല്ലിക്കാവട്ടി മറിഞ്ഞപോലെ കുട്ടികൾ നാലുപാടും ചിതറിയോടും. ഇന്നത്തെപ്പോലെ ആരും വാഹനം കാത്തുനിൽക്കുകയില്ല. ആർക്കുവേണ്ടിയും വാഹനം വരാറുമില്ല. ഹൈസ്‌കൂളിന്റെ പിന്നിലൂടെ നടന്ന് നേരെ കിഴക്കോട്ട്. നിറയെ പച്ചപുതച്ച പാടങ്ങൾ. പാടവരമ്പിലൂടെ നടന്ന്, വീതിയുള്ള കൈത്തോട് താണ്ടി, വീണ്ടും നടത്തം. ഞങ്ങൾ വിദ്യാർഥികൾ, പല ദേശക്കാർ. പല വഴികളിലൂടെ യാത്ര ചെയ്‌താണ് സ്‌കൂളിലെത്തുക. സ്‌കൂളിലെത്തുംമുമ്പ് ഞങ്ങൾ ഒരു കേന്ദ്രത്തിൽ സംഗമിക്കും. അവിടെനിന്ന് ഒന്നിച്ചൊന്നായി മുന്നേറും.
ഒരു ദിവസം നടന്നുക്ഷീണിച്ചു വിയർത്ത് അസംബ്ലിയും കഴിഞ്ഞ് ഞങ്ങൾ ക്ലാസിലെത്തി. ക്ലാസ് ടീച്ചർ ഹാജരെടുത്തു തുടങ്ങുമ്പോൾ പ്യൂൺ പ്രത്യക്ഷപ്പെട്ടു, ഒരു കഷണം കടലാസുമായി. അത് ടീച്ചറെ ഏൽപ്പിച്ചു. ടീച്ചർ എന്റെ പേര് വായിച്ചു. ഹെഡ്മാസ്റ്റർ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചതാണ്. ഞാൻ ആകെ പരിഭ്രാന്തനായി. അന്ന് അങ്ങനെയാണ്. ഹെഡ്മാസ്റ്റർ വിളിക്കുന്നു എന്നതിനർഥം മാൻകിടാവ് പുലിയെ കാണാൻ ചെല്ലുക എന്നാണ്.
ഞാൻ പേടിച്ചുവിറച്ച് ഓഫീസ് റൂമിന്റെ മുന്നിൽ. വാതിൽക്കൽനിന്ന് അകത്തേക്ക് ഒന്നെത്തിനോക്കി. ഹെഡ്മാസ്റ്റർ എന്നെ കണ്ടു. അകത്തേക്ക് ചെല്ലാൻ ആംഗ്യംകാണിച്ചു. ഞാൻ പേടിച്ചുപേടിച്ച‌് അകത്തുകയറി ദൂരെ മാറിനിന്നു. എനിക്ക് ചുണ്ട് വരളുന്നു, കാഴ്‌ച നഷ്ടപ്പെടുന്നു.
പൊടുന്നനെ ഹെഡ്മാസ്റ്ററുടെ ചോദ്യം: ‘‘ഇന്നത്തെ പത്രത്തിൽ ലേഖനമെഴുതിയ ടി ആർ താനാണോ?.’’
‘അതെ, സാർ.’ ഭവ്യതയോടെ എന്റെ ഉത്തരം.
‘ഗുഡ്. കൺഗ്രാജുലേഷൻസ്... ഉം പൊയ്‌ക്കോ’
ആവൂ, സമാധാനം!
കരഞ്ഞ് കണ്ണീര് തുടച്ചുവരുന്ന എന്നെ പ്രതീക്ഷിച്ച സഹപാഠികളും ക്ലാസ്ടീച്ചറും എന്റെ ചിരി കണ്ട് അത്ഭുതപ്പെട്ടു. അവർ അന്വേഷിച്ചു. ‘എന്താ പ്രശ്നം?’ ഞാൻ വിവരം പറഞ്ഞു. സന്തോഷസൂചകമായി സഹപാഠികളുടെ കൈയടി. ക്ലാസ് ടീച്ചർ അഭിനന്ദിച്ചു.
‘വിരുദ്ധമുന്നണി സ്‌കൂളുകളിൽ’ എന്ന ശീർഷകത്തിലുള്ള ലേഖനം ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് 1961 ജനുവരി 14 നാണ്. അതിനു നിമിത്തമായ കാര്യങ്ങൾ പറയാം. മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറന്നകാലം. രാവിലെ സ്‌കൂൾ വരാന്തയിൽ അങ്ങിങ്ങായി ചില വിദ്യാർഥികൾ ചെറുസംഘങ്ങളായി ചേർന്നുനിന്ന് എന്തോ സംസാരിക്കുന്നു. ഞങ്ങൾക്ക് കാര്യം മനസ്സിലായില്ല. ഫസ്റ്റ് ബെൽ അടിച്ചു. കുട്ടികൾ ആരും ക്ലാസിൽ കയറുന്നില്ല. അസംബ്ലി ബെല്ലടിച്ചതോടെ വിദ്യാർഥികൾ ഗ്രൗണ്ടിൽ അണിനിരന്നു. പ്രാർഥന ആരംഭിച്ചതും സംഘംചേർന്ന് വരാന്തയിൽ നിന്നിരുന്ന കുട്ടികൾ മുദ്രാവാക്യം വിളി തുടങ്ങി.
വെയ് വെയ് പുസ്‌തകമെല്ലാം
വാ, വാ, ഞങ്ങടെകൂടെ
വിദ്യാർഥി ഐക്യം സിന്ദാബാദ്
വിമോചനസമരം സിന്ദാബാദ്
അസംബ്ലി കഴിയുംവരെ മുദ്രാവാക്യം തുടർന്നു. വിമോചന സമരമെന്തെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. വൈകുന്നേരമായപ്പോഴേക്കും കാര്യം പിടികിട്ടി. ‘സമരഭടന്മാർ’ ഞങ്ങളെ സമീപിച്ച് പഠനം മുടക്കാനും സമരത്തിൽ പങ്കുചേരാനും നിർബന്ധിച്ചു.
ചില വെണ്ണക്കുട്ടപ്പൻമാരും ശിങ്കിടികളും മാത്രമാണ് സമരത്തിൽ. എന്നും അസംബ്ലി സമയത്ത് ഒരു മുദ്രാവാക്യം വിളിയുണ്ട്. അതുകഴിഞ്ഞാൽ, മുദ്രാവാക്യം മുഴക്കി നാൽക്കവലയിലേക്ക്. അവിടെ ‘സമരഭടന്മാ’രെ ഹാരമണിയിച്ച് സ്വീകരിക്കാനും ആശീർവദിക്കാനും ആളുണ്ട്. ഈ ‘നാടകം’ നിത്യേന തുടർന്നു. അധികം താമസിയാതെ കേരളമാകെ സമരം അക്രമാസക്തമായി. ഒടുവിൽ കേന്ദ്രത്തെ ഇടപെടുവിച്ച് സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടു.
വിമോചനസമരത്തെ തുടർന്ന് മുഖ്യധാരാപത്രങ്ങൾ കമ്യൂണിസ്റ്റ് പാർടിക്കെതിരെ നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ചു. മാത്രമോ, അടുത്തകൊല്ലം സ്‌കൂൾ‐കോളേജ് പാഠപുസ്‌തകങ്ങളിലും കമ്യൂണിസ്റ്റ് വിരോധം കയറിപ്പറ്റി. ഒരു ഉദാഹരണം; ‘പൊടുന്നനവെയുള്ള അക്രമപ്രസക്തമായ ഒരു തൊഴിലാളി വിപ്ലവംകൊണ്ട് മുതലാളിവർഗത്തെ മുഴുവൻ കൊന്നൊടുക്കി മുതൽ മുഴുവൻ രാഷ്ട്രത്തിനധീനമാക്കുകയെന്നതായിരുന്നു കമ്യൂണിസ്റ്റുകൾ സ്വീകരിച്ച മാർഗം’ എന്ന് സാമൂഹ്യപാഠത്തിൽ അച്ചടിച്ചുവന്നു.
അക്കാലത്ത് ദേശാഭിമാനിയിൽ ‘ചോദ്യങ്ങൾക്ക് മറുപടി’ എന്ന ഒരു പംക്തിയുണ്ടായിരുന്നു. ഇ കെ നായനാരായിരുന്നു മറുപടി നൽകിയിരുന്നത്. വരികൾക്കുള്ളിൽ വ്യക്തമാകാത്ത വസ്‌തുതകൾക്ക് വിശദീകരണമാരാഞ്ഞ് പല പ്രാവശ്യം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. ഉത്തരം ലഭിച്ചിട്ടുമുണ്ട്. ഈ പംക്തിയിലേക്ക് സാമൂഹ്യപാഠത്തിലെ നേരത്തെ ഉദ്ധരിച്ച വാക്യം അയച്ചുകൊടുത്ത് ഉത്തരം തേടി. മറുപടി ഇങ്ങനെ: ‘തൊഴിലാളിവർഗ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് വിപ്ലവങ്ങളെപ്പറ്റി എന്ത് തോന്ന്യാസവും’ എഴുതി കുട്ടികളെ പഠിപ്പിക്കുക എന്നനിലയിൽ എത്തിയിരിക്കുകയാണ് നമ്മുടെ കേരളത്തിൽ. വിദ്യാഭ്യാസരംഗം വിഷമയമാക്കി തീർക്കുവാൻ കത്തോലിക്കാ പൗരോഹിത്യ നേതൃത്വത്തിന്റെയും എംആർഎയുടെയും പുരോഗതിക്കെതിരായ മറ്റു പിന്തിരിപ്പൻ ശക്തികളുടെയും പ്രവർത്തനമാണ് വിമോചനസമരത്തോടുകൂടി കേരളത്തിൽ ആരംഭിച്ചിട്ടുള്ളത്. ബ്രിട്ടീഷുകാർ ഇന്ത്യാചരിത്രത്തെ വളച്ചൊടിക്കുകയാണ് ചെയ്‌തതെങ്കിൽ കേരളത്തിലെ സങ്കര സർക്കാർ ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ്. അതുകൊണ്ടാണ് അക്രമപ്രസക്തമായ കൊന്നൊടുക്കലാണ് കമ്യൂണിസ്റ്റുകാരുടെ മാർഗമെന്ന് സാമൂഹ്യപാഠങ്ങൾ വഴി വിദ്യാർഥികളുടെ തലയിൽ അടിച്ചുകയറ്റുന്നത്. ലോകത്തിലെ നൂറുകോടിയോളം ജനത കമ്യൂണിസ്റ്റ് മാർഗം സ്വീകരിച്ചത് ആ പാഠപുസ്‌തകത്തിൽ പറഞ്ഞ രീതിയിലല്ല.’(ദേശാഭിമാനി 9.11.1960)
ഈ മറുപടി സംഭവങ്ങളുടെ യഥാർഥ ചിത്രം മനസ്സിലാക്കാനുതകി. എനിക്കൊരു ഐഡിയ തോന്നി വിമോചനസമരത്തിന് മുമ്പും ശേഷവുമുള്ള സാമൂഹ്യപാഠപുസ്‌തകങ്ങൾ താരതമ്യം ചെയ്‌തു. വിട്ടുകളഞ്ഞതും കൂട്ടിച്ചേർത്തതുമായ ഖണ്ഡികകൾ കുറിച്ചെടുത്തു. അവ ലേഖനരൂപത്തിലാക്കി. പത്തു ദിവസത്തിലധികം വേണ്ടിവന്നു ലേഖനം പൂർത്തിയാക്കാൻ. ദേശാഭിമാനിക്ക് അയക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ‘ആയാൽ ഒരു തെങ്ങ് പോയാൽ ഒരു പൊങ്ങ്’ എന്നുമാത്രം നിനച്ചു. പത്താം ക്ലാസുകാരന്റെ അശുഭചിന്തകളെ അസ്ഥാനത്താക്കിക്കൊണ്ട് ‘ദേശാഭിമാനി’ നാലാം ദിവസം ലേഖനം പ്രസിദ്ധീകരിച്ചു. അന്ന് ദേശാഭിമാനിക്ക് നാല് പേജാണ്. രണ്ടാമത്തെ പേജാണ് എഡിറ്റ് പേജ്. ആ പേജിൽ മുഖ്യ ലേഖനമായിരുന്നു എന്റേത്.
തുടർന്ന് ധാരാളം സൃഷ്ടികൾ വെളിച്ചം കണ്ടു. ലേഖനങ്ങൾ, ഫീച്ചറുകൾ, കഥകൾ, സറ്റയർ, പരിസ്ഥിതിശാസ്‌ത്രം എന്നിങ്ങനെ വിവിധ ശാഖകളിൽ രണ്ടായിരത്തിൽപ്പരം രചനകളും 31 ഗ്രന്ഥങ്ങളും. അവയൊന്നും എന്റെ രചനയുടെ ഹരിശ്രീ പ്രകാശനവേളയിൽ അനുഭവിച്ച അസ്വസ്ഥതകൾക്കും ആകുലതകൾക്കും ഹർഷോന്മാദങ്ങൾക്കും ഒപ്പമെത്തുന്നില്ല.









0 comments