ജീവിച്ചിരിക്കുന്നു എന്നതാണ് സുഹൃത്തേ ഏറ്റവും നല്ല സുവിശേഷം

ഫീഡ്നോലി ആണല്ലോ സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. സുഹൃത്തുക്കളൊക്കെ, അതുവഴി ലഭിച്ച അജ്ഞാതസന്ദേശങ്ങൾ ഷെയർ ചെയ്‌ത് അർമാദിക്കുന്നത് കണ്ടപ്പോൾ ഞാനും ഇൻസ്റ്റാൾ ചെയ്‌തു ഫീഡ്നോലി.
ഊമക്കത്തിനായി വാതിൽ തുറന്നിട്ടാൽ അതിലേക്ക് എന്തൊക്കെ സാധ്യതകളുമായാണ് മനുഷ്യൻ പറന്നുവരിക! രസകരമായിരുന്നു സന്ദേശങ്ങൾ. ഇഷ്‌ടം, സ്‌നേഹം, വിയോജിപ്പ്, എതിർപ്പ്, പുച്ഛം, കളിയാക്കൽ, പ്രണയം, സെക്‌സ്... നമ്മൾ വലിയ സംഭവമാണെന്ന വണ്ടീക്കേറ്റൽ തുടങ്ങി ബഹുവിധമായ വികാരങ്ങൾ രണ്ടുദിനം കൊണ്ടുതന്നെ ഉടമസ്ഥനില്ലാതെ വന്നുചേർന്നപ്പോഴും അപൂർണതയുടെ ഒരസ്വസ്ഥത ബാക്കി. ഇതൊന്നും മാത്രമല്ലല്ലോ മലയാളി. ഇതൊന്നും മാത്രമല്ലല്ലോ വായനക്കാരൻ.
അങ്ങനെ മൂന്നാംനാൾ ഉച്ചയായി. ഫീഡ്നോലി തുറന്നപ്പോൾ ദാ കിടക്കുന്നു നമ്മളുദ്ദേശിച്ച സംഗതി... തെറി... കണ്ണുംമൂക്കും പൊട്ടിക്കുന്ന തരം ത്രയംബക തൃക്കാവടിയിൽ കടുകിട്ട് വറുത്ത പച്ചത്തെറിയുടെ പഞ്ചാരിമേളം. സമാധാനമായി. സർഗാത്മകതയുടെ സമ്പൂർണത. ഓൺലൈൻ സൈറ്റുകളിലും സെലിബ്രിറ്റി പേജുകളിലും തെറി കമന്റുകൾ വാരിമെഴുകാൻ മാത്രം ഫെയ്‌ക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി സായൂജ്യമടയുന്ന മലയാളി, സാധ്യതകളുടെ വിശാലമായൊരു മേഖല മുന്നിൽ കിട്ടിയിട്ടും അവഗണിക്കുന്നുണ്ടെങ്കിൽ പിന്നെ അവനെയെന്തിന് കൊള്ളാം. എന്നെയെന്തിന് കൊള്ളാം.
തെറികൾ വാരിവിതറിയതിനിടയിൽ, മിച്ചറിൽ കടലയെന്നതുപോൽ സന്ദേശം ഒരു ആവശ്യത്തെ ഉന്നയിച്ചിരുന്നു. ഞാൻ കവിതയെഴുത്ത് നിർത്തണമെന്ന്. ആലോചിച്ചുനോക്കുമ്പോൾ, ആറുമാസത്തിനിടയിലൊന്നും ഞാൻ കവിത എഴുതിയിട്ടില്ല. സദസ്സുകളിലോ ആൾക്കൂട്ടത്തിലോ സുഹൃത്തുക്കൾക്കോ സ്വന്തം കവിത ചൊല്ലി അത് സ്ഥാപിച്ചെടുക്കുന്നതിൽ പണ്ടേ വിമുഖതയുണ്ട് താനും. എന്നിട്ടും എന്താകും കാരണം! എന്നോ വായിച്ച രണ്ടു കവിത തെറിയയച്ച ആൾക്ക് ഇഷ്ടമായില്ല എന്നാണ് സൂചനകളിൽ കാണുന്നത്.
ജീവിതമോ സാഹിത്യമോ ആകട്ടെ, പല മനുഷ്യരും പല കാര്യത്തിലും അങ്ങനെയാണ്. തന്റെ തെരഞ്ഞെടുപ്പുകൾ പാളുമ്പോൾ ജെനറലൈസ് ചെയ്‌താണ് കൃതാർഥരാകുന്നത് അല്ലെങ്കിൽ പ്രതികാരം ചെയ്യുന്നത്. തനിക്ക് പഥ്യമല്ലാത്ത ബീഫ് ആരും കഴിക്കേണ്ടതില്ല എന്നുകൽപ്പിക്കുന്ന കാലത്തിന്റെ മിനിയേച്ചർ കോപ്പി തന്നെ ഇത്തരം ആവശ്യങ്ങൾ.
മൂന്നരക്കോടി മലയാളികൾ ഉണ്ടെന്നാണ് കണക്ക്. അവർക്ക് വിഭിന്നയിനം വായന സുഖങ്ങൾ പകരാനായി ആയിരക്കണക്കിനു കവികളുമുണ്ട്. അവനവന് ഇണങ്ങുന്നത് തേടിയെടുക്കുന്നതിലാണ് മിടുക്ക്. തനിക്ക് ഉൾക്കൊള്ളാനാകാത്ത എഴുത്തിന് വേറെ എവിടെയെങ്കിലും ആവശ്യക്കാരുണ്ടാകുമെന്ന‌് മനസ്സിലാക്കാനുള്ള കോമൺസെൻസാണ് സഹൃദയത്വത്തിന്റെ ആദ്യത്തെ സ്റ്റെപ്പ്.
കവികളുടെ എണ്ണം പെരുകുന്നത് പിടിച്ചുപറിക്കാരുടെയോ ബലാൽസംഗികളുടെയോ അനിയന്ത്രിതാവസ്ഥ പോലെ ആകുലതയിൽ കാണുന്നവരുണ്ട്. പക്ഷേ, ലക്ഷം കവികൾ ഉണ്ടെങ്കിൽ അവരോരുത്തരോടും നിരുപാധികവും നിസീമവുമായ സ്‌നേഹമാണ് എനിക്ക്. ഓരോ കവിക്കും അവന്റേത്/അവളുടേത് മാത്രമായ ഒരു വായനക്കാരനെങ്കിലും ഉണ്ടാകും. പഴകിയ കവിതകൾ ഉണ്ടാകുന്നത് പഴകിയ വായനക്കാർ ഉള്ളതുകൊണ്ടാണ്. മോശം കവിതയുണ്ടാകുന്നത് മോശം വായനക്കാരുള്ളതുകൊണ്ടും.
ഒരു കവിയും ഒരു പഴകിയ മോശം കവിത എഴുതാമെന്ന് കരുതി പേപ്പറിനോ കീബോർഡിനോ മുന്നിൽ ഇതുവരെ ഇരുന്നിട്ടുണ്ടാകില്ല. നിങ്ങളുടെ ‘മോശം' എല്ലാവരുടെയും മോശമാകില്ല. ചിലർക്കാകട്ടെ അത് ഉൽക്കൃഷ്ടം തന്നെയാകും. നിങ്ങളുടെ ‘മികച്ചത്' ചിലപ്പോൾ മറ്റുള്ളവന് ഒരക്ഷരംപോലും മനസ്സിലാകില്ല. അവനതിനെ ഉഡായിപ്പ് എന്നാകും വിശേഷിക്കുക. എല്ലാവർക്കും സ്‌പേസുണ്ട് എന്ന കേവലമായ ജനാധിപത്യബോധമെങ്കിലും കാണിക്കാൻ ശ്രമിക്കണം.
ഇറങ്ങുന്ന സിനിമയൊക്കെ കണ്ട് ചില വെബ്പോർട്ടലുകൾക്കായി അതേക്കുറിച്ച് എഴുതുക എന്നൊരു പരിപാടികൂടി ചെയ്യാറുണ്ട് ഞാൻ ഉപജീവനാർഥം. റിവ്യു എഴുത്തിലും എന്റെയൊരു നയം ഇതുതന്നെയാണ്. എനിക്ക് ഇഷ്ടപ്പെട്ടു അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല, അതിന് ഇന്നയിന്ന കാരണം. എനിക്ക് തോന്നിയ പരിമിതികൾ/മികവുകൾ. അതല്ലാതെ എന്റെ ചോയിസ‌് അല്ലാത്തോണ്ട് അത് ആരും ഇഷ്ടപ്പെടാൻ പാടില്ല . പടം പൊളിയേണ്ടതാണ് അങ്ങനെയുള്ള തീർപ്പുകളും ആഹ്വാനങ്ങളും ഒന്നുമില്ല. അങ്ങനെ ചെയ്‌താൽ പിന്നെ ഫാസിസത്തിനെതിരെ സംസാരിക്കാൻ നമുക്കെന്താണ് അവകാശം!!
സിനിമ കണ്ടാൽ അര മണിക്കൂറിൽ റിവ്യൂ എഴുതാം . യാത്ര പോയാൽ ട്രാവലോഗ് എഴുതാം. പക്ഷേ, അതുപോലെ വരുന്ന ഒരു സംഗതി അല്ല കവിത. അതുകൊണ്ടാണ് ആറുമാസവും അതിൽ കൂടുതലുമൊക്കെ കവിതകൾക്കിടയിൽ ഇടവേള ഉണ്ടാകുന്നത്. നരേന്ദ്ര മോഡിയൊക്കെ കേന്ദ്രത്തിൽ സംഭവിച്ചശേഷം നല്ല ടൈറ്റാ... മനുഷ്യൻ കെടന്ന് നരകിക്കുമ്പോൾ നീ/ഞാൻ/പൂവ്/മഴ/പ്രണയം/ആകാശം എന്നൊക്കെ ചേരുംപടി ചേർത്ത് കുലുക്കി എഴുതാനിരുന്നാൽ ചുരുങ്ങിയപക്ഷം മനസ്സാക്ഷിയെങ്കിലും കുത്തിന് പിടിച്ചെണീപ്പിച്ച് മുട്ടുകാല് കേറ്റൂല്ലേ... പേടിയുണ്ട്. അതിലുപരി ഉളുപ്പും!
സ്വന്തമായൊരു രാഷ്ട്രീയമോ എന്റേതെന്ന് പറയാവുന്ന ഒരു സിഗ്നേച്ചറോ ഉള്ള കവിതകളേ പണ്ടും എഴുതാറുള്ളൂ. അതു വായനക്കാരെ എത്രത്തോളം സുഖിപ്പിക്കുന്നുവെന്നത് രണ്ടാമത്തെ വിഷയം. കാലമിട്ട് ഞെരുക്കുമ്പോൾ അതിന്റേതായ എല്ലാവിധ അസ്വസ്ഥതയും കവിതകളിലും ഉണ്ടാകണമെന്ന് വിശ്വസിക്കുന്നു. രണ്ടുമൂന്നു കൊല്ലമായി എഴുതുന്ന കവിതകളിൽ മിക്കതിനും 'രാഷ്ട്രമീമാംസ’ എന്നൊരു പൊതുശീർഷകമാണ്. കാരണം വിശദീകരിക്കേണ്ടതില്ലല്ലോ.
ഒരു കവിത മനസ്സിൽ തോന്നി അത് കടലാസിൽ (ഇപ്പോൾ ഫെയ്സ്ബുക്കിൽ) എഴുതിയിടുന്നതോടുകൂടി അതിനെ കവിതയെന്ന് വിളിക്കുന്ന ഒരാളല്ല ഞാൻ പണ്ടുമുതലേ. എന്നെ സംബന്ധിച്ച് അത് കുറച്ച് നീണ്ട ഒരു പ്രൊസസാണ്. പഴഞ്ചനെന്നും വിശേഷിപ്പിക്കാം. എഴുതുന്നത് ഒരു കവറിലിട്ട് ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിലേക്ക് അയക്കുകയും അവിടത്തെ ഏതെങ്കിലും സബ് എഡിറ്റർ അത് തപാൽ കെട്ടുകൾക്കിടയിൽനിന്ന് കണ്ടെടുത്ത് പത്രാധിപസമിതിക്ക് മുന്നിൽ വച്ച് അവർ അതിൽ തീരുമാനമെടുത്ത് അച്ചടിക്കുകയും പുറത്തുവന്നശേഷം അതാരെങ്കിലുമൊക്കെ വായിച്ച് അഭിപ്രായം പറയുകയും ചെയ്‌തശേഷം മാത്രമേ ഞാൻ അതിനെ കവിതയെന്ന് വിളിക്കാറുള്ളൂ.
ആദ്യകാലങ്ങളിലൊക്കെ കവിത പുറത്തുവരാൻ നല്ല പാട് തന്നെയായിരുന്നു. ഇപ്പോൾ ചിലപ്പോൾ ഇങ്ങോട്ട് ചോദിക്കാനൊക്കെ തുടങ്ങിയിട്ടുണ്ട് (എന്തുകാര്യം! എറ്റിഎം കൗണ്ടറില്ലല്ലോ കവിതയ്‌ക്ക്). ഇങ്ങനെ പ്രസിദ്ധീകരിച്ചുവന്ന കവിതകൾ മാത്രം ഒരുക്കൂട്ടിയാണ് പുസ്‌തകമാക്കുന്നത്. ഈ 20 കൊല്ലത്തിനിടയിൽ എട്ടു പുസ്‌തകത്തിൽ ആറും കവിതാ സമാഹാരങ്ങൾ. ആദ്യത്തെ ഒരു പുസ്‌തകമൊഴികെ ബാക്കിയെല്ലാം പ്രസാധകരുടെ മാത്രം താൽപ്പര്യപ്രകാരം വന്നവ. പിന്നെങ്ങനെയാണ് എന്റെ കവിതയ‌്ക്ക‌് ഞാൻ മാത്രം ഉത്തരവാദിയാകുക!
ഓർത്തുനോക്കിയാൽ ഇതുതന്നെ മഹാവിസ്‌മയം. ഓർമയിലോ പരിചയത്തിലോ ബന്ധുത്വത്തിലോ നാട്ടിലോ ഒരു സാഹിത്യകാരനും എഴുത്ത് തുടങ്ങുംവരെ വഴികാണിക്കാൻ ഉണ്ടായിട്ടില്ല. നീ എന്നതിന് ഇജ്ജ് എന്നും നിന്റെ എന്നതിന് എന്റെ എന്നും എന്റെ എന്നതിന് ഇന്റെ എന്നുമൊക്കെയാണ് പുൽപ്പറ്റ എന്ന ഏറനാടൻ ഗ്രാമത്തോടൊപ്പം ഞാനും നാട്ടിലെത്തിയാൽ സംസാരിക്കുന്നത്. സുഖിപ്പിക്കുന്ന രീതിയിൽ എഴുതാനും സംസാരിക്കാനും അറിയാത്തതുകൊണ്ട് ഗോഡ്ഫാദർമാരില്ല. എന്നിട്ടും സാഹിത്യത്തിന്റെ പേരിൽ അതിജീവിക്കാനായല്ലോ. അതിൽക്കവിഞ്ഞെന്ത് മഹാത്ഭുതം.
ഇക്കൊല്ലം പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ അതിഥിയായി സാംസ്‌കാരിക പ്രസംഗത്തിന് ക്ഷണിച്ചിരുന്നു. സ്റ്റേജിൽ ഇരിക്കുമ്പോൾ മനസ്സ‌് മാത്രമല്ല, കണ്ണും നിറഞ്ഞു. അച്ഛൻ സാദാ പൊലീസുകാരനായിരുന്നു. 12 വയസ്സുവരെ ഞാൻ ഉറങ്ങുംവരെ അച്ഛൻ കഥ പറഞ്ഞുതന്നു. അത്യന്തം ദുഷ്‌കര സാഹചര്യങ്ങളിൽ വളർന്നുവലുതായ, സ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള അച്ഛന് ഇതിഹാസങ്ങളും പുരാണങ്ങളും ഇടകലർത്തിയുള്ള കുട്ടിക്കഥകൾ എങ്ങനെ ഇത്ര മനോഹരമായി പറഞ്ഞുതരാനായെന്ന് ഒരു പിടിയുമില്ല. എനിക്ക് കൈയിലുള്ള സാഹിത്യമൂലധനം അതുമാത്രം. പൊലീസുകാരൻ എന്ന നിലയിൽ അച്ഛന് ഒരിക്കലും തന്റെ ഓഫീസർമാരുടെയോ മന്ത്രിമാരുടെയോ കൂടെ സ്റ്റേജിൽ ഇരിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. പക്ഷേ, അന്നു വിതച്ചിട്ട വിത്തുകളുടെ പേരിൽ മകനായ എനിക്ക് ചിലപ്പോഴൊക്കെ സാധിക്കുന്നു. കണ്ണുനിറയാതെന്ത് ചെയ്യും.
ഇത്രയൊക്കെയാണ് കവിതയിൽനിന്ന് കിട്ടുന്ന ചെറിയ സന്തോഷങ്ങളും വലിയ സന്തോഷങ്ങളും. അതിലപ്പുറം കാലം വളരെ മോശമാണ്. എഴുത്ത് മധുരതരമാകണമെന്ന് വാശിപിടിക്കരുത്. ജീവിച്ചിരിക്കുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ സുവിശേഷം. പരസ്‌പരം സ്‌നേഹിക്കാനാകുന്നു എന്നതും.
അതുകൊണ്ട്... പ്ലീസ്,
ആത്മഹത്യ ചെയ്യാൻ പറയരുത്
എഴുത്തിലായാലും ജീവിതത്തിലായാലും...
വെടിവച്ചോളൂ വേണമെങ്കിൽ...









0 comments