ഉടൽതടവ് ഭേദിക്കുന്ന ചിറകടിയൊച്ചകൾ

മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവി, ഇതാ, കാലങ്ങളായി നിലനിന്നുപോരുന്ന കാവ്യഭാവുകത്വങ്ങൾക്കപ്പുറത്ത് താൻ ജീവിച്ചുതീർത്ത അപരിചിതവും തീവ്രവും പലപ്പോഴും ഏകാന്തവുമായിരുന്ന ഒരനുഭവലോകത്തിന്റെ കൊടിപ്പടം നാട്ടുന്നു. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ദൈവത്തിന്റെ മകൾ എന്ന വിജയരാജമല്ലികയുടെ ആദ്യ കവിതാസമാഹാരം കവിതയുടെ കല്ലുളികൊണ്ട് സാമാന്യബോധത്തിന്റെ അധികാരയുക്തികളെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന അനിതരസാധാരണമായ ഒരു രാഷ്ട്രീയ ഇടപെടലായി വികസിക്കുന്നു. നിലനിൽക്കുന്ന ദ്വന്ദലോകത്തിനപ്പുറത്ത് അടയാളപ്പെടുത്തപ്പെടേണ്ടതായ വൈവിധ്യമാർന്ന മാനസികവ്യാപാരങ്ങളെയും അവയുടെ നിഴലനക്കങ്ങളെയും രാഷ്ട്രീയമായ ഉൾക്കാഴ്ചയോടെ ആവിഷ്കരിക്കുന്നു. 'തുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതത്തിൻ കടലേ ഞങ്ങൾ കവികൾക്ക് കവിതയ്ക്ക് മഷിപ്പാത്രം' എന്നു മാറിയ കാലത്തിന്റെ ഭാഷയിൽ പാടുന്നു. കാവ്യജീവിതം ഈ സമാഹാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയജീവിതംകൂടിയായി മാറുന്നത് ഒട്ടമ്പരപ്പോടെ നമ്മളറിയുന്നു.
ഈപുസ്തകത്തിലെ അമ്പതോളം കവിതകൾ അത്ര ചെറുതല്ലാത്ത ഒരനുഭവഭൂഖണ്ഡത്തെ വരച്ചുകാട്ടുന്നു. രാജധാനി എന്ന കവിതയിൽ മുത്തശ്ശി പറഞ്ഞ യക്ഷിക്കഥയോർത്ത്, ഹൃദയം യന്ത്രയൂഞ്ഞാലിൽ ആടി ഉറക്കം ഞെട്ടിയുണർന്നപ്പോൾ, ഈ രാജധാനിയിലെ യക്ഷികളെല്ലാം എവിടെയായിരിക്കുമെന്ന് ചോദിക്കുന്ന കവിതന്നെയാണ് പേക്കിനാവ് എന്ന കവിതയുടെ ഒടുക്കം 'വയ്യിനി കരയുവാൻ എൻമിഴി കോണിൽ ഇല്ലൊരു നീർമിഴിപോലും' എന്നു തിരിച്ചറിയുന്നത്. രക്തം ചിന്താത്ത പൗർണമികൾ, പക്ഷേ നീതി, പ്രേതവിചാരം എന്നീ കവിതകളൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ സിവിൽ ജീവിതത്തിന്റെ ഇസ്തിരി വടിവുകളെ അനുഭവക്കനലുകൾകൊണ്ട് അകംപുറം മറിച്ചു പുറത്തിടാൻമാത്രം കരുത്തുറ്റവതന്നെ. ട്രാൻസ്ജെൻഡർ സമൂഹത്തിന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള അടിസ്ഥാനബാധ്യതകളിൽനിന്നുപോലും ഭരണകൂടങ്ങൾ സൗകര്യപൂർവം ഒഴിഞ്ഞുമാറുമ്പോൾ സൃഷ്ടിക്കപ്പെടുന്ന നേരനുഭവങ്ങളുടെ വീർത്തുപൊട്ടുന്ന മറുഭാഷ മറപ്പുരപോലുള്ള കവിതകൾക്ക് നിമിത്തമാകുന്നു.








0 comments