ആണെഴുത്തും പെണ്ണെഴുത്തും എന്നപോലെ ആൺസംഗീതം, പെൺസംഗീതം എന്ന പ്രയോഗം മലയാളത്തിൽ ഇന്നോളം കേട്ടിട്ടില്ല. സംഗീതസംവിധാനം എന്ന സാഹസത്തിന് മുതിർന്ന സ്ത്രീകൾ നന്നേ കുറവ്്. നവതിയിലെത്തിയ മലയാള സിനിമയിൽ ഇന്നോളം പെൺപ്രണയവും വിരഹവും സൗന്ദര്യവും ദുഃഖവുമെല്ലാം വർണിക്കാൻ സംഗീതമൊരുക്കിയത് ആൺ സംഗീതജ്ഞരാണ്. എന്നാൽ, പുതിയകാലത്തിന്റെ ദൗത്യം പേറി മലയാളത്തിൽ രണ്ടു ഗായികമാർ സംഗീതസംവിധാനരംഗത്തേക്ക് കടന്നു. ചലച്ചിത്രഗാനരംഗത്ത് പത്തുവർഷത്തോളം പിന്നിട്ട അനുഭവസമ്പത്തുമായി സൗഹൃദങ്ങളുടെ നിർബന്ധത്തിനുവഴങ്ങി സംഗീതസംവിധായകരായ രണ്ടു പെൺകുട്ടികൾ. സിതാര കൃഷ്ണകുമാർ, സയനോര ഫിലിപ്പ്. വലിയ വെല്ലുവിളികൾ അവർക്കു മുന്നിലുണ്ട്. അങ്കലാപ്പുണ്ടെങ്കിലും ക്ഷമയോടെ അവയെ നേരിടാനുള്ള ഉൾക്കരുത്തുണ്ട് അവർക്ക്. പുതിയ തലമുറയുടെ കടന്നുവരവോടെ ചലച്ചിത്രഗാനരംഗത്താകെയുണ്ടായ മാറ്റത്തിന്റെ പ്രതിഫലനമാണ് ഇവർ.
'ഭൂപ്രകൃതിയും രാഷ്ട്രീയ സാംസ്കാരിക ചരിത്രവുമെല്ലാം കാലാകാലങ്ങളായി സംഗീതത്തിൽ പ്രതിഫലിക്കുന്നുണ്ടെങ്കിൽ സംഗീതം സൃഷ്ടിക്കുന്ന ആളിന്റെ ജെൻഡറും സംഗീതത്തിൽ പ്രതിഫലിക്കേണ്ടതല്ലേ'യെന്ന്് ചോദിക്കുന്നു സിതാര. രാത്രിയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് അഭിവാദ്യമർപ്പിച്ച് ഒരുക്കിയ 'എന്റെ ആകാശം' എന്ന ഗാനത്തിലൂടെയാണ് സിതാര ആദ്യമായി സംഗീത സംവിധനത്തിലേക്ക് കടക്കുന്നത്്. പിന്നീട് സാമൂഹ്യനീതിവകുപ്പിന്റെ 'അനുയാത്ര' ക്യാമ്പയിനുവേണ്ടി സിതാരയുടെ സംഗീതത്തിൽ പി ജയചന്ദ്രൻ ആലപിച്ച ഗാനം പുറത്തുവന്നു. ഉണ്ണിക്കൃഷ്ണൻ ആവള ഒരുക്കുന്ന 'ഉടലാഴ'ത്തിലൂടെയാണ് സിതാര സിനിമസംഗീതത്തിലേക്ക് കടക്കുന്നത്. സംഗീതപഠനകാലം മുതൽ ഒപ്പമുള്ള മിഥുൻ ജയരാജിനൊപ്പമാണ് സിനിമയിലെ ഗാനങ്ങൾ ഒരുക്കിയത്. ആദിവാസിജീവിതം പ്രമേയമാകുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും. യുവ ഡോക്ടർമാരുടെ കൂട്ടായ്മയായ 'ഡോക്ടേഴ്സ് ഡിലമ'യാണ് സിനിമയുടെ നിർമാണം. സിതാരയുടെ ഭർത്താവ് ഡോ. സജീഷ് കൂട്ടായ്മയിൽ അംഗമാണ്. 'കഥ പറഞ്ഞ കഥ' എന്ന സിനിമയുടെ ടൈറ്റിൽ സോങ്ങിനും സിതാര സംഗീതം ഒരുക്കി. ചലച്ചിത്രപിന്നണിഗാനമേഖലയിൽനിന്ന് ആവേശകരമായ അനുഭവമാണ് സിതാരയ്ക്ക് ലഭിച്ചത്.
സിതാര പറയുന്നു

എല്ലാ പാട്ടുകാരിലും സംഗീതസംവിധായകരുണ്ട്്. പാടാൻ വേണ്ടി പുതിയ ട്യൂണുകൾ ഉണ്ടാക്കുന്നത് എന്റെ ശീലമായിരുന്നു. അപക്വമായ അത്തരം പരീക്ഷണങ്ങൾ മറ്റുള്ളവരെ കേൾപ്പിക്കുന്ന വിധം ഓർക്കസ്ട്രേഷനോടെ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം ലഭിച്ചത്, എന്റെ സംഗീതപഠനത്തിൽനിന്നാണ്. ഗായിക എന്ന നിലയിൽ ഓരോ പാട്ടും ഓരോ പാഠങ്ങളായിരുന്നു. മികച്ച സംഗീതസംവിധായർക്കൊപ്പം പ്രവർത്തിക്കാനായി. അങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ സ്വയം പരീക്ഷിച്ചുനോക്കിയാണ് സംഗീത പ്രോഗ്രാമിങ്ങിലേക്ക് കടന്നത്്.
സിനിമാസംഗീതം
സ്വന്തം അഭിരുചിക്ക് അനുസരിച്ച് സംഗീതം ഒരുക്കാൻ എളുപ്പമാണ്. എന്നാൽ, സിനിമയ്ക്കുവേണ്ടി സംഗീതം ഒരുക്കണമെങ്കിൽ സ്വന്തം ഇഷ്ടംമാത്രം പരിഗണിച്ചാൽ പോര. മറ്റുള്ളവരുടെ ആവശ്യത്തിന് അനുസൃതമായി സംഗീതം ഒരുക്കണം. കൂട്ടായ്മയിലൂടെ അത്തരത്തിൽ സംഗീതം പിറവിയെടുക്കുന്നത് അത്ഭുതകരമായ പ്രക്രിയയാണ്. രണ്ടു സിനിമയിലും സുഹൃത്തുക്കൾക്ക് ഒപ്പമാണ് പ്രവർത്തിച്ചത്. സംഗീതം രൂപപ്പെടുത്തുന്ന പ്രക്രിയ ശരിക്കും ആസ്വദിക്കാനായി. സംഗീതമേഖലയിലെ മുതിർന്നവരിൽനിന്ന് അകമഴിഞ്ഞ പിന്തുണ ലഭിച്ചു. അനുഭവപരിചയത്തിലൂടെ ലഭിച്ച അറിവുകൾ പകർന്നുതരാൻ അവർ മടികാണിച്ചിട്ടില്ല.
തൊഴിലിടം
ചലച്ചിത്രസംഗീതമേഖലയിൽ പത്തുവർഷം പിന്നിടുമ്പോൾ ഇവിടെ തൊഴിലിടത്തിൽ ആൺ‐പെൺ വേർതിരിവ് ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. പ്രതിഭക്ക് ആൺ‐പെൺ വ്യത്യാസമില്ല. എന്നാൽ, സംഗീതസംവിധാനം എന്ന തൊഴിൽ ആവശ്യപ്പെടുന്ന അധികസമയം മാറ്റിവയ്ക്കാൻ പലകാരണങ്ങളാൽ സ്ത്രീകൾക്ക് കഴിയാറില്ല. ഒരു ഗായികയ്ക്ക് പാട്ട് റെക്കോഡ് ചെയ്യാൻ പരമാവധി ഒന്നോ രണ്ടോ മണിക്കൂർ ചെലവിട്ടാൽ മതി. പക്ഷേ, ഒരു സംഗീതസംവിധായികയ്ക്ക് അങ്ങനെയല്ല, രാത്രിയും പകലുമില്ലാതെ മാസങ്ങളോളം പ്രയത്നിക്കേണ്ടിവരും ഒരു ഗാനമൊരുക്കാൻ. കേരളീയ കുടുംബചുറ്റുപാടുകളിൽ പലർക്കും അതിനു കഴിയുന്നില്ല. പുഷ്പവതിചേച്ചിയെയും സംഗീതവർമയെയും പോലുള്ളവർ സ്വന്തം നിലയിൽ സംഗീതസംവിധാനമേഖലയിൽ ഇടപെട്ടിട്ടുണ്ട്്്. എന്നാൽ, പുതിയതലമുറ ഗാനാലാപനത്തിൽ മാത്രം ഒതുങ്ങാൻ ഇഷ്ടപ്പെടുന്നില്ല. സംഗീതസംവിധാനത്തിന്റെ സാങ്കേതിക സംവിധാനങ്ങൾ മനസ്സിലാക്കാനും പ്രയോഗിക്കാനും ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്്. സാങ്കേതികവിദ്യയുടെ വരവ് കാര്യങ്ങൾ ലളിതമാക്കി. അഭ്രപാളിയിൽ പെൺമനസ്സിന്റെ വൈകാരികതയ്ക്ക് ഗാനരൂപമൊരുക്കാൻ പെൺസംഗീതസംവിധായകർക്ക് വലിയസാധ്യത തുറന്നുകിടക്കുന്നുവെന്നും സിതാര പറയുന്നു.
പ്രോജക്ട്് മലബാറിക്കസ്
ദക്ഷിണേന്ത്യൻ ഭാഷകളിൽ ഇരുനൂറിലേറെ ഗാനങ്ങൾ ഇതിനോടകം ആലപിച്ച സിതാരയുടെ പതിനഞ്ചിലേറെ ഗാനങ്ങൾ ഈ വർഷം പുറത്തുവരാനുണ്ട്്. ഇടവേളകളിൽ കൂട്ടുകാർക്കൊപ്പം രൂപീകരിച്ച പ്രോജക്ട് മലബാറിക്കസ് എന്ന ബാൻഡിന്റെ തിരക്കിൽ.
സയനോര പറയുന്നു
.jpg)
മലയാളസിനിമയിൽ ആദ്യമായി പശ്ചാത്തലസംഗീതമൊരുക്കിയ സ്ത്രീ ആരെന്ന ചോദ്യത്തിന് സയനോര ഫിലിപ്പ് എന്ന് ഇനി ഉത്തരം പറയാം. മലയാള സിനിമയുടെ 90 വർഷത്തെ ചരിത്രത്തിൽ ഇന്നോളം സ്ത്രീകൾ കടന്നുവരാൻ ഭയന്ന രംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ് കണ്ണൂരിന്റെ പാട്ടുകാരി സയനോര. 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന സുരാജ് ചിത്രത്തിൽ സുഹൃത്തും സംവിധായകനുമായ ജീൻ മാർക്കോസിന്റെ നിർബന്ധത്തിനുവഴങ്ങി സംഗീതസംവിധാനം ഏറ്റെടുത്തു. പശ്ചാത്തലസംഗീതം കൂടി ചിട്ടപ്പെടുത്തി. സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂട് ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയതും സയനോര. 'ഹേ ജൂഡി'ൽ തൃഷയ്ക്കുവേണ്ടി ശബ്ദം നൽകുകയും ചെയ്തു. സിനിമയ്ക്കു പിന്നിലെ അപ്രതീക്ഷിതവഴികൾ പിന്തുടരുകയാണ് പ്രിയപാട്ടുകാരി. കൈവന്ന അവസരത്തോട് 'നോ' പറയാനുള്ള മടിയാണ് തന്നെ സംഗീതസംവിധായികയാക്കിയതെന്ന് സയനോര.
പത്തു‐പതിനാലുവർഷത്തിലേറെയായി അടുത്തുപരിചയമുള്ള ജീൻ മാർക്കോസ് താൻ ചെയ്യുന്ന സിനിമയ്ക്ക് സംഗീതമൊരുക്കാമോയെന്ന് ചോദിച്ചപ്പോൾ ആദ്യം ഭയമായിരുന്നു. ഇന്നോളം ഒരു സ്ത്രീയോടും ഒരു സംവിധായകനും ഈ ചോദ്യം ചോദിച്ചിട്ടുണ്ടാകില്ല എന്ന ചിന്ത പ്രചോദനമായി. സംഗീതസംവിധാനം തുടങ്ങിയാൽ പിന്നീട് പാട്ടുപാടാൻ ആരും വിളിക്കാതെയാകും എന്ന് ചില കൂട്ടുകാർ ഉപദേശിച്ചു. എന്നാൽ, കിട്ടിയ അവസരം കളയാൻ തോന്നിയില്ല. അങ്ങനെ ജീൻ മാർക്കോസിന്റെ നിർബന്ധത്തിനു വഴങ്ങി. സിനിമയ്ക്കുവേണ്ടി നാലുപാട്ടൊരുക്കി. ചിത്രത്തിലൂടെ സുരാജ് വെഞ്ഞാറമ്മൂട് ആദ്യമായി പിന്നണിഗായകനായി. ട്യൂണിട്ടപ്പോൾ വെറുതേ കുത്തിക്കുറിച്ച വരികൾ തന്നെയാണ് സിനിമയിൽ സുരാജേട്ടൻ പാടുന്നത്. അങ്ങനെ ഞാൻ പാട്ടെഴുത്തുകാരിയുമായി.
അച്ഛന്റെ അഭിമാനം
പശ്ചാത്തലസംഗീതം ഒരിക്കൽ തീർത്തും വെല്ലുവിളിയായിരുന്നു. സിനിമയുടെ പ്രാരംഭചർച്ചയിൽ മുതൽ ഒപ്പമുണ്ടായിരുന്നതിനാൽ ഓരോ സ്വീക്വൻസിലും ആവശ്യമുള്ളത് എന്ത് എന്ന ധാരണയുണ്ടായിരുന്നു.
കുട്ടിക്കാലത്ത് അച്ഛൻ എന്നെ സംഗീതം പഠിപ്പിക്കാൻ നിർബന്ധിച്ച് കൊണ്ടുനടക്കുമായിരുന്നു. വെസ്റ്റേൺ പഠിച്ചതിനൊപ്പം 12വർഷം കർണാടിക് സംഗീതവും പഠിച്ചു, തബല, വീണ, ഗിത്താർ, വയലിൻ തുടങ്ങിയ വാദ്യോപകരണങ്ങൾക്ക് തുടർച്ചയായി അഭ്യസിച്ചു. അച്ഛന്റെ അന്നത്തെ നിർബന്ധംപിടിക്കലിന് ഇപ്പോൾ അർഥമുണ്ടായി എന്ന് തോന്നുന്നു. കുട്ടിക്കാലം മുതൽ വാദ്യോപകരണങ്ങൾ പഠിച്ചത് പശ്ചാത്തലസംഗീതം ഒരുക്കാൻ ഏറെ സഹായകമായി. ഞാൻ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയതിൽ അച്ഛന് അഭിമാനമുണ്ടെന്ന് തോന്നുന്നു. എന്നോട് പറഞ്ഞില്ലെങ്കിലും അനുജനോട് അച്ഛനത് പറഞ്ഞു.
റഹ്മാൻ അറിഞ്ഞിട്ടില്ല
റഹ്മാൻ സാറിനൊപ്പം നാലുവർഷം പ്രവർത്തിക്കാനായത് വലിയൊരു സംഗീതവിദ്യാഭ്യാസമായിരുന്നു. കോറസ് പാടാൻ പോയ എനിക്ക് അദ്ദേഹത്തോടൊപ്പം പാടാനായി. ഗാനാലാപനത്തിന്റെ നിരവധി സാങ്കേതികതകൾ പഠിച്ചു. മികച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം ലഭിച്ചു. സിനിമയ്ക്ക്് സംഗീതമൊരുക്കിയത്് ഇതുവരെ അദ്ദേഹത്തെ അറിയിച്ചിട്ടില്ല. ദേശീയപുരസ്കാര ജേതാവായ സൗമ്യ സദാനന്ദൻ ഒരുക്കുന്ന കുഞ്ചാക്കോ ബോബൻ നായകനായ സിനിമയുടെ സംഗീതമൊരുക്കലാണ് അടുത്ത ദൗത്യം
നല്ലമാറ്റത്തിന്റെ തുടക്കം
ചലച്ചിത്രസംഗീതമേഖലയിൽ നല്ലൊരുമാറ്റത്തിനാണ് തുടക്കമാകുന്നത്. സംഗീത അവബോധമുള്ള പെൺകുട്ടികൾ ഇപ്പോൾ പാട്ടിന്റെ വഴിയിൽ മാത്രം ഒതുങ്ങാൻ ഇഷ്ടപ്പെടുന്നില്ല. സ്ത്രീകൾക്കും ഇതെല്ലാം കഴിയും എന്ന ആത്മവിശ്വാസം ലഭിച്ചുതുടങ്ങിയിരിക്കുന്നു. മുമ്പ് ബോളിവുഡിൽ ഉഷ ഖന്ന ഉണ്ടായിരുന്നു. കാസനോവയിൽ ഒരു പാട്ടൊരുക്കിയ ഗൗരിലക്ഷ്മി, ഇയോബിന്റെ പുസ്തകത്തിൽ പാട്ടൊരുക്കിയ നേഹ, ഇപ്പോൾ സിതാര... അങ്ങനെ മലയാളത്തിലും പുതിയതലമുറ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാനായി മുന്നോട്ട് വന്നുതുടങ്ങി.
0 comments