ഓർമ്മയുണ്ടോ ഈ മുഖം...

ജീവിതത്തിലെ ചില ഘട്ടങ്ങളുണ്ട്. ഏവരെയും ഒന്ന് നിസ്സഹായരാക്കിക്കളയുന്ന ഘട്ടങ്ങൾ. ജീവിതയാത്രയിലെ ഓരോ അനുഭവങ്ങളാണ് അത്. അനുഭവിച്ചുതന്നെ തീരണം.
ഒരുദാഹരണം. രാമൻപിള്ള അമ്മാവൻ കിടപ്പിലാണ്. കർമകാണ്ഡമൊക്കെ പൂർത്തിയാക്കിയിട്ടുള്ള കിടപ്പ്. എന്നുവച്ചാൽ അവസാനനാളുകൾ. അമ്മാവന് ‘തീരെ വയ്യ', ‘കിടപ്പിലാണ്' എന്നൊക്കെയുള്ള വാർത്തകേട്ട് നമ്മൾ ഒന്ന് അന്വേഷിച്ചുചെല്ലും. നമ്മൾ അന്വേഷിച്ച് ചെല്ലുമ്പോൾ വീട്ടിൽ അമ്മാവന്റെ മകനോ മകളോ അനന്തരവളോ ഒക്കെ പുറത്തുണ്ട്.
നമ്മളെ വീട്ടുകാർ അമ്മാവന്റെ മുറിയിലേക്ക് നയിക്കുന്നു. “അച്ഛാ'' മകൾ വിളിക്കുന്നു. “ഇതാരാ വന്നേയ്ക്കുന്നതെന്ന് നോക്കണം''.
പാവം രാമൻപിള്ള അമ്മാവൻ. ഉറക്കംവരാതെ കണ്ണുമിഴിച്ചുള്ള കിടപ്പിനിടയിൽ മഹാഭാഗ്യംപോലെ കിട്ടിയ ഒന്നരഗ്രാം ഉറക്കത്തിലേക്ക്, പരമ്പരാഗതഭാഷയിൽ പറഞ്ഞാൽ, വഴുതിവീഴുമ്പോഴാണ് ഈ ഒച്ചപ്പാടും ഉണർത്തലും.
രാമൻപിള്ള കണ്ണുമിഴിക്കുന്നു.
“ഇതാരാണെന്ന് മനസ്സിലായോ?'' വീട്ടുകാർ ചോദ്യോത്തരപംക്തി തുടങ്ങുന്നു.
അമ്മാവൻ ‘മിഴുമിഴാ' എന്ന് നോക്കുന്നു. വായ് പകുതി തുറന്നിരിക്കുകയാണ്.
വീട്ടുകാർ വോള്യം ഒന്നുകൂട്ടുന്നു. “ആരാണെന്ന് മനസ്സിലായോ?''
(സത്യം പറഞ്ഞാൽ ‘ഇറങ്ങിപ്പോയിനെടാ' എന്നുപറഞ്ഞ് തൊഴിച്ചിറക്കണമെന്നുണ്ട് അമ്മാവന്. പക്ഷേ, എന്തുചെയ്യാം. മനസ്സെത്തുന്നിടത്ത് കാലെത്താത്ത ഘട്ടമായിപ്പോയി).
ഇതിനിടയിൽ ചെന്നയാൾ ഒന്ന് സ്വയം പരിചയപ്പെടുത്താൻ ശ്രമിക്കും... “ഞാൻ കിഴക്കെ....''
നമ്മൾ എന്തോ മഹാപരാധം ചെയ്യുകയാണെന്നമട്ടിൽ വീട്ടുകാർ ചാടിവീണ് ബ്ലോക്ക് ചെയ്തുകളയും.
“വേണ്ട വേണ്ട. അച്ഛന് അറിയാൻ പറ്റുന്നുണ്ടോ എന്ന് നോക്കട്ടെ'' അതും പറഞ്ഞ് അമ്മാവന്റെ ചെവിയിലേക്ക് വായ് അടുപ്പിച്ച് ഡിറ്റിഎസ് ഡോൾബി എഫക്ടിൽ ചോദിക്കും: “മനസ്സിലായില്ലേ... ഇതാരാണെന്ന് മനസ്സിലായില്ലേ?''
അമ്മാവന്റെ ഇയർഡ്രമ്മിൽ പാളി വല്ലതും ബാക്കി നിൽപ്പുണ്ടെങ്കിൽ അത് ആ വെടിയൊച്ചയോടെ പ്രവർത്തനരഹിതമാകും.
മനുഷ്യനായി ജനിച്ചു എന്ന ഒരുതെറ്റേ അമ്മാവൻ ചെയ്തിട്ടുള്ളൂ. അതിന് ഇത്രയും വലിയ പിഴ കൊടുക്കേണ്ടിവരുമെന്ന് അറിഞ്ഞിരുന്നില്ല. ഇതിനിടയിൽ വീട്ടുകാരുടെ ചില വർണനകളൊക്കെ നമ്മളോടുണ്ടാകും.
“കഴിഞ്ഞ ചൊവ്വാഴ്ച ഭാനുമതി ചേച്ചീടെ അനിയൻ സുരേഷ് വന്നു. കണ്ട ഉടനേ അച്ഛന് മനസ്സിലായി.''
“ഒന്നും പറയാൻ പറ്റുന്നില്ലെന്നേയുള്ളൂ. എല്ലാം മനസ്സിലാകുന്നുണ്ട്'' എന്നിങ്ങനെ 'തിരിച്ചറിയൽ മാഹാത്മ്യം' വർണനയാണ്.
(എൽകെജിക്ക് അഡ്മിഷന് ഹൈടെക് സ്‌കൂളിൽ പ്രിൻസിപ്പലിന്റെ മുന്നിൽ ഇന്റർവ്യൂ ചെയ്യപ്പെടാനിരിക്കുന്ന കുട്ടിയുടെ അവസ്ഥയാണ് അമ്മാവന്. ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മറ്റുള്ളവരിൽനിന്ന് പ്രോത്സാഹനമാണ്).
അവസാനം അമ്മാവൻ ‘ശ' എന്ന് പറയുന്നു. അതും അവ്യക്തമാണ്. ഉടൻ അതാ വീട്ടുകാരുടെ കോറസ്.
“അയ്യൊ, മനസ്സിലായി. ശശിക്കുട്ടൻ എന്നുപറയുകയാണ്.''
ബെസ്റ്റ്! വാസ്തവത്തിൽ ശല്യപ്പെടുത്താതെ ഇറങ്ങിപ്പോകുന്നുണ്ടോ എന്നുപറയാൻ തുടങ്ങിയതാണ്. പക്ഷേ ‘ശ'യ്ക്കപ്പുറം നാവ് നീളുന്നില്ല.
അമ്മാവനെ കാണാൻവരുന്ന ഓരോ ബാച്ചിന്റെ മുന്നിലും അമ്മാവൻ ഇങ്ങനെ മെമ്മറിടെസ്റ്റ് പാസാകേണ്ടതുണ്ട്.
എന്റെ തീരുമാനം
ഞാൻ ഏതാണ്ട് തീരുമാനിച്ചുകഴിഞ്ഞു. ‘നൂൽപ്പാല' ദിവസങ്ങളിലേക്ക് ഒരു മുന്നൊരുക്കം. ഏതെങ്കിലും ഐടി പ്രൊഫഷണലുമായി ചർച്ചചെയ്ത് ഒരു ചിപ്പോ പെൻഡ്രൈവോ സിഡിയോ ഒക്കെ ഇപ്പോഴേ തയ്യാറാക്കും. അതിൽ എനിക്ക് പറയാനുള്ള ചില കാര്യങ്ങൾ റെക്കോഡ് ചെയ്യും. അവസാനഘട്ടത്തിലേക്ക് നമുക്കായി അനന്തരതലമുറ വിട്ടുതരുന്ന റൂമിൽ ഞാൻ അത് ഫിറ്റ് ചെയ്യും. കതകുതുറന്ന് എന്റെ വീട്ടിലുള്ളവരും വന്നുകയറിയവരും മുറിതുറക്കുന്നതോടെ റെക്കോഡ് പ്രവർത്തിച്ചുതുടങ്ങും. (കതകിനോട് ബന്ധിപ്പിച്ചാകും ഓട്ടോ സ്വിച്ച് ഘടിപ്പിക്കുന്നത്) ഏതാണ്ട് ഈമട്ടിലാകും റെക്കോഡ് ചെയ്ത വാചകങ്ങൾ.
“ഹലോ വരണം വരണം... എന്റെ ഓർമശക്തി അളക്കൽ, കായികക്ഷമതാനിലവാരം അളക്കൽ, പരിചയപ്പെടുത്തൽ തുടങ്ങിയ കലാപരിപാടികളിൽ പങ്കെടുക്കാൻ വന്ന നിങ്ങൾക്ക് സ്വാഗതം. തീർച്ചയായും എന്നോടുള്ള പരിഗണനകൊണ്ടും നാട്ടുമര്യാദകൊണ്ടുമൊക്കെയാണ് നിങ്ങൾ വന്നിട്ടുള്ളതെന്നറിയാം. അതിന്റെ ഒരു സന്തോഷവും ഞാനിവിടെ രേഖപ്പെടുത്തുകയാണ്. പക്ഷേ, ഞാൻ ഉറങ്ങുകയാണെങ്കിൽ ദയവായി ഉണർത്തരുത്. എനിക്ക് നിങ്ങളെ തിരിച്ചറിയാം. അതുകൊണ്ട് ക്വിസ്‌പ്രോഗ്രാം ഒക്കെ നടത്തി എന്റെ ഉള്ള ഓർമശക്തിയെ കൺഫ്യൂസ് ചെയ്യിക്കരുത്. ‘എന്നെ മനസ്സിലായോ എന്നോ' ‘ഞാൻ ജോണിക്കുട്ടീടെ അനിയൻ' എന്നോ ഒക്കെ എന്റെ ചെവിയിലേക്ക് അനൗൺസ്‌മെന്റ് നടത്തരുത്. അത് എന്നെ പ്രകോപിതനാക്കുകയേയുള്ളൂ. ഞാൻ അർധബോധാവസ്ഥയിൽ എന്തോ പറയാൻ ശ്രമിക്കുന്നത് നിങ്ങളെ തിരിച്ചറിയുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. കഠിനമായ ശകാരപദങ്ങൾ പുറപ്പെടുവിക്കാൻ ശ്രമിക്കുന്ന യത്‌നമാണത്. ഒരു ഉറക്കം കിട്ടാനുള്ള പാട് എനിക്കും ഉറക്കത്തിനുംമാത്രമേ അറിയൂ. നിങ്ങൾ എന്നെ കാണാൻ വന്നില്ലെങ്കിലും എനിക്ക് ഇഷ്ടത്തിന് കുറവുണ്ടാകില്ല. കൈയിൽ കരുതിയിട്ടുള്ള ഓട്‌സ്, ഹോർലിക്‌സ് തുടങ്ങിയവ വലത്തേമേശയിൽ വച്ചാൽ മതി. എന്റെ മക്കളും ചെറുമക്കളും അത് അടുക്കളയിലേക്ക് മാറ്റിക്കൊള്ളും. വിഷമം കാണിച്ചുള്ള ആ നിൽപ്പും വേണ്ട. ഞാൻ അധികദിവസം കഴിയുന്നതിനുമുമ്പ് പായചുരുട്ടി മടങ്ങും എന്നാണ് ആ നിൽപ്പിന്റെ അർഥമെന്നറിയാം. അതൊരു വമ്പൻ തെറ്റിദ്ധാരണയാണ്. എത്രത്തോളം, ഈ ഭൂമിയിൽ കിടക്കാൻ പറ്റുമോ അത്രയുംദിവസം കിടന്ന് ‘ഒന്നുപോയിക്കിട്ടിയാൽ മതി' എന്ന് വീട്ടുകാരെക്കൊണ്ട് പറയിച്ചിട്ടേ ഞാൻ പോകൂ. മക്കൾക്കുവേണ്ടി ഞാൻ കഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ എനിക്കുവേണ്ടി മക്കളും കുറച്ച് വിയർക്കട്ടേ എന്ന ദാക്ഷിണ്യമേതുമില്ലാത്ത പ്രസ്താവനയേ ഇത്തരുണത്തിൽ പുറപ്പെടുവിക്കാനുള്ളൂ. പുറത്തിറങ്ങുമ്പോൾ വാതിൽ ഒച്ചയുണ്ടാക്കാതെ അടയ്ക്കണം. എന്നെ കാണാൻവന്ന വിവരത്തിന് അധികം പബ്ലിസിറ്റി കൊടുക്കാതിരുന്നാൽ സന്തോഷമുണ്ട്. നിരന്തരം സന്ദർശകർ വരുമ്പോൾ സന്തോഷമാണുണ്ടാകേണ്ടതെങ്കിലും ജീവിതത്തിന്റെ ഈ ഘട്ടത്തിൽ അത് ഒരു ഭയവും കിടുകിടുപ്പുമാണ് സമ്മാനിക്കുന്നത്. എക്‌സിബിഷൻ സ്റ്റാളിലെ സംസാരിക്കുന്ന അസ്ഥികൂടത്തെ കാണാൻ ടിക്കറ്റെടുത്ത് ആൾക്കാർ കയറുന്നതിനെയും അത് ഓർമപ്പെടുത്തുന്നു. ഈ പറഞ്ഞതിൽ വിഷമം തോന്നരുത്. ഗുഡ്‌ബൈ''.
മനസ്സിലായോ
വാർധക്യത്തിൽ ‘മനസ്സിലായോ?' എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോലെ ചെറുപ്പത്തിലും നമ്മൾ ‘മനസ്സിലായോ?' സിറ്റ്വേഷൻ അതിജീവിക്കേണ്ടിവരുന്ന ഘട്ടങ്ങളുണ്ട്. നമ്മൾ ബസ് സ്റ്റാൻഡിലോ മറ്റോ നിൽക്കുന്നു. അപ്പോൾ അതാ ഒരു കക്ഷി നമ്മളെ നോക്കി ചിരിക്കുന്നു. നമ്മളും ചിരിക്കുന്നു.
‘മനസ്സിലായോ?' കക്ഷിയുടെ ഡയറക്ട് ചോദ്യം. ഏതോ വേണ്ടപ്പെട്ട ആളായിരിക്കാം. പക്ഷേ, വ്യക്തമായി ഒരു കണക്ഷൻ കിട്ടുന്നില്ല. എവിടെവച്ചോ കണ്ടിട്ടുണ്ടല്ലോ. വഴിയിൽവച്ച് ഒരാൾ ചിരിച്ചുംകൊണ്ട് അറിയില്ലേ എന്ന് ചോദിക്കുമ്പോൾ ‘അറിയാം' എന്നൊക്കെ പറയാനാണല്ലോ ചില സമയങ്ങളിൽ നമുക്കുതോന്നുക. ‘അറിയാം' എന്ന് നമ്മൾ പറയുന്നു. മറ്റേയാളിന്റെ ചോദ്യത്തിൽ സൗഹാർദത കൂടുതലാണെങ്കിൽ ‘അറിയാം അറിയാം' എന്ന് ഒന്നായ കള്ളത്തിനെ രണ്ടായ കള്ളമിഹയാക്കി പറയുന്നു. ചില സമയത്ത് എന്നാലും നിങ്ങൾക്ക് ‘അറിയാമോ എന്ന് ചോദിക്കാൻ തോന്നിയല്ലോ' എന്ന അർഥവുംകൂടി കിട്ടത്തക്കരീതിയിൽ ‘പിന്നേ' എന്ന് ഒരൽപ്പം നീട്ടി ഒരു പിന്നേ പറയുന്നു. ആ പിന്നേ കേട്ടാൽ മറ്റേയാൾ സന്തുഷ്ടനാകുമെന്നും നമുക്ക് നൈസായി വലിയാമെന്നുമൊക്കെയാണ് നമ്മുടെ വിചാരം. പക്ഷേ, ആ വിചാരം അടുത്ത സെക്കൻഡിൽ പൊളിയുന്നു. അയാൾ പറയുകയാണ്.
“ശരി. എങ്കിൽ പറയൂ. ആരാണ്?''
(ജീവിതപ്രശ്‌നങ്ങളിലും പ്രാരാബ്ധങ്ങളിലുംപെട്ട് കൈകാലിട്ടടിച്ച് പരക്കംപറയുന്നതിനിടയിൽ നമ്മൾ ആരെന്നുള്ളതുതന്നെ നമ്മൾ മറന്നിരിക്കുകയാണ്. അപ്പോഴാണ് ഇനി അങ്ങേർ ആരെന്നതിനെക്കുറിച്ചും ബന്ധമെന്തെന്നതിനെക്കുറിച്ചും സന്ദർഭം വ്യക്തമാക്കി ആശയം വിശദീകരിക്കേണ്ടത്.)
നമ്മൾ പെട്ടു...
‘അറിയാം' നമ്മൾ കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ ഒന്നുപിടയുന്നു.
അറിയില്ല എന്ന് അയാൾക്ക് അതോടെ വ്യക്തമാകുന്നു. പിന്നെ ഒരു റാഗിങ്ങാണ്.
“അറിയാമെങ്കിൽ പറഞ്ഞേ... ആരാണ്?''
“ഉം...അത്...'' അയാൾ പത്താംക്ലാസിലെ കണക്കുസാറും നമ്മൾ ഉത്തരം അറിഞ്ഞുകൂടാത്ത കുട്ടിയുമാണ് ആ അവസ്ഥയിൽ. അടുത്തുനിൽക്കുന്ന ആരെങ്കിലും ഉത്തരം ഒന്നുപറഞ്ഞെങ്കിലെന്ന ആഗ്രഹത്തിലാണ് നമ്മൾ.
അവസാനമതാ കാഴ്ചയില്ലാത്ത ആളിന്റെ മാവേറുപോലെ എങ്ങനെയോ ഉത്തരം ശരിയാകുന്നു. അല്ലെങ്കിൽ അയാളുടെയും കൂടെ സഹകരണത്തോടെ ഉത്തരം കണ്ടുപിടിക്കുന്നു.
“ങാ. രാമേട്ടൻ.. അതല്ലേ ഞാൻ ആലോചിക്കുന്നത്. ഇപ്പോൾ ഭയങ്കര മറവിയാ'' എന്നൊക്കെ നമ്മൾക്കല്ല ഓർമകൾ സംഭരിച്ചുവയ്ക്കുന്ന തലച്ചോറിന്റെ ഏതോ ഭാഗത്തിന്റേതാണ് കുറ്റമെന്നൊക്കെ പറഞ്ഞ് നമ്മൾ തടിരക്ഷിക്കുന്നു.
ഓർമയും നമ്മളുംതമ്മിൽ കിളിത്തട്ടുകളിക്കുന്ന എത്രയോ സന്ദർഭങ്ങളിലൂടെ കടന്നുകഴിഞ്ഞാൽമാത്രമേ ജീവിതചക്രം പൂർത്തിയാകുകയുള്ളൂ.









0 comments