പാലമേറി വരുന്ന പുതുലോകം

perumbalam palam

പെരുമ്പളം പാലം ഫോട്ടോ: കെ എസ്‌ ആനന്ദ്

avatar
അഞ്‌ജുനാഥ്‌

Published on Sep 28, 2025, 12:00 AM | 4 min read

നീലാകാശം പ്രതിബിംബിക്കുന്ന വേമ്പനാട്ടുകായലിന്‌ പച്ചപ്പൊട്ടുകുത്തിയതുപോലെ ഒരു തുരുത്ത്‌. ആറര കിലോമീറ്റർ നീളവും രണ്ടുകിലോമീറ്റർ വീതിയുമുള്ളൊരു ദ്വീപ്‌. വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപ്‌. കേരളത്തിലെ ദ്വീപ്‌ പഞ്ചായത്ത്‌. 14 വാർഡിലായി 12,000ത്തിലധികം ജനസംഖ്യ. ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുന്നെങ്കിലും എറണാകുളം, കോട്ടയം ജില്ലകളോടും ബന്ധമുള്ള ഭൂമിശാസ്‌ത്ര പ്രത്യേകതയുള്ള പ്രദേശം. ഇത്‌ പെരുമ്പളം ദ്വീപ്‌.


​തീർത്തും സാധാരണ മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളും കർഷകരുമൊക്കെയായിരുന്നു ഇവിടത്തെ താമസക്കാർ. പുറംലോകവുമായി ബന്ധപ്പെടാൻ വള്ളവും ബോട്ടുമല്ലാതെ മറ്റ്‌ ഗതാഗതമാർഗങ്ങൾ അന്യമായ ഇവിടത്തുകാർ തലമുറകളായി താലോലിച്ചിരുന്ന ഒരു സ്വപ്‌നമുണ്ടായിരുന്നു. ദ്വീപിന്‌ ഒരു പാലം. ആ യാഥാർഥ്യത്തിലേക്ക്‌ പറന്നുയരാൻ സംസ്ഥാന സർക്കാർ ചിറകുകൾ നൽകി. നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്‌. അപ്രോച്ച്‌ റോഡ്‌ കൂടി പൂർത്തിയായാൽ മതി. മൂന്നുമാസത്തിനകം ഗതാഗതത്തിന്‌ തുറന്നുകൊടുക്കാനാകും.


​​തനത്‌ വിളകളുടെ നാട്‌


​​ആറ്‌ പതിറ്റാണ്ടുമുമ്പ്‌ ദക്ഷിണ നാവിക ആസ്ഥാനം സ്ഥാപിക്കാനുള്ള സ്ഥലം അന്വേഷിച്ച്‌ പ്രതിരോധമന്ത്രിയായിരുന്ന വി കെ കൃഷ്‌ണമേനോൻ പെരുമ്പളത്ത്‌ എത്തിയത്‌ ചരിത്രം. എന്നാൽ, നെല്ലും തേങ്ങയും വെറ്റിലയുമടങ്ങുന്ന ദ്വീപിന്റെ കാർഷികസമൃദ്ധി കണ്ട കൃഷ്‌ണമേനോൻ പദ്ധതി ഉപേക്ഷിച്ചുമടങ്ങിയത്രെ. പിന്നീട്‌ ഇതിനായി കൊച്ചി വെല്ലിങ്‌ടൺ ദ്വീപ്‌ തെരഞ്ഞെടുക്കുകയായിരുന്നു.


​തേങ്ങയും കുടംപുളിയും വെറ്റിലയുമാണ്‌ പെരുമ്പളത്തിന്റെ തനത്‌ കാർഷികവിളകൾ. പെരുമ്പളത്തെ തേങ്ങയ്‌ക്ക്‌ കാമ്പ്‌ കൂടുതലാണ്‌. അതിനാൽ കൂടുതൽ എണ്ണ കിട്ടും. കറികൾക്ക്‌ രുചിയേറ്റുന്ന പെരുമ്പളം കുടംപുളി ഇപ്പോൾ ഇതേ പേരിൽ മാളുകളിൽവരെയെത്തി. ഇവിടത്തെ പുരയിടങ്ങളിൽ വിളയുന്ന വെറ്റിലയുടെ സ്വാദും ഒന്നുവേറെ. എല്ലാം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മണ്ണിന്റെ ദാനം.


palam


​​​ജീവിതം ബോട്ടിന്റെ സമയക്രമത്തിൽ


​പെരുമ്പളം ദ്വീപിലെ പ്രധാന ഗതാഗതം സ്വാഭാവികമായും ജലമാർഗമാണ്‌. 13 ജെട്ടികളാണ്‌ ദ്വീപിന്‌ ചുറ്റുമുള്ളത്‌. ഇവിടേയ്‌ക്ക്‌ ജലഗതാഗതവകുപ്പിന്റെ ബോട്ടുകൾ സർവീസ്‌ നടത്തുന്നു. സ്വകാര്യബോട്ടുകളുമുണ്ട്‌. വാഹനങ്ങൾ എത്തിക്കാൻ ജങ്കാറുകളുമുണ്ട്‌. എറണാകുളം ജില്ലയിലെ പൂത്തോട്ട, ആലപ്പുഴ ജില്ലയിലെ പാണാവള്ളി എന്നിവിടങ്ങളിൽനിന്നാണ്‌ സർവീസുകൾ. അരമണിക്കൂർ ഇടവേളകളിൽ ഓടുന്ന ബോട്ടിന്റെ സമയക്രമത്തിലാണ്‌ ദ്വീപിലുള്ളവരുടെ ജീവിതം. രാത്രി 9.45നാണ്‌ പൂത്തോട്ടയിൽനിന്നും പാണാവള്ളിയിൽനിന്നും പെരുമ്പളത്തേക്കുള്ള അവസാന ബോട്ട്‌. മഴക്കാലമായാൽ ഇളകിമറിയുന്ന കായലിൽ യാത്ര ജീവനും കൈയിൽപ്പിടിച്ച്‌ വേണം.


അത്യാവശ്യഘട്ടങ്ങിൽ പുറംലോകത്ത്‌ പെട്ടെന്ന്‌ എത്താനാകാതെ ബുദ്ധിമുട്ടിയ കഥകൾ ദ്വീപ്‌വാസികളിൽ പലർക്കും പറയാനുണ്ട്‌. ഗർഭിണികളെ ആശുപത്രിയിൽ എത്തിക്കാനുള്ള തത്രപ്പാടിൽ വള്ളങ്ങളിലും ബോട്ടുകളിലും പ്രസവം നടന്ന സന്ദർഭങ്ങളുമുണ്ട്‌. അസുഖബാധിതരായ പലർക്കും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിച്ചിട്ടുണ്ട്‌. ദ്വീപിൽനിന്ന്‌ പുറത്ത്‌ നിത്യേന ജോലിക്ക്‌ പോകുന്നവരും വിദ്യാർഥികളും ബോട്ട്‌ തെറ്റിയാൽ ബുദ്ധിമുട്ടിലാകും. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ പാലം ഇ‍ൗ ദ്വീപുദേശത്തിന്‌ വെറുമൊരു യാത്രാവഴി മാത്രമല്ല, അതൊരു വിമോചന മാർഗവുമാവുമാണ്‌.


perumbalam palamപെരുമ്പളം പാലം ഫോട്ടോ: കെ എസ്‌ ആനന്ദ്


​പാലം വരുന്നു


​പെരുമ്പളത്തെ കരയുമായി ബന്ധിപ്പിക്കാനായി പാലം നിർമിക്കാനുള്ള പദ്ധതിക്ക്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. എന്നാൽ പല കാരണങ്ങൾകൊണ്ടും യാഥാർഥ്യമായില്ല. ഇതിന്‌ ജീവൻവച്ചത്‌ 2006ൽ വി എസ്‌ സർക്കാർ അധികാരമേറ്റതോടെയാണ്‌. ദ്വീപ്‌ നിവാസികൾക്കായി അരയും തലയും മുറുക്കിയിറങ്ങാനും ഒരാളുണ്ടായി. എ എം ആരിഫ്‌. എംഎൽഎ ആയിരുന്നപ്പോഴും എംപി ആയിരുന്നപ്പോഴും ആരിഫ്‌ പാലത്തിനുവേണ്ടി എന്നും മുന്നിലുണ്ടായിരുന്നു. പൂത്തോട്ടയിൽനിന്ന്‌ പെരുമ്പളത്തേക്ക്‌ പാലം നിർമിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്‌. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ സർക്കാർ അനുവദിച്ചു. എന്നാൽ പിന്നാലെ വന്ന യുഡിഎഫ്‌ സർക്കാർ ദ്വീപുവാസികൾക്ക്‌ ഇരുട്ടടി നൽകി. മന്ത്രിമാരായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞും കെ ബാബുവും ചേർന്ന്‌ പാലം നിർമാണത്തിനുള്ള തുക വകമാറ്റി. ഇതോടെ വീണ്ടും പാലം കടലാസിൽ ഉറങ്ങി.


2016ൽ പിണറായി സർക്കാർ അധികാരമേറ്റശേഷം പദ്ധതിക്ക്‌ വീണ്ടും ജീവൻവച്ചു. ആദ്യം കായലിന്‌ കുറുകെ പെരുമ്പളം മാർക്കറ്റിനെയും മുക്കണ്ണൻചിറയെയും ബന്ധിപ്പിച്ച്‌ പാലം നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ സ്ഥലമെടുപ്പ്‌ പ്രശ്‌നമായി. ഇതോടെ പെരുമ്പളം മാർക്കറ്റിനെയും പാണാവള്ളിയെയും ബന്ധിപ്പിച്ച്‌ പാലം കൊണ്ടുവരാനായി ശ്രമം. ഇവിടെയും സ്ഥലലഭ്യത പ്രശ്‌നം സൃഷ്‌ടിച്ചു. ഇതോടെയാണ്‌ ദ്വീപിന്റെ വടക്കുഭാഗമായ വടയാഴത്തുനിന്ന്‌ വടുതലയിലേക്ക്‌ പാലം നിർമിക്കാൻ തീരുമാനിച്ചത്‌. ദലീമ എംഎൽഎയും പാലത്തിനായി സജീവമായി ഇടപെട്ടു.


​​​കിഫ്‌ബിക്കരുത്തിൽ നിർമാണം


​2019ൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പാലം നിർമാണത്തിന്‌ തുടക്കം കുറിച്ചത്‌. കി-ഫ്‌ബിയിൽനിന്ന്‌ 100 കോടി രൂപയാണ്‌ അനുവദിച്ചത്‌. ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ കോ– ഓപ്പറേറ്റീവ്‌ സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. എന്നാൽ, നിർമാണം ഉ‍ൗരാളുങ്കലിനെ ഏൽപ്പിച്ചതിന്റെ പേരിൽ ചിലർ കോടതിയിൽപ്പോയി. വികസനത്തിന്‌ തുരങ്കം വയ്‌ക്കാൻ തയ്യാറായിരിക്കുന്ന യുഡിഎഫ്‌, ബിജെപി കേന്ദ്രങ്ങളുടെ ഒത്താശയും ഇതിനുണ്ടായി. സിപിഐ എമ്മും എൽഡിഎഫും കേസിൽ കക്ഷിചേർന്ന്‌ ദ്വീപ്‌ ജനതയ്‌ക്കൊപ്പംനിന്നു. തൈക്കാട്ടുശേരി ബ്‌ളോക്ക്‌ പഞ്ചായത്ത്‌ അംഗമായ സിപിഐ എം പ്രതിനിധി പി ജി മുരളീധരനാണ്‌ ഹൈക്കോടതിയിൽ കേസിന്‌ കക്ഷിചേർന്നത്‌. അനുകൂലമായ വിധി സമ്പാദിച്ചശേഷമാണ്‌ നിർമാണം ആരംഭിച്ചത്‌. ഒരു കാര്യവുമില്ലാതെ കോടതി നടപടിയിലേക്ക്‌ വലിച്ചിഴച്ചത്‌ നഷ്‌ടപ്പെടുത്തിയത്‌ വിലപ്പെട്ട രണ്ടു വർഷം.


perumbalam palamപെരുമ്പളം പാലം ഫോട്ടോ: കെ എസ്‌ ആനന്ദ്


നീളമേറിയ കായൽപ്പാലം​


വേമ്പനാട്ടുകായലിന്‌ കുറുകെ ഇതുവരെ നിർമിച്ചതിൽ ഏറ്റവും നീളമേറിയ പാലം എന്ന ഖ്യാതി പെരുമ്പളം പാലത്തിന്‌ സ്വന്തമാണ്‌. 1.157 കിലോമീറ്ററാണ്‌ നീളം. വീതി 11 മീറ്റർ. ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്‌.

​കൊല്ലം– കോട്ടപ്പുറം ദേശീയ ജലപാത കടന്നുപോകുന്ന ഭാഗമായതിനാൽ ജലയാനങ്ങൾക്ക്‌ തടസ്സമില്ലാതെ മൂന്ന്‌ സ്‌പാൻ തൂണുകൾ ഒഴിവാക്കി നടുവിൽ ‘ബോസ്‌ട്രിങ്‌ ആർച്ച്‌’ മാതൃകയിലാണ്‌ നിർമാണം. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റർ നീളത്തിൽ അപ്രോച്ച്‌ റോഡുകൾ ഉണ്ടാകും. ഇരുവശത്തും ഓരോ മീറ്റർ നടപ്പാതയും കാനയും ഉൾപ്പെടെ 9.5 മീറ്ററാണ്‌ അപ്രോച്ച്‌ റോഡിന്റെ വീതി.


​​ഹൃദയം നൽകി ദ്വീപ്‌ നിവാസികൾ


​പെരുമ്പളം ദ്വീപ്‌ നിവാസികൾ അക്ഷരാർഥത്തിൽ പാലത്തെയും നിർമാണച്ചുമതലയുള്ള ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ കോ– ഓപ്പറേറ്റീവ്‌ സൊസൈറ്റിയെയും ഹൃദയത്തോട്‌ ചേർത്തുവയ്‌ക്കുകയാണ്‌. പാലത്തിനായി സ്ഥലം വിട്ടുനൽകാൻ ആർക്കും തടസ്സമുണ്ടായില്ല. ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി ശരവേഗത്തിലാണ്‌ നിർമാണം നടത്തിയത്‌. കോവിഡ്‌ കാലത്ത്‌ ഉൾപ്പെടെ തൊഴിലാളികൾ രാപകൽ ജോലി ചെയ്‌തു. ഇവർക്ക്‌ വേണ്ട സഹായങ്ങൾ ഒരുക്കി ജനങ്ങൾ ഒപ്പമുണ്ടായി. രണ്ടുവർഷംമുമ്പ്‌ ഓണക്കാലത്ത്‌ തൊഴിലാളികൾക്ക്‌ സദ്യയും ഓണക്കോടിയും നൽകിയാണ്‌ പെരുമ്പളത്തുകാർ സൽക്കരിച്ചത്‌.


​​​റോഡ്‌ ഉറപ്പിക്കാൻ 8000 തെങ്ങിൻകുറ്റികൾ


​പാലത്തിന് അപ്രോച്ച്‌റോഡ്‌ നിർമിക്കുന്നതിനായി ഭൂമി ഉറപ്പിക്കാൻ 8000ത്തിലേറെ തെങ്ങിൻകുറ്റികളാണ്‌ അടിച്ചുതാഴ്‌ത്തിയത്‌. ഇതിനായി ഉറപ്പുള്ള തെങ്ങുകൾ തിരുവനന്തപുരത്തുനിന്നുവരെ എത്തിച്ചു. തെങ്ങ്‌ അടിച്ചുതാഴ്‌ത്തി മണ്ണ്‌ അടിച്ച്‌ അതിനു മുകളിൽ ജിയോടെക്‌സ്‌ ഇട്ട്‌ മുകളിൽ മെറ്റൽ നിരത്തിയാണ്‌ റോഡ്‌ നിർമിക്കുക. മെറ്റൽ താഴ്‌ന്നുപോകാതിരിക്കാനാണ്‌ ജിയോടെക്‌സ്‌ വിരിക്കുന്നത്‌. പ്രദേശത്തെ മണ്ണിന്റെ ഘടന കണക്കിലെടുത്താണ്‌ ഇങ്ങനെയുള്ള നിർമാണം. ദേശീയപാത അതോറിറ്റിയുടെ നിർമാണത്തിലെ അപാകം വലിയതോതിൽ ചർച്ചയാകുമ്പോഴാണ്‌ ഉ‍ൗരാളുങ്കലിന്റെ ശ്രദ്ധയും കാര്യക്ഷമതയും വേറിട്ടതാകുന്നത്‌.


perumbalam palamപെരുമ്പളം പാലം ഫോട്ടോ: കെ എസ്‌ ആനന്ദ്


​​പാലമേറാം പുതിയ പുലരികൾക്കായി


​ദ്വീപ്‌ നിവാസികളുടെ ജീവിതനിലവാരം വർധിപ്പിക്കുന്നതിനായി ടൂറിസം ഉൾപ്പെടെ അനന്തമായ സാധ്യതകൾ തുറന്നിടുകയാണ്‌ പെരുമ്പളം പാലം. ഇപ്പോൾത്തന്നെ ചെറിയരീതികളിലുള്ള ഹോംസ്‌റ്റേകളും മറ്റും ആരംഭിച്ചിട്ടുണ്ട്‌. കൊച്ചിയിലേക്ക്‌ പെട്ടെന്ന്‌ എത്തിച്ചേരാമെന്നതും ഗുണകരമാകും. കൂടുതൽ തൊഴിലവസരങ്ങൾക്കും വഴിയൊരുക്കും. പാലംതന്നെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമായി മാറും. ദീപവിതാനങ്ങളുടെയും പെയ്‌ന്റിങ്ങിന്റെയും രൂപകൽപ്പന പാലത്തിന്‌ ദൃശ്യചാരുത നൽകും വിധമാണ്‌. ഉദ്‌ഘാടനത്തിനുശേഷം ദ്വീപുമായി ബന്ധിപ്പിച്ച്‌ ദീർഘദൂര സർവീസുകൾ നടത്തുന്നതിന്‌ കെഎസ്‌ആർടിസി പദ്ധതി ആരംഭിച്ചുകഴിഞ്ഞു.


​ഇതുകൊണ്ടുമായിട്ടില്ല. ചേർത്തല– അരൂക്കുറ്റി റോഡിൽനിന്ന്‌ പെരുമ്പളം ദ്വീപ്‌ വഴി വൈക്കം– പൂത്തോട്ട– തൃപ്പൂണിത്തുറ സംസ്ഥാനപാതയെ ബന്ധിപ്പിക്കുന്ന ആദ്യഘട്ടമെന്ന നിലയിലാണ്‌ പെരുമ്പളം പാലം വിഭാവനം ചെയ്‌തിരിക്കുന്നത്‌. തുടർന്നും ഇവിടെ വികസനപ്രവർത്തനങ്ങളുടെ വേലിയേറ്റമുണ്ടാകും. നേതൃത്വം നൽകാൻ കേരളത്തിന്റെ ജനകീയ സർക്കാരും ഹൃദയാഭിവാദ്യവുമായി നാടൊന്നാകെയും.



deshabhimani section

Related News

View More
0 comments
Sort by

Home