രണ്ടക്ഷരം, ഒരു വികാരം


അമൽ കൃഷ്ണൻ
Published on Jul 21, 2025, 04:52 PM | 2 min read
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സഖാവെന്നാണ് വി എസിന്റെ നൂറാംപിറന്നാൾ ദിനത്തിൽ പിണറായി വിജയൻ വിശേഷിപ്പിച്ചത്. അത്രമേൽ തീക്ഷ്ണമായ അനുഭവങ്ങളുടെ ജീവിതമായിരുന്നു വി എസ് അച്യുതാനന്ദന്റേത്. ഒരു സമരനൂറ്റാണ്ടിന്റെ ജീവിതസാക്ഷ്യം. ആധുനിക കേരളം പരിവർത്തനങ്ങളിലൂടെ മുന്നേറിയ വൈവിധ്യപൂർണായ ചരിത്രസംഭവങ്ങളെ കണ്ടും ഇടപെട്ടും അനുഭവിച്ച മറ്റൊരു രാഷ്ട്രീയനേതാവ് ഈ കാലത്തില്ല. ആ അനുഭവങ്ങളുടെ ചൂടും ചൂരും നിറഞ്ഞതായിരുന്നു വി എസ് കേരളത്തിന് നൽകിയ സംഭാവനകൾ.

കൊടിയമർദനങ്ങളാലും പ്രായാധിക്യത്താലും അവശതകൾ നേരിട്ടപ്പോഴും പൊതുരംഗത്ത് നിറഞ്ഞുനിൽക്കാൻ വി എസിന് ആവേശമായതാകട്ടെ ആൾക്കൂട്ടവും. ജനസാഗരങ്ങളെ സൃഷ്ടിച്ച വി എസിന്റെ പ്രസംഗങ്ങളും മറ്റൊരു ചരിത്രം. പ്രായഭേദമില്ലാതെ എല്ലാവരെയും ആകർഷിക്കുന്ന കാന്തികശക്തി ആ വാക്കുകൾക്കുണ്ടായിരുന്നു. കണ്ണേ കരളേ വി എസേ എന്ന് തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ച് സദസ്സുകൾ വി എസിനെ കേൾക്കാൻ കാത്തിരുന്നു. പൊതുസമ്മേളനങ്ങളിൽ കേവലം വാക്കുകൾകൊണ്ടു മാത്രമല്ല,ശരീരമാകെത്തന്നെയും പ്രസംഗത്തിന്റെ ഭാവവും ആംഗ്യങ്ങളും സദസിലേക്ക് സംക്രമിപ്പിക്കാൻ ഉപയോഗിച്ചു. കാലികപ്രസക്തമായ ഭാഗം വരുമ്പോൾ നീട്ടിയും കുറുക്കിയും തലയൊന്ന് ആട്ടിയുമുള്ള താളാത്മകമായ പ്രസംഗശൈലി വി എസിന് മാത്രം അവകാശപ്പെട്ടതായിരുന്നു. തീഷ്ണമായ വാക്പ്രയോഗങ്ങൾ മാത്രമല്ല, മുനയും മൂർച്ചയുമുള്ള പരിഹാസവും ആക്ഷേപഹാസ്യവുമെല്ലാം ഒരു വി എസ് ടച്ച് ആയിരുന്നു.

നീതിക്കും സമത്വത്തിനുംവേണ്ടിയുള്ള പോരാട്ടങ്ങളിൽ മലയാളി മനസാക്ഷിയുടെ ശബ്ദമായിരുന്നു വി എസ് എന്ന രണ്ടക്ഷരം. ചൂഷകർക്കെതിരെ വി എസ് കാടും മലയും കയറിയപ്പോൾ കേരളം കൂടെനടന്നു. അനീതികൾക്കെതിരെ മലയാളി മനസിൽവെച്ചത് വി എസ് ഉറക്കെവിളിച്ചു പറഞ്ഞു. തെറ്റെന്ന് കണ്ടാൽ ആരുടെ മുന്നിലും തുറന്നുപറയാനുള്ള ആത്മധൈര്യം കുട്ടിക്കാലത്തെ ജീവിതാനുഭവങ്ങൾ അച്യുതാനന്ദന് നൽകിയതാണ്. ചോദ്യം ചെയ്യപ്പെടില്ലെന്ന് അഹങ്കരിച്ച രാജപദവികൾ പോലും വി എസിന് മുന്നിൽ ഉരുകിയൊലിച്ചു.

അടിസ്ഥാന വിഭാഗത്തിന്റേതെന്ന് തനിക്ക് തോന്നുന്ന കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല.അവർക്കുവേണ്ടി എവിടെയും പോരടിച്ച് മുന്നേറുകയെന്നത് വി എസിന്റെ ജീവിശൈലിയായിരുന്നു. അരക്ഷിതാവസ്ഥ നിറഞ്ഞ കൗമാരവും കൊടിയ അതിക്രമങ്ങൾ നേരിട്ട യൗവനവും വി എസിലെ പോരാളിക്ക് പ്രായം കൂടുതോറും കൂടുതൽ ഊർജമേകി. 96-ാം വയസുവരെയും അങ്ങേയറ്റം ഊർജസ്വലതയോടെ പൊതുയിടങ്ങളിൽ ഉയർന്നുനിന്ന നേതാവും അപൂർവംതന്നെ. എല്ലാ അർഥത്തിലും കേരളം കണ്ട ഏറ്റവും ചലനാത്മകമായ രാഷ്ട്രീയജീവിതമായിരുന്നു വി എസിന്റേത്.









0 comments