വി എസ് ജുബ്ബയൂരി ; തൊഴാനല്ല, മനോരമയുടെ കൈയേറ്റം ഒഴിപ്പിക്കാൻ

പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദൻ 2002ൽ പന്തല്ലൂർ ക്ഷേത്രം സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)
സി പ്രജോഷ് കുമാർ
Published on Jul 23, 2025, 02:29 AM | 2 min read
മലപ്പുറം
വി എസ് ഷർട്ടൂരി അമ്പലത്തിൽക്കയറിയ ചിത്രം പ്രചരിപ്പിച്ച് അദ്ദേഹത്തെ ദൈവവിശ്വാസിയായി ചിത്രീകരിക്കാൻ നോക്കിയ ചരിത്രമുണ്ട്, മലയാള മനോരമയ്ക്ക്. സ്വന്തം ഭൂമി കൈയേറ്റം മറയ്ക്കാനായിരുന്നു പത്രത്തിന്റെ വ്യാജനിർമ്മിതി. 2002 ഒക്‌ടോബർ 29നാണ് അന്ന് പ്രതിപക്ഷനേതാവായിരുന്ന വി എസ് മലബാർ ദേവസ്വം ബോർഡിന് കീഴിലെ പന്തല്ലൂർ ക്ഷേത്രം സന്ദർശിച്ചത്. മലയാള മനോരമ കുടുംബം അനധികൃതമായി കൈവശംവച്ച 400 ഏക്കർ ക്ഷേത്രഭൂമി തിരിച്ചുപിടിക്കണമെന്ന ക്ഷേത്രക്കമ്മിറ്റിയുടെ പരാതിയെത്തുടർന്നായിരുന്നു സന്ദർശനം. ജുബ്ബ അഴിച്ച് ഉള്ളിൽ കയറിയ വി എസ് ക്ഷേത്രപരിസരവും കൈയേറ്റ ഭൂമിയും സന്ദർശിച്ചു. വി എസ് ക്ഷേത്രത്തിൽ ഷർട്ടഴിച്ച് നിൽക്കുന്ന പടവും വാർത്തയും നൽകിയാണ് മനോരമ പ്രതികാരം ചെയ്തത്. ദുഷ്‌പ്രചാരണത്തിലും വി എസ് കുലുങ്ങിയില്ല. പോരാട്ടം ഫലംകണ്ടു. മനോരമയ്‌ക്ക് 390 ഏക്കർ നഷ്ടമായി.
പന്തല്ലൂർ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്‌ത് 23നാണ് 786.71 ഏക്കർ കൃഷി ചെയ്യാൻ തിരുവല്ല കടപ്പുറം മുറിയിൽ തയ്യിൽ മാമ്മൻ മകൻ ചെറിയാന് പാട്ടത്തിന് നൽകിയത്. 2003 ആഗസ്ത് 25നുശേഷം പാട്ടക്കരാർ അവസാനിച്ചപ്പോഴേക്കും ഭൂമിയുടെ അവകാശം മലയാള മനോരമ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ എസ്റ്റേറ്റിനായിരുന്നു.
ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് 2002ൽ ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി കെ പി മണികണ്‌ഠന്റെ നേതൃത്വത്തിൽ വി എസിന് കൈയേറ്റ രേഖകൾ കൈമാറി. വി എസ് നിയമപോരാട്ടത്തിന് നിർദേശിച്ചു. ഹൈക്കോടതി അഭിഭാഷകനെ ചുമതലപ്പെടുത്തി.
ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാൻ തയ്യാറാകാതെ യുഡിഎഫ് സർക്കാർ മനോരമയ്‌ക്കുവേണ്ടി ഒത്തുകളിക്കുന്നതിൽ പ്രതിഷേധിച്ച് അമ്പലക്കമ്മിറ്റി എസ്‌റ്റേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്യാൻ 2006 മാർച്ചിൽ വി എസ് വീണ്ടും പന്തല്ലൂരിലെത്തി.
2012ൽ കമ്മിറ്റി ഭാരവാഹികൾ നിരാഹാരമാരംഭിച്ചപ്പോഴും ഉദ്‌ഘാടകൻ വി എസ് തന്നെ. ഒരുമാസം നീണ്ട സമരത്തിനൊടുവിലാണ് സർക്കാർ ഹൈക്കോടതിയിൽ അനുകൂല റിപ്പോർട്ട് നൽകിയത്. ഹൈക്കോടതി ക്ഷേത്രക്കമ്മിറ്റിക്ക് അനുകൂലമായി വിധി പറഞ്ഞു.
2018ൽ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഭൂമി അളന്ന് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾക്ക് കൈമാറി. ഭരണപരിഷ്‌കാര കമീഷൻ ചെയർമാനായിരുന്ന വി എസിനെ പന്തല്ലൂരിൽ സ്വീകരണമൊരുക്കി ക്ഷേത്രക്കമ്മിറ്റി ആദരിച്ചു.

വി എസ് അച്യുതാനന്ദന് അന്ത്യാഞ്‌ജലി നേർന്ന് പന്തല്ലൂർ ദേവസ്വം
വികസന സമിതി ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച ഫ്‌ളക്‌സ്









0 comments