ഫെഡറലിസവും ജനാധിപത്യവും പരസ്പരപൂരകം: പ്രകാശ് കാരാട്ട്

മധുര: രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഫെഡറലിസം സംരക്ഷിക്കപ്പെടണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ കോ-ഓഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. ഫെഡറലിസത്തിനു നേരെ ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ കടന്നാക്രമണമാണ് മോദി സർക്കാർ നടത്തുന്നത്. സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും ധനപരവുമായ അവകാശങ്ങൾ അട്ടിമറിക്കപ്പെടുന്നു. ഭരണഘടനാപരമായി സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ. എന്നാൽ സംസ്ഥാനങ്ങളെ വിധേയത്വത്തിലേയ്ക്ക് തള്ളിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിൻ്റെ ഭാഗമായി ' ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത് ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ കവർന്നെടുക്കാൻ ഗവർണർമാരെ ഉപയോഗിക്കുകയാണ് മോദി സർക്കാർ. ബിജെപിയിതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രകൃതിദുരന്തങ്ങൾ നേരിടാൻ പോലും സഹായം നൽകുന്നില്ല. പൂർണ സംസ്ഥാനമായ ജമ്മു - കശ്മീരിനെ തരം താഴ്ത്തി വെട്ടിമുറിച്ചു. ഭരണഘടനാ വിരുദ്ധമായാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നേരെ നീങ്ങുന്നത്. ഇതിനെതിരെ യോജിച്ച നീക്കം ഉണ്ടാകണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.









0 comments