ആനുപാതിക പ്രാതിനിധ്യം കുറയ്‌ക്കുന്ന മണ്ഡല പുനർനിർണയത്തെ എതിർക്കും

മണ്ഡലപുനർനിർണയം :
 കേന്ദ്രം സമവായം ഉണ്ടാക്കണം

delimitation of constituencies
വെബ് ഡെസ്ക്

Published on Apr 05, 2025, 12:00 AM | 1 min read


സീതാറാം യെച്ചൂരി നഗർ (മധുര) : ഏതെങ്കിലുമൊരു സംസ്ഥാനത്തിന്‌ പാർലമെന്റിലുള്ള ആനുപാതിക പ്രാതിനിധ്യത്തെ കുറയ്‌ക്കുകയോ ചുരുക്കുകയോ ചെയ്യുന്ന മണ്ഡലപുനർനിർണയ പ്രക്രിയയെ ശക്തമായി എതിർക്കുമെന്ന്‌ പാർടി കോൺഗ്രസ്‌ വ്യക്തമാക്കി. വിഷയത്തിൽ വിശാലമായ സമവായത്തിന്‌ രാഷ്ട്രീയപാർടികളുമായും സംസ്ഥാന സർക്കാരുകളുമായും കേന്ദ്രസർക്കാർ വിപുലമായ കൂടിയാലോചന നടത്തണം. എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങളെ മാനിക്കുന്ന തുല്യവും നീതിയുക്തവുമായ ഫെഡറൽ ഘടന ഉറപ്പുവരുത്തുന്നതിൽ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്‌. ഇതിനായി അഞ്ച്‌ ആവശ്യങ്ങളും മുന്നോട്ടുവച്ചു.


● ജനസംഖ്യാവർധനയെ വിജയകരമായി തടഞ്ഞ സംസ്ഥാനങ്ങളുടെ താൽപ്പര്യം സംരക്ഷിച്ചുവേണം പുനർനിർണയം. ഏതെങ്കിലും മേഖലയ്‌ക്കോ സംസ്ഥാനത്തിനോ വൻതോതിൽ ആനുപാതിക നേട്ടമുണ്ടാകുന്നതും തടയണം.


● സംസ്ഥാനങ്ങൾക്ക്‌ നിലവിലുള്ള ആനുപാതിക സീറ്റുനില നിലനിർത്തിതന്നെ പാർലമെന്ററി പ്രാതിനിധ്യം വിപുലപ്പെടുത്തി സീറ്റ്‌ വർധിപ്പിക്കണം.


● വിവിധ സംസ്ഥാനങ്ങളിൽ നിലവിലെ എസ്‌സി, എസ്‌ടി സീറ്റുകളുടെ അനുപാതം നിലനിർത്തണം.


●- തുല്യത, ഫെഡറലിസം, മതനിരപേക്ഷത, ദേശീയഐക്യം എന്നീ തത്വങ്ങൾ ഉയർത്തിപിടിച്ചാകണം പുനർനിർണയ പ്രക്രിയ. എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രസർക്കാർ സമഗ്രമായ കൂടിയാലോചന നടത്തണം.


● മണ്ഡല പുനർനിർണയ പ്രക്രിയയിൽ വിശാലമായ സമവായമില്ലാത്ത സാഹചര്യത്തിൽ ഫെഡറൽ അഖണ്ഡത ഉറപ്പാക്കുന്നതിനായി പുനർനിർണയ പ്രക്രിയ മരവിപ്പിച്ചത്‌ കൂടുതൽ നീട്ടണം.


അടിയന്തരാവസ്ഥക്കാലത്ത്‌ 1976ൽ കൊണ്ടുവന്ന 42–-ാം ഭേദഗതിയിലൂടെയാണ്‌ മണ്ഡല പുനർനിർണയം മരവിപ്പിച്ചത്‌. ജനസംഖ്യാനിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ മരവിപ്പിക്കൽ നടപടി പിന്നീട്‌ വാജ്‌പേയ്‌ സർക്കാരിന്റെ കാലത്ത്‌ 2026 വരെ നീട്ടി. തെക്കൻ സംസ്ഥാനങ്ങളുടെ എതിർപ്പും ഇതിനു കാരണമായി. 2026നുശേഷമുള്ള സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിൽ വേണം അടുത്ത പുനർനിർണയം നടത്താൻ.

ജനസംഖ്യാടിസ്ഥാനത്തിൽ നിലവിൽ പുനർനിർണയം നടത്തിയാൽ കർണാടക, തമിഴ്‌നാട്‌, ആന്ധ്ര, തെലങ്കാന, കേരളം, ഒഡിഷ, ബംഗാൾ, പഞ്ചാബ്‌, ഹിമാചൽ, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങൾക്ക്‌ സീറ്റുകളുടെ എണ്ണത്തിൽ വലിയ നഷ്ടമുണ്ടാകും.


ജനസംഖ്യാനിയന്ത്രണം വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങൾക്കാണ്‌ തിരിച്ചടി സംഭവിക്കുക. ഉയർന്ന ജനസംഖ്യാനിരക്കുള്ള യുപി പോലുള്ള സംസ്ഥാനങ്ങൾക്ക്‌ നേട്ടമുണ്ടാകുകയും ചെയ്യും- പ്രമേയം ചൂണ്ടിക്കാട്ടി. പിബി അംഗം ജി രാമകൃഷ്‌ണൻ അവതരിപ്പിച്ച പ്രമേയത്തെ ഹിമാചൽ സംസ്ഥാന സെക്രട്ടറി സഞ്‌ജയ്‌ ചൗഹാൻ പിന്തുണച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home