ആവേശക്കൊടുമുടിയിൽ....

24th cpim party congress madurai
വെബ് ഡെസ്ക്

Published on Apr 03, 2025, 02:06 PM | 1 min read

സീതാറാം യെച്ചൂരി നഗർ 
(തമുക്കം മൈതാനം, മധുര): മൂന്നാമതും മധുരയിൽ എത്തിയ സിപിഐ എം പാർടി കോൺഗ്രസിനെ ആവേശപൂർവം വരവേറ്റ്‌ ജനങ്ങൾ. പാർടി കോൺഗ്രസിന്‌ ആരംഭം കുറിക്കുന്ന പതാക ഉയർത്തൽ ചടങ്ങ്‌ അക്ഷരാർഥത്തിൽ തമിഴ്‌നാടിന്റെ കലാസാംസ്‌കാരിക മേഖലയുടെ സംഗമമായി. പടപ്പാട്ടുകളും നാടോടിപ്പാട്ടുകളും നൃത്തവും ചേർന്ന്‌ ഉത്സവാന്തരീക്ഷത്തിലായിരുന്നു പതാക ഉയർത്തൽ. തമിഴ്‌ മണ്ണിലെ കമ്യൂണിസ്റ്റ്‌ മുന്നേറ്റത്തിന് എക്കാലവും ആവേശം പകരുന്ന കീഴ്‌വെൺമണി രക്തസാക്ഷികളുടെ സ്‌മൃതികുടീരത്തിൽനിന്ന്‌ എത്തിച്ച രക്തപതാക കേന്ദ്രകമ്മിറ്റിഅംഗം യു വാസുകിയിൽനിന്ന്‌ കൺട്രോൾ കമീഷൻ ചെയർമാൻ എ കെ പത്മനാഭൻ ഏറ്റുവാങ്ങി. തുടർന്ന്‌ പതാക ഉയർത്തുന്നതിനായി കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവും മുതിർന്ന നേതാവുമായ ബിമൻ ബസുവിനെ പ്രകാശ്‌ കാരാട്ട്‌ ക്ഷണിച്ചു. മുഴങ്ങിയ കതിനയേക്കാൾ ഉച്ചത്തിൽ ഉയർന്ന മുദ്രാവാക്യങ്ങൾക്കിടയിലൂടെ ചെമ്പതാക വാനിലേക്കുയർന്നു. അരിവാൾ ചുറ്റിക ആലേഖനം ചെയ്‌ത ബലൂണുകളും കൊടികളും ഒപ്പം ആകാശത്തിൽനിറഞ്ഞു.


1972ലെ ഒമ്പതാം പാർടി കോൺഗ്രസിന്റെ ഓർമകൾക്ക്‌ നരവീഴാത്ത സഖാക്കൾ, മധുരയിലെയും സമീപജില്ലകളിലെയും തൊഴിലാളികൾ, വിപ്ലവാവേശം സ്‌ഫുരിക്കുന്ന യുവജനത, ലീലാവതിയെപ്പോലുള്ള രക്തസാക്ഷികളുടെയും ജാനകിയമ്മാളിനെപ്പോലുള്ള നേതാക്കളുടെയും പിന്മുറക്കാരായ സ്‌ത്രീകൾ, പല പ്രായത്തിലുള്ള ചുവപ്പ്‌ വളന്റിയർമാർ, കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവരെല്ലാം ചേർന്നപ്പോൾ വിശാലമായ തമുക്കം മൈതാനത്തിലെ ബുദ്ധദേബ്‌ ഭട്ടാചാര്യ കവാടം മുദ്രാവാക്യങ്ങളാൽ മുഖരിതമായി. ഒമ്പതാം പാർടി കോൺഗ്രസിൽ പ്രതിനിധികളായിരുന്ന ബിമൻ ബസു, എസ്‌ രാമചന്ദ്രൻപിള്ള, മണിക്‌ സർക്കാർ, പിണറായി വിജയൻ, എൻ റാം, അന്നത്തെ വളന്റിയർ ക്യാപ്‌റ്റനും മുതിർന്ന നേതാവുമായ എൺപത്തിരണ്ടുകാരൻ എസ്‌ എ പെരുമാൾ തുടങ്ങിയവരുടെ സാന്നിധ്യം കൂടുതൽ ആവേശമായി. പാപ്പംപാടിയിലെ കലാപ്രവർത്തകരുടെ ജമാ മേളം തുടങ്ങിയതോടെ തമുക്കം മൈതാനത്ത്‌ മനുഷ്യരുടെ വിശാലവലയം രൂപപ്പെട്ടു. ഷെയ്‌ഖ്‌ ചിന്ന മസ്‌താനും സംഘവും അവതരിപ്പിച്ച മല്ലാരി ഇസൈ എന്ന നാദസ്വരക്കച്ചേരി തമിഴകത്തിന്റെ മതനിരപേക്ഷതയുടെ നിദർശനമായി.



deshabhimani section

Related News

View More
0 comments
Sort by

Home