സ്വന്തം കർസേവയുടെ ചരിത്രം മറയ്ക്കാൻ തലകുത്തി മറിഞ്ഞ് കോൺഗ്രസ്

ഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാർടിയുമായിട്ടാണ്. ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി സഹകരിച്ചത് കോൺഗ്രസ് ആണ്. തീപ്പൊള്ളലേറ്റ പോലെ തങ്ങളുടെ തന്നെ ചരിത്രത്തിൽ നിന്നും നേർക്കുവന്ന വാക്കുകൾ പ്രതിരോധിക്കാനാവാതെ കുഴയുകയാണ് കോൺഗ്രസ്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാക്കുകളെ എങ്ങിനെ വളച്ചൊടിച്ച് തങ്ങളുടെ വർഗ്ഗീയതയുടെ വിഷലിപ്ത ചരിത്രത്തിൽ നിന്നും തലയൂരാം എന്ന തന്ത്രമാണ് ഇപ്പോൾ പയറ്റുന്നത്.
തെളിമയാർന്ന മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണ് എക്കാലവും ഇടതുപക്ഷം മുമ്പോട്ടുപോയിട്ടുള്ളത്. സിപിഐ എമ്മിന്റെ മതനിരപേക്ഷമൂല്യത്തെയോ വർഗീയവിരുദ്ധനിലപാടിനെയോ ചോദ്യം ചെയ്യാൻ ചരിത്രത്തിൽ നിന്നു പോലും ഒന്നും നിർമ്മിച്ചെടുക്കാൻ കഴിയാതെ കുഴയുകയാണ് കോൺഗ്രസും പരിവാരങ്ങളും. രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായിത്തീർന്ന മുറിവുകൾ ഉണ്ടാക്കിയ വർഗ്ഗീയ വിഷലിപ്തതയുടെ ഘട്ടങ്ങളിൽ എല്ലാം കോൺഗ്രസ് സ്വന്തം നിലപാട് തിരിച്ചറിയാൻ പോലും കഴിയാതെ ഒത്താശ ചെയ്യുകയായിരുന്നു.
ജനതാപാർടിയുമായി അടിയന്തരാവസ്ഥാ വിരുദ്ധ സമര കാലത്തെ സഹകരണത്തെ പുതിയ കാലത്തെ വിദ്വേഷ രാഷ്ട്രീയവുമായി കണ്ണി ചേർക്കാനാണ് അവസാന അവസരം ഉപയോഗിച്ച് നോക്കിയത്. പക്ഷെ ചോദ്യങ്ങൾ മുഴുവൻ ചരിത്ര സത്യങ്ങളുടെ മൂർച്ചയിൽ തങ്ങൾക്ക് നേർക്ക് തന്നെ തിരിച്ചു വരുന്നത് അവർ അറിഞ്ഞു.

പി വി നരസിംഹ റാവു നയിച്ച കോൺഗ്രസ് സർക്കാർ ബാബറി മസ്ജിദ് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടത് രാജ്യത്തിനേറ്റ ഏറ്റവും മാരകമായ മുറിവാണ്. 1992 ഡിസംബർ ആറിലെ പള്ളിക്കെതിരായ ആക്രമണം വെറും പരാജയമായിരുന്നില്ല, മറിച്ച് കണ്ണടയ്ക്കൽ ആയിരുന്നു എന്നത് കോൺഗ്രസിന്റെ ചരിത്രം പകൽ പോലെ വെളിച്ചപ്പെടുത്തുന്ന കാര്യമാണ്. ആർ എസ് എസും ബിജെപിയും അധികാരത്തിനായി ബ്രിട്ടീഷ് തന്ത്രം പിന്തുടർന്ന് വിഭാഗീയതയും വിദ്വേഷവും വിതച്ച് മുന്നേറിയപ്പോൾ കോൺഗ്രസ് വേട്ടക്കാരനും ഇരയ്ക്കും ഒപ്പം മുന്നിൽ എത്താൻ മത്സരിച്ചു. ഇത് അവരുടെ പാർടി ചരിത്രത്തിൽ ഉടനീളം കാവി പടർത്തി നിൽക്കുന്നു.
ഇന്നും ഗ്യാൻവാപി പോലുളള തർക്കങ്ങൾ വിഭാഗീയത കത്തിച്ച് ഉയരുന്നു വരുന്നതിൽ ആരാധനാ സ്ഥല നിയമം സംബന്ധിച്ച കോൺഗ്രസിന്റെ വിഭാഗീയ നിലപാടുകളുടെ പാടുണ്ട്. ജുഡീഷ്യറി പോലും അതിന്റെ തുടർച്ച ഏറ്റെടുക്കുന്ന ദാരുണ വർത്തമാനത്തിലേക്ക് രാജ്യത്തെ അധികാര ബലതന്ത്രം വിഭാഗീയമാക്കപ്പെട്ടു. കോൺഗ്രസിന്റെ പാഷാണ സഞ്ചയിൽ കയ്യിട്ടാണ് ആർ എസ് എസ് തങ്ങളുടെ വിഷ സഞ്ചി ആവോളം വീർപ്പിച്ചത്.

1949 ഡിസംബർ 22-23 രാത്രിയിലാണ് അയോധ്യയിലെ ബാബറി മസ്ജിദിന്റെ മധ്യ താഴികക്കുടത്തിന് താഴെ ഒരു രാമ വിഗ്രഹം "പ്രത്യക്ഷപ്പെട്ടത്". ആ പ്രത്യക്ഷപ്പെടുത്തലിന് നാല് ദിവസത്തിന് ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അപകടം മണത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന് ഒരു ടെലിഗ്രാം അയച്ചു: "ഈ വിഷയത്തിൽ നിങ്ങൾ വ്യക്തിപരമായി താൽപ്പര്യം കാണിക്കുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. അവിടെ അപകടകരമായ ഒരു മാതൃക സൃഷ്ടിക്കപ്പെടുകയാണ്, അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാക്കും." എന്നായിരുന്നു സന്ദേശം.
വിഗ്രഹത്തിന്റെ "പ്രത്യക്ഷത" ഒരു ദിവ്യ അത്ഭുത ഗൂഢാലോചനയായിരുന്നു. പ്രാദേശിക വിശ്വാസ ധാരകളെ ഓരോന്നായി പിടിച്ചടക്കി ആധിപത്യം സ്ഥാപിക്കാൻ ചരിത്രത്തിൽ അവർ എക്കാലവും ഉപയോഗിച്ച തന്ത്രം. ഭൂമി "തർക്കവിഷയമായി" മാറ്റിയെടുത്തു. 1989- ആയപ്പോൾ ദേവൻ തന്നെ കോടതി മുമ്പാകെ ഒരു വ്യവഹാരിയായി മാറി. ഈ വിഷയം പുനരുജ്ജീവിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് രാജീവ് ഗാന്ധിയായിരുന്നു.

ഫൈസാബാദിൽ രാമ വിഗ്രഹം നിലനിൽക്കുന്ന ബാബരി മസ്ജിദിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നൽകണമെന്ന ഹർജി ഫയൽ ചെയ്യപ്പെട്ടു. മുത്തച്ഛൻ ആപത്കരം എന്ന് വിശേഷിപ്പിച്ച് പൂട്ടിയ ഗേറ്റ് തുറക്കാൻ വഴി തുറുന്നു. അതിനായി അപ്രശസ്തനായ ഒരു വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടു വന്നു. 1986 ഫെബ്രുവരി 1-ന് ബാബരി മസ്ജിദിന്റെ പ്രധാന കവാടം തുറന്നു. രാജീവ് അറിഞ്ഞിരുന്നില്ല എന്ന് ന്യായം പറഞ്ഞ് ഒഴിയുകയാണ് കോൺഗ്രസ് ചെയ്തത്.
പക്ഷെ ജഡ്ജിയുടെ ഉത്തരവ് "ഡൽഹിയിൽ നിന്നോ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നോ അത്രയും അകലത്താണോ എന്ന്" ഇന്ത്യ ആഫ്റ്റർ ഗാന്ധി എന്ന തന്റെ പുസ്തകത്തിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹ ചോദിക്കുന്നുണ്ട്.

രാജ്യസഭയിലും ലോക്സഭയിലും കോൺഗ്രസ് സർക്കാരിന് വൻ ഭൂരിപക്ഷം ഉണ്ടായിരുന്ന ഘട്ടത്തിലാണ് ഈ വേട്ടക്കാർക്കൊപ്പം മുന്നിട്ട് ഓടൽ സംഭവിച്ചത്. പൂർണ്ണ പിന്തുണയോ, കണ്ടില്ലെന്ന് നടിച്ചുള്ള മൌന ആനുകൂല്യമോ എന്നത് മാത്രമാണ് സംശയമായി അവശേഷിച്ചത്. രാജ്യത്തിന്റെ യശ്ശസ്സിന് തന്നെയും മുറിവേൽപ്പിച്ച ചോരവരുന്നൊരു ചരിത്രമായി അത് തുടരുന്നു.
പള്ളി പൊളിച്ച സ്ഥലത്ത് രാമ മന്ദിരം പണിതപ്പോൾ ഉദ്ഘാടന ചടങ്ങിന് പോവാൻ ഏറ്റവും തിരക്ക് കൂട്ടിയത് കോൺഗ്രസ് നേതാക്കളായിരുന്നു. ഓരോ സംസ്ഥാനങ്ങളിൽ നിന്നും മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും ഞാൻ ഞാൻ മുന്നിലെന്ന് മത്സരിച്ചു. രാഷ്ട്രപതിയെ പോലും അടുപ്പിച്ചില്ല എന്നത് വെറെ കാര്യം.
അയോധ്യ ബിജെപിയുടെ വർഗ്ഗീയ ചേരിതിരിവ് തന്ത്രത്തിന് പുതിയ ഊർജ്ജം നൽകുന്നത് മനസിലാക്കി അതിനെ പ്രതിരോധിക്കാൻ എന്ന പേരിലാണ് 1989 നവംബറിൽ രാജീവ് ഗാന്ധി പള്ളിക്ക് സമീപം ഒരു പുതിയ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ വിശ്വഹിന്ദു പരിഷത്തിന് അനുമതി നൽകിയത്. വോട്ട് ബാങ്ക് പിടിക്കാൻ എന്നൊന്നും പറയാൻ പാടില്ല. അന്നത്തെ ഭൂരിപക്ഷം അത്രയും ഉണ്ടായിരുന്നു. എന്നിട്ടും എന്തിന് അത് ചെയ്തു. എം വി ഗോവിന്ദന്റെ വായടപ്പിക്കാൻ നടക്കുന്നവർക്ക് നേരെ ചരിത്രം കൊഞ്ഞനം കുത്തുന്നു.
അവിടെ തീർന്നില്ല രാജീവ് അവിടെ നിർത്തിയില്ല. തെരഞ്ഞടുപ്പ് പ്രചാരണ പ്രസംഗത്തിൽ അദ്ദേഹം "രാമരാജ്യ"ത്തെക്കുറിച്ച് സംസാരിച്ചു. മൂന്ന് വർഷത്തിന് ശേഷം പള്ളി പൊളിക്കുന്നതിനുള്ള ആഹ്വാനം തന്നെയായി അത് മാറി. രാജീവിന്റെ അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ ആർ എസ് എസ് ഗൂഡാലോചനയ്ക്ക് വളം പകർന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതിനെത്തുടർന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടി വന്ന മാധവ് ഗോഡ്‌ബോലെയുടെ തന്നെ വാക്കുകളിൽ, “രാജീവ് രണ്ടാമത്തെ ഏറ്റവും പ്രമുഖ കർസേവകൻ"- ആയി സ്വയം മാറി.

1992 ഡിസംബറിൽ പള്ളി പൊളിച്ച് മാറ്റിയപ്പോൾ പി വി നരസിംഹ റാവു പ്രധാനമന്ത്രി കസേരയിൽ ഉറച്ചിരിക്കയായിരുന്നു.“കർസേവകർ പള്ളി പൊളിച്ചുമാറ്റാൻ തുടങ്ങിയപ്പോൾ റാവു പൂജയിൽ ഇരുന്നു, അവസാന കല്ല് നീക്കം ചെയ്തതിനുശേഷം മാത്രമേ എഴുന്നേറ്റുള്ളൂ” എന്നണ് മുതിർന്ന പത്രപ്രവർത്തകൻ കുൽദീപ് നയ്യാർ ഇതിനെ കുറിച്ച് പരിഹാസ രൂപേണ പറഞ്ഞത്.
2019 ൽ തർക്ക ഭൂമി കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോൾ, വിധിയെ ബഹുമാനിക്കുന്നുവെന്നും അത് ക്ഷേത്ര നിർമ്മാണത്തിന് അനുകൂലമാണെന്നും കോൺഗ്രസ് കൂട്ടത്തോടെ ഉള്ളുകള്ളി വെളിച്ചത്ത് പറഞ്ഞു.
ബാബറി മസ്ജിദ് കവാടങ്ങൾ തുറക്കുന്നതിന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയല്ല, കോൺഗ്രസ് പാർട്ടി തന്നയാണ് ഉത്തരവാദിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പിന്നീട് കുമ്പസരിച്ചതും പത്രത്താളുകളിൽ തിരഞ്ഞാൽ ഇന്നും കാണാം.









0 comments