ഇനി ഇന്റർനെറ്റ് ഓഫ് ബോഡീസ് വരാം

ഒരു വർഷം എന്നതൊരു നീണ്ട കാലയളവാണ്. ആ സമയത്ത് ചെറുതും വലുതുമായ മാറ്റങ്ങൾ നടക്കുകയും കാര്യങ്ങൾ കീഴ്മേൽ മറിയുകവരെ ചെയ്യുകയും ചെയ്യും. കൊലകൊമ്പനെന്ന് വിളിക്കപ്പെട്ട സാങ്കേതികവിദ്യക്ക‌് വെറും ഹൈപ്പ് എന്ന് മുദ്രകുത്തപ്പെട്ട‌് വാലും ചുരുട്ടി മൂലയ്ക്ക് ഇരിക്കേണ്ടിവന്നേക്കാം. എന്നിരുന്നാലും, ഈ വർഷം ലോകത്ത് സജീവമാകാൻ പോകുന്ന ചില സാങ്കേതികവിദ്യകൾ ഏതൊക്കെയെന്ന‌് നോക്കാം.
ഇന്റർനെറ്റ് ഓഫ് ബോഡീസ്
ഫ്രിഡ്‌ജുമുതൽ ടിവിവരെ, ഫാക്ടറി യന്ത്രങ്ങൾമുതൽ ക്യാമറകൾവരെ ഇന്റർനെറ്റുമായി ബന്ധപ്പെട്ട ഒരു ലോകമാണ് ഇന്നത്തേത്. ഇന്റർനെറ്റ് ഓഫ് തിങ‌്സ‌് എന്ന ഈ അവസ്ഥയിൽനിന്ന് നമ്മളെത്തന്നെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് ഓഫ് ബോഡീസ് എന്ന പ്രവണത കൂടാൻ പോകുന്ന വർഷമാണിത്. ശരീരത്തിനുള്ളിൽ ഇംപ്ലാന്റ് ചെയ്യാവുന്ന ഇത്തരം ഉപകരണങ്ങൾ ഇന്നത്തെപ്പോലെ കൈയിൽ കെട്ടുന്ന, ദേഹത്ത‌് ഘടിപ്പിക്കുന്ന വെയ്‌റെബിൾസ് എന്നതിന്റെ അടുത്തതലമാണ്. ഗുളികപോലെ കഴിച്ചിട്ട‌് പുറത്തുള്ള സെൻസറുകളുമായി സംവദിക്കാൻ കഴിയുന്ന ഡിജിറ്റൽ പില്ലുകളും (ഗുളിക) ഈ വർഷം പ്രചാരം നേടുമെന്നാണ് പറയപ്പെടുന്നത്. ശരീരത്തിനുള്ളിലെ ഓരോ അനക്കവും പുറത്തുള്ള കംപ്യൂട്ടറുകൾ പങ്കുവയ്ക്കുന്ന അവസ്ഥ സുരക്ഷയും സ്വകാര്യതയും എത്രത്തോളം ഹനിക്കുമെന്നത് വരുംകാലങ്ങളിൽമാത്രമേ മനസ്സിലാകൂ.
ഓട്ടോണമസ് കാറുകൾ അടുത്തെത്തുമോ?
വഴി മനസ്സിലാക്കാനുള്ള ഗൂഗിൾ മാപ്‌സ് പോലെയുള്ള നാവിഗേഷൻ സംവിധാനങ്ങളില്ലാതെ നമുക്ക് അറിയാത്ത ഇടങ്ങളിലേക്ക് ഒരു യാത്രപോകാൻ സാധിക്കില്ല എന്നായിരിക്കുന്നു. താനേ ഓടുന്ന ഡ്രൈവറില്ലാ കാറുകളുടെ വരവിന‌് ഈ സംവിധാനങ്ങൾ വലിയൊരു പങ്കുവഹിക്കുമെങ്കിലും, ഇത്തരം സംവിധാനങ്ങളിലെ ന്യൂനതകൾ മനസ്സിലാക്കാനും ഇടയ്ക്കൊക്കെ മനുഷ്യനെപ്പോലെ വിവേകത്തോടുകൂടി ചിന്തിക്കാനും ഡ്രൈവറില്ലാ വാഹനങ്ങൾക്ക് സാധിക്കണം. അതിനുള്ള ഗാവേഷണങ്ങളും പരീക്ഷണങ്ങളും ഒക്കെയാണ് നമ്മുടെ തിരുവനന്തപുരത്തുള്ള നിസ്സാൻ ഡിജിറ്റൽ ഹബ്ബിലടക്കം നടക്കുന്നത്. കൃത്രിമബുദ്ധിയും മറ്റ‌് അനുബന്ധ സാങ്കേതികവിദ്യകളും കുറെയേറെ മുന്നോട്ടുപോയ സ്ഥിതിക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ നമ്മുടെ നാട്ടിലും യാഥാർഥ്യമാകുന്ന വർഷമായിരിക്കുമോ ഇത്? നമുക്ക് കാത്തിരിക്കാം.
വെർച്വൽ റിയാലിറ്റിയും ഓഗ‌്മെന്റഡ് റിയാലിറ്റിയും
ഇതുകൂടാതെ വെർച്വൽ റിയാലിറ്റിയും ഓഗ‌്മെന്റഡ് റിയാലിറ്റിയും കളിതമാശകൾക്കും പരീക്ഷണങ്ങൾക്കും മാത്രമായി ഒതുങ്ങിയിരിക്കാതെ, നൈപുണ്യ വികസന പരിപാടികളിലും വിനോദത്തിനും മറ്റ‌് യഥാർഥ ഉപയോഗങ്ങൾക്കും എത്താൻ പോകുന്ന വർഷമാണിതെന്ന‌് വിദഗ്‌ധർ പറയുന്നു.
ഇന്റർനെറ്റ് ഇനിയും
ഒരു പുതിയ ബിസിനസ‌് തുടങ്ങാൻ ഇന്ന് ഇന്റർനെറ്റ്, വൈദ്യുതി എന്നതുപോലെ ആവശ്യമുള്ള ഒരു വസ്തുവാണ്. 4ജി ഇന്റർനെറ്റിന്റെ വളർച്ച ബിസിനസ‌് ആശയങ്ങളെ ലക്ഷ്യത്തിലെത്തിക്കാൻ എത്രത്തോളം സഹായിച്ചോ, അതിലധികം ഈ വർഷം വരുന്ന 5ജി സഹായിക്കുമെന്നാണു പറയപ്പെടുന്നത്. സോഫ‌്റ്റ‌്‌വെയർ പലതും ക്ലൗഡിൽ ആയതുകൊണ്ടും അതിന്റെ ഫീസ് ഉപയോഗത്തിനനുസരിച്ചായതും ഒക്കെ ബിസിനസുകൾ പിറക്കുന്നതിന് സഹായകമാകും.









0 comments