വനിതാ മതിൽ: 18 വയസിനു താഴെയുള്ളവർ പങ്കെടുക്കുന്നത്‌ യുഎൻ ബാലാവകാശ കൺവെൻഷൻ നിർദേശങ്ങൾക്ക്‌ വിരുദ്ധമെന്ന വാദം തെറ്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 22, 2018, 01:32 PM | 0 min read

കൊച്ചി > വനിതാ മതിലിൽ 18 വയസിന്‌ താഴെയുള്ളവർ പങ്കെടുക്കുന്നത്‌ ഐക്യരാഷ്ട്ര സംഘടനയുടെ ബാലാവകാശ കൺവെൻഷൻ നിർദേശങ്ങളുടെ ലംഘനമെന്ന വാദം വസ്‌തുതാ വിരുദ്ധം. 1989ൽ യുഎൻ പൊതുസഭ അംഗീകരിച്ച ബാലാവകാശ കൺവെൻഷൻ പ്രമേയം പങ്കാളിത്തത്തിനുള്ള അവകാശവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവുമടക്കമുള്ള കുട്ടികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ്‌. കുട്ടികൾക്ക്‌ സ്വന്തം താൽപര്യ പ്രകാരം സംഘടിക്കുന്നതിനും സമാധാനപരമായി ഒത്തുചേരുന്നതിനും അവകാശമുണ്ടെന്ന്‌ ബാലാവകാശ കൺവെൻഷൻ ഉറപ്പുനൽകുന്നു. ഇതിനു കടകവിരുദ്ധമാണ്‌ വനിതാ മതിലിൽ കുട്ടികളുടെ പങ്കാളിത്തം തടയാൻ ബാലാവകാശ കൺവെൻഷൻ നിർദേശങ്ങളെ കൂട്ടുപിടിക്കുന്നവരുടെ നിലപാട്‌.

യുഎൻ ബാലാവകാശ കൺവെൻഷൻ കുട്ടികളുടെ പൗരാവകാശം, രാഷ്‌ട്രീയ‐സാമൂഹ്യ‐സാമ്പത്തിക‐സാംസ്‌കാരിക അവകാശങ്ങൾ, ആരോഗ്യം എന്നിവ നിർവചിക്കുന്നു. 1992 ഡിസംബർ 11നാണ്‌ ഇന്ത്യ ഈ ഉടമ്പടിയിൽ ഒപ്പുവച്ചത്‌. ബാലാവകാശ കൺവെൻഷൻ ആർട്ടിക്കിൾ 12, 13, 15 എന്നിവയാണ്‌ അഭിപ്രായ സ്വാതന്ത്ര്യം, ആശയ സ്വാംശീകരണം, സംഘടിക്കാനും ഒത്തുചേരാനുമുള്ള സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച അവകാശങ്ങൾ ഉറപ്പുവരുത്തുന്നത്‌.

ബാലാവകാശ കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തിലെ ആർട്ടിക്കിൾ 12, 13, 15 എന്നിവ

അഭിപ്രായ രൂപീകരണത്തിന്‌ പ്രാപ്തരായ ഏതൊരു കുട്ടിക്കും അവരെ ബാധിക്കുന്ന വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഉറപ്പുവരുത്തേണ്ടത്‌ ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന്‌ ആർട്ടിക്കിൾ 12 പറയുന്നു. കുട്ടിയുടെ പ്രായവും പക്വതയും കണക്കിലെടുത്താണ്‌ ആ അഭിപ്രായങ്ങൾക്ക് സാധുത കൽപ്പിക്കേണ്ടതെന്നും ആർട്ടിക്കിൾ 12 പറയുന്നു. ആർട്ടിക്കിൾ 13 ആശയ പ്രകാശനത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പു നൽകുന്നു. അറിവന്വേഷിക്കാനും സ്വീകരിക്കാനും പ്രകാശിപ്പിക്കാനുമുള്ള കുട്ടിയുടെ അവകാശത്തെപ്പറ്റിയാണ്‌ ഈ ഭാഗം. ആർട്ടിക്കിൾ 15 ആണ്‌ സംഘടിക്കുന്നതിനും സമാധാനപരമായി ഒത്തുചേരുന്നതിനും കുട്ടികൾക്കുള്ള അവകാശത്തെ ഉറപ്പുവരുത്തുന്നത്‌. കുട്ടികളുടെ ഈ അവകാശങ്ങൾ അംഗീകരിക്കാൻ ഭരണകൂടത്തിന്‌ ബാധ്യതയുണ്ടെന്നും രാജ്യ സുരക്ഷ, പൊതുജനാരോഗ്യം, ക്രമസമാധാന നില തുടങ്ങി അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ അല്ലാതെ ഈ അവകാശങ്ങൾ വിനിയോഗിക്കുന്നതിൽ നിന്ന്‌ കുട്ടികളെ തടയാൻ ഭരണകൂടത്തിന്‌ അധികാരമില്ലെന്നും ബാലാവകാശ കൺവെൻഷൻ പ്രമേയത്തിൽ വ്യക്തമായി പറയുന്നു.

വസ്‌തുത ഇതായിരിക്കെയാണ്‌ യുഎൻ ബാലാവകാശ കൺവെൻഷന്റെ പേരിൽ 18 വയസിൽ താഴെയുള്ളവർ വനിതാ മതിലിൽ പങ്കെടുക്കുന്നത്‌ വിലക്കണമെന്ന്‌ ഒരു വിഭാഗം മുറവിളി ഉയർത്തുന്നത്‌. നവോഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ്‌ ജനുവരി ഒന്നിന്‌ സംസ്ഥാന സർക്കാർ വനിതാ മതിൽ സംഘടിപ്പിക്കുന്നത്‌. വനിതാ മതിലിൽ 18 വയസിൽ താഴെയുള്ളവർ പങ്കെടുക്കുന്നത്‌ വിലക്കിയ ഹൈക്കോടതിയും യുഎൻ ബാലാവകാശ കൺവെൻഷൻ നിർദേശങ്ങൾക്ക്‌ വിരുദ്ധമാണ്‌ ഇതെന്ന്‌ നിരീക്ഷിച്ചിരുന്നു. 



deshabhimani section

Related News

View More
0 comments
Sort by

Home