ഒരു രോഗം ഒട്ടേറെ ഗവേഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2018, 05:08 PM | 0 min read


മറ്റേത് അസുഖങ്ങളേക്കാൾ അർബുദം സമൂഹത്തിൽ അസ്വസ്ഥതയും ആകാംക്ഷയും ഉണ്ടാക്കുന്നതാണ്. മനുഷ്യന്റെ ദീർഘവീക്ഷണമില്ലാത്ത, ചൂഷണമനോഭാവമുൾപ്പടെയുള്ള ജീവിതരീതിയുടെകൂടി അനന്തരഫലമായി ഈ അസുഖത്തെ കാണാം. പ്രകൃതിയോട് ഇഴുകിച്ചേർന്ന് കേവലം അതിന്റെ ഒരു ഭാഗമായി ജനിച്ച‌്, ജീവിച്ച‌് കടന്നുപോകേണ്ട മനുഷ്യർ പ്രകൃതിയുമായി യുദ്ധം പ്രഖ്യാപിച്ച് അതിനെ അതിരുകളില്ലാത്ത ചൂഷണത്തിന് വിധേയമാക്കുന്നു.
അവസരത്തിലും അനവസരത്തിലും സൗകര്യത്തിനുവേണ്ടി നാം അവലംബിച്ചുപോന്ന പല എളുപ്പമാർഗങ്ങളും അർബുദത്തിന്റെ പലരീതിയിലുള്ള ആവിർഭാവത്തിന‌് വഴിതെളിച്ചു എന്നുവേണം കരുതാൻ.

വായുപോലും മലിനമാക്കുന്നു. ശുദ്ധമായ കുടിവെള്ളം ഇന്ന് വിരളമായി മാത്രമേ ലഭിക്കൂ. കൃത്രിമ നിറങ്ങളില്ലാത്ത, രാസവസ്തുക്കൾ ചേർക്കാത്ത ആഹാരസാധനങ്ങൾ ഇന്ന് വളരെ ദുർലഭമാണ‌്. കീടനാശിനികളുടെയും മറ്റു രാസവസ്തുക്കളുടെയും സാന്നിധ്യമില്ലാത്ത പഴങ്ങളും പച്ചക്കറികളും ഒരു കടയിലും ലഭിക്കുന്നില്ല.വ്യവസായശാലകളിൽനിന്ന‌് വർധിച്ച അളവിൽ പുറത്തേക്ക‌് വിടുന്ന കാർബൺ പൊടിമുതൽ പല നിറത്തിലും തരത്തിലും ഉണ്ടാക്കിവിടുന്ന നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കുകൾവരെ എത്തിനിൽക്കുന്നു ഇതിനുള്ള കാരണങ്ങൾ. പാരമ്പര്യഘടകങ്ങൾ പലതും അർബുദത്തിലേക്ക‌് വഴിതെളിക്കുമെങ്കിലും സുപ്രധാന ഘടകം ജീവിതശൈലിയിലുള്ള വികലതതന്നെ.

ശാസ്ത്രത്തിന്റെ നേട്ടങ്ങളുടെ ദുരുപയോഗം മനുഷ്യരാശിക്ക് സംഭാവന ചെയ്ത ഈ വിപത്തിനെ ശാസ്ത്രത്തിലൂടെതന്നെ പരിഹാരം കാണാൻ ഇന്ന് ലോകമെങ്ങും ശ്രമം നടക്കുന്നു എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. ഒരു ലോകകണക്കെടുത്താൽ ശാസ്ത്രഗവേഷണത്തിനാകെ ചെലവഴിക്കുന്ന തുകയുടെ 60 ശതമാനത്തിനുമുകളിൽ അർബുദ ഗവേഷണത്തിന‌് ചെലവഴിക്കുന്നുവെന്നു കാണാം. ഏറ്റവും കൂടുതൽ ഗവേഷകരും ഗവേഷണവും സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ടതുതന്നെ. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ കണ്ടുപിടിത്തങ്ങളും നൂതന സാങ്കേതികമാർഗങ്ങളും ഈ മേഖലയിൽ നിലനിൽക്കുന്നു.
ശാസ്ത്രഗവേഷണത്തിന്റെ ഒരു സൂചികയായി നാം പലപ്പോഴും നൊബേൽ സമ്മാനങ്ങളെ കാണാറുണ്ട്. കഴിഞ്ഞ കാലങ്ങളിലെ നൊബേൽ സമ്മാനങ്ങൾ പരിശോധിച്ചാൽ അതിൽ പലതും നേരിട്ടോ അല്ലാതെയോ അർബുദ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. 1926ൽ വൈദ്യശാസ്ത്രമേഖലയിൽ ജോഹന്നാസ് ആഡ്രിയാസിനും 1966ൽ റോസിനും 1975ൽ ബാൾട്ടി മോറിനും 1989ൽ മൈക്കിൾ ബിഷപ്പിനും 2008ൽ ഹരോൾഡ് ഹൗസെന്നും ഒക്കെ ലഭിച്ച നൊബേൽ സമ്മാനങ്ങൾ അർബുദവുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണത്തിനാണ്.

2018ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനവും അർബുദവുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണത്തിനാണ്. യാദൃച്ഛികമായിട്ടായിരിക്കാമെങ്കിലും 2018ലെ രസതന്ത്രത്തിനും ഭൗതികശാസ്ത്രത്തിനും നൽകിയ നൊബേൽ സമ്മാനത്തിന‌് അർബുദ ചികിത്സാമേഖലയുമായി ബന്ധമുണ്ട്.
2018ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം അർബുദത്തിനെതിരെ ശരീരത്തിന്റെ സ്വാഭാവികമായ പ്രതിപ്രവർത്തനത്തെക്കുറിച്ച‌് പഠിച്ച ടെക്‌സാസ് സർവകലാശാലയിലെ എം ഡി ആന്റേഴ്‌സൺ ക്യാൻസർ സെന്റററിലെ ഡോ. ജയിംസ് അല്ലിസൺ, ക്യേട്ടോ സർവകലാശാലയിലെ ഡോ. ടസുകു ഹോൻജോ എന്നിവർക്കാണ് നൽകിയത്. അർബുദകോശങ്ങളെ കൃത്യമായി ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒരു ചികിത്സാ രീതിയെ മാറ്റിനിർത്തി രോഗിയുടെ സ്വാഭാവികമായുള്ള പ്രതിപ്രവർത്തനശൃംഖലയെ ഉത്തേജിപ്പിച്ചുകൊണ്ട് അർബുദത്തെ ചെറുക്കാമെന്ന് ഈ രണ്ട് ശാസ്ത്രഞ്ജരും കണ്ടുപിടിച്ചു.

2018ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രകൃതി നിർദ്ധരണമനുസരിച്ചുള്ള ഡയറക്ടഡ് എവലൂഷൻ രീതി ഉപയോഗിച്ച് എൻസൈമുകളെ നിർമിച്ചതിന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ ഫ്രാൻസിസ് അർനോൾഡിനും ഫേജ് ഡിസ്‌പ്ലേ വിദ്യയുടെ കണ്ടുപിടിത്തത്തിന് ജോർജ് സ്മിത്ത്, ഗ്രിഗറി വിന്റർ എന്നിവർക്കും ലഭിച്ചു. ഈ രണ്ട‌് നേട്ടങ്ങളും അർബുദ ചികിത്സയെ സഹായിക്കുന്നതാണ്

അർബുദത്തിനെതിരെയുള്ള സ്വാഭാവിക കോശ പ്രതിപ്രവർത്തനത്തിൽ പങ്കെടുക്കുന്ന ശ്വേതരക്താണുക്കളിലൊന്നാണ് ടി കോശങ്ങൾ. ഇവയെ നിർവീര്യപ്പെടുത്തുന്ന സിടിഎൽഎ - 4 (ചെക് പോയിന്റ് ടി ലിംഫോസൈറ്റ്‌സ് അസോസിയേറ്റഡ് പ്രോട്ടീൻ 4) എന്ന പ്രോട്ടീൻ തന്മാത്രകളെ കണ്ടുപിടിക്കുക വഴി സ്വാഭാവിക പ്രതിപ്രവർത്തനത്തിനുണ്ടാകുന്ന തടസ്സത്തെ അതിജീവിക്കാനുള്ള പുതിയ വഴികൾ തുറന്നതിനാണ് ഡോ. ജയിംസ് അല്ലിസണിന് നൊബേൽ സമ്മാനം ലഭിച്ചതെങ്കിൽ, ഇതേപോലുള്ള മറ്റൊരു തന്മാത്രയായ പിഡി 1 ലിഗാൻഡ് (പ്രോഗ്രാംഡ‌് സെൽ ഡെത്ത‌് പ്രോട്ടീൻ–-1) കണ്ടുപിടിച്ചതിനാണ് ഡോ. ടസുകു ഹോൻജോയ്ക്ക് ഈ അംഗീകാരം ലഭിച്ചത്. സമാനരീതിയിലുള്ള ഈ രണ്ടു കണ്ടുപിടിത്തങ്ങളും അർബുദത്തിനെതിരെയുള്ള ശരീരകോശങ്ങളുടെ സ്വാഭാവിക എതിർപ്പിനെ ത്വരിതപ്പെടുത്താൻ ഉതകുന്നവയാണ്. ഈ രണ്ട‌് നേട്ടങ്ങളും ഇതിനോടകംതന്നെ അർബുദ ചികിത്സാരംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴിതെളിച്ചുകഴിഞ്ഞു. സിഡി 3 / സിഡി 28 എന്നീ തന്മാത്രകളെ ആശ്രയിച്ചുള്ള കോശസംവേദ പ്രക്രിയയെ തടസ്സപ്പെടുത്തുന്നവയാണ് സിടിഎൽഎ 4 ഉം പിഡി 1 ഉം. ഇവയെ നിർവീര്യപ്പെടുത്തുന്ന ഇപിലിഎമുമാബ്‌, നിവോലുമാബ്‌ എന്നീ തന്മാത്രകളുടെ കണ്ടുപിടിത്തം റേഡിയേഷനും കീമോതെറാപ്പിയും വലിയ പ്രയോജനം ചെയ്യാത്ത ചില അർബുദങ്ങളുടെ ചികിത്സയ്ക്കു കുറച്ചൊന്നുമല്ല സഹായകരമാകുന്നത്. ഡോ. ജയിംസ‌് അല്ലിസണിന്റെയും ഡോ. ടസുകു ഹോൻജോയ്ക്കിന്റെയും കണ്ടുപിടിത്തങ്ങളായിരുന്നു ഇതിനെല്ലാം അടിസ്ഥാനം.

2018ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രകൃതി നിർദ്ധരണമനുസരിച്ചുള്ള ഡയറക്ടഡ് എവലൂഷൻ രീതി ഉപയോഗിച്ച് എൻസൈമുകളെ നിർമിച്ചതിന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ ഫ്രാൻസിസ് അർനോൾഡിനും ഫേജ് ഡിസ്‌പ്ലേ വിദ്യയുടെ കണ്ടുപിടിത്തത്തിന് ജോർജ് സ്മിത്ത്, ഗ്രിഗറി വിന്റർ എന്നിവർക്കും ലഭിച്ചു. ഈ രണ്ട‌് നേട്ടങ്ങളും അർബുദ ചികിത്സയെ സഹായിക്കുന്നതാണ്. ഡയറക്ടഡ് എവലൂഷൻ വഴി ഉണ്ടാകുന്ന എൻസൈമുകളെ ഉപയോഗിച്ച് പല പ്രകൃതിജന്യമായ തന്മാത്രകളെയും അർബുദ ചികിത്സയ്ക്കുതകുന്നതാക്കി മാറ്റാൻ സാധിക്കും. അതുപോലെതന്നെ ഫേജ് ഡിസ്‌പ്ലേ വിദ്യ ഉപയോഗിച്ച് അർബുദത്തിന്റെ വേഗത്തിലുള്ള രോഗനിർണയവും അതുപോലെതന്നെ സിന്തറ്റിക് ആന്റിബോഡീസിന്റെ നിർമാണത്തിലൂടെ അർബുദ ചികിത്സയും സാധ്യമാകുന്നു.

2018ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലേസർ ഫിസിക്‌സിലെ സംഭാവനകൾക്ക‌് അമേരിക്കൻ ശാസ്ത്രജ്ഞരായ ആർതർ ആഷ്‌കിൻ, ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജെറാൾഡ് മുറു, കനേഡിയൻ ശാസ്ത്രജ്ഞനായ ഡോണ സ്ട്രീക‌്‌ലാൻഡ് എന്നിവർക്കു നൽകി. ഈ കണ്ടുപിടിത്തങ്ങളൊക്കെയും അർബുദത്തിന്റെ വേഗത്തിലുള്ള നിർണയത്തിനും അതുപോലെതന്നെ ചികിത്സയ്ക്കും സഹായകരമാണ്

2018ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലേസർ ഫിസിക്‌സിലെ സംഭാവനകൾക്ക‌് അമേരിക്കൻ ശാസ്ത്രജ്ഞരായ ആർതർ ആഷ്‌കിൻ, ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജെറാൾഡ് മുറു, കനേഡിയൻ ശാസ്ത്രജ്ഞനായ ഡോണ സ്ട്രീക‌്‌ലാൻഡ് എന്നിവർക്കു നൽകി. ഈ കണ്ടുപിടിത്തങ്ങളൊക്കെയും അർബുദത്തിന്റെ വേഗത്തിലുള്ള നിർണയത്തിനും അതുപോലെതന്നെ ചികിത്സയ്ക്കും സഹായകരമാണ്. അർതർ ആഷിക്കിന്റെ സംഭാവനയായ ഒപ്റ്റിക്കൽ ട്വീസേർസ് എന്ന ഉപകരണം രക്തത്തിലുള്ള അർബുദ കോശങ്ങളെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്നു. ജെറാൾഡിന്റെയും ഡോണയുടെയും കണ്ടുപിടിത്തമായ അൾട്രാ ഷോർട് ഒപ്റ്റിക്കൽ പൾസ് അർബുദ ചികിത്സയ്ക്ക‌് ഉപയോഗിക്കാവുന്നതാണ്. ചുരുക്കത്തിൽ 2018ലെ വൈദ്യശാസ്ത്രത്തിലെയും രസതന്ത്രത്തിലെയും ഭൗതികശാസ്ത്രത്തിലെയും നൊബേൽ സമ്മാനങ്ങൾ എല്ലാംതന്നെ നേരിട്ടോ അല്ലാതെയോ അർബുദ ചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജൈവസാങ്കേതികവിദ്യയിലൂടെയും മറ്റു നൂതനമാർഗങ്ങളിലൂടെയും ശാസ്ത്രലോകം കൈവരിച്ച നേട്ടങ്ങൾ ഇന്ന് കുറച്ചൊന്നുമല്ല അർബുദചികിത്സയെ സഹായിച്ചിരിക്കുന്നത്. വേഗത്തിലും തുടക്കസമയത്തുള്ള രോഗനിർണയത്തിനും കൃത്യമായി തന്മാത്രാതലത്തിലുള്ള പഠനത്തിനും അതിലൂടെതന്നെ ഏറ്റവും യോജിച്ച ചികിത്സാരീതി തെരഞ്ഞെടുക്കുന്നതിനും ഇന്ന് വൈദ്യശാസ്ത്രത്തിന‌് കഴിയുന്നത് ഈ കണ്ടുപിടിത്തങ്ങൾ ഉള്ളതുകൊണ്ടാണ്.

(എംജി സർവകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസ് മേധാവിയാണ്‌ ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home