തണുപ്പുകാലത്ത് എന്തു കഴിക്കാം

ഓരോ കാലാവസ്ഥയ‌്ക്കും അനുയോജ്യമായ ഭക്ഷണരീതി സ്വീകരിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മഞ്ഞുകാലം എത്തിയതോടെ ശരീരം പോഷണത്തിനൊപ്പം ചൂടും ആഗ്രഹിക്കുന്നു. ഒപ്പം ജലദോഷംമുതൽ ആസ്ത്മ വരെയുള്ള രോഗങ്ങളെ നേരിടുകയും വേണം. അതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
ശുദ്ധവും പ്രകൃതിദത്തവും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ഉദാ. പഴങ്ങൾ, പച്ചക്കറികൾ, ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്, മുഴുധാന്യങ്ങൾ, ഒപ്പം ചില സുഗന്ധവ്യജ്ഞനങ്ങളും.
കടുംനിറത്തിലുള്ള (പർപ്പിൾ, റെഡ്, ഓറഞ്ച്), പഴങ്ങളും പച്ചക്കറികളും ധാരാളം ആന്റി ഓക്‌സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ്. ഉദാ. തക്കാളി, ചുവന്നചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ, ഓറഞ്ച്.സിങ്ക് ഉൾപ്പെട്ട ഭക്ഷണം വൈറസ് അണുബാധയെ പ്രതിരോധിക്കാനുള്ള കഴിവ് വർധിപ്പിക്കുന്നു. ഉദാ. കടൽവിഭവങ്ങൾ, ചീര, പയർ, നട്‌സ‌്. കൂടാതെ അയൺ അടങ്ങിയ ഇലക്കറികൾ, പാൽ, മുട്ട, ചീസ്, കടല എന്നിവയും നല്ലതാണ്.
തണുപ്പുകാലത്ത് ശരീരതാപനില ഉയർത്താൻ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയിൽ കാണപ്പെടുന്ന കിഴങ്ങുവർഗങ്ങൾ. ഉദാ. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവയും ധാന്യങ്ങളായ ഗോതമ്പ‌്, ബ്രൗൺ റൈസ‌് എന്നിവയും. കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും.
തണുപ്പുകാലമാണെങ്കിലും ദാഹം തോന്നിയില്ലെങ്കിലും 1.5 –- 2 ലിറ്റർ ശുദ്ധജലം കുടിക്കണം. ജലത്തിനൊപ്പം ചുക്കുകാപ്പി, ഗ്രീൻടീ, ഇഞ്ചി, പുതിന, തേൻ എന്നിവചേർത്ത ചായ, കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്ത പാൽ എന്നിവയും ഉപയോഗിക്കാം. കൂടാതെ വെജ്സൂപ്പ്, ചിക്കൻസൂപ്പ് എന്നിവ അത്താഴത്തിനുമുമ്പ് കഴിക്കുന്നത് ഉൻമേഷദായകമാണ്. പപ്പായ, പൈനാപ്പിൾ, ഉണക്കമുന്തുരി, ഈന്തപ്പഴം എന്നിവയും അനുയോജ്യമാണ്.
ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്. സൂര്യപ്രകാശത്തിന്റെ ലഭ്യതവഴി, ശരീരത്തിന് വൈറ്റമിൻ ഡി ഉറപ്പുവരുത്തുന്നു. യോഗ, പ്രാണായാമം, സൂര്യനമസ്‌ക്കാരം എന്നിവ പരിശീലിക്കുന്നത് ശ്വസനം സുഗമമാക്കുന്നു. അരമണിക്കൂർ ലഘുവ്യായാമവും ഏഴുമണിക്കൂർ എങ്കിലും ശരിയായ ഉറക്കവും ഉറപ്പുവരുത്തുക.
(തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ഡയറ്റീഷ്യനാണ് ലേഖിക)









0 comments