കശുമാവ് കൃഷി വികസിപ്പിക്കാൻ

ഒരുകാലത്ത് മലയാളിയുടെ ഒട്ടുമിക്ക സാമ്പത്തിക ആവശ്യങ്ങളെല്ലാം നിറവേറ്റി പോന്നിരുന്നത് കശുവണ്ടി പാകമാകുന്ന മാസങ്ങളിലായിരുന്നു. എന്നും പരാധീനത മാത്രമായിരുന്ന കർഷകന് തെല്ലൊരാശ്വാസം കശുവണ്ടിയുടെ വിളവെടുപ്പുകാലത്ത് മാത്രമായിരുന്നു.വിദേശവിപണിയിൽ കശുവണ്ടിവ്യവസായത്തിൽ ബ്രസീൽ, വിയറ്റ്‌നാം, ടാൻസാനിയ, മൊസാംബിക് എന്നീ രാജ്യങ്ങളുമായി ഇന്ത്യ കടുത്ത മത്സരത്തിലാണ്. ഇന്ത്യക്ക് വിദേശനാണ്യം നേടിത്തരുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനം കശുവണ്ടിക്കാണ്. 1970 കളിൽ വിസ്തൃതിയിൽ കശുമാവുകൃഷി ഒന്നാംസ്ഥാനത്തായിരുന്നു. റബ്ബറിന്റെ കടന്നുവരവോടെ മേഖലയിലെ ഒട്ടുമിക്ക പ്രദേശവും റബർകൃഷിക്ക് വഴിമാറി.
മഹാരാഷ‌്ട്ര ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, കർണാടകം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കശുമാവുകൃഷി വിസ്തൃതിയിൽ ആറാം സ്ഥാനത്തും കശുവണ്ടി ഉൽപ്പാദനത്തിൽ അഞ്ചാം സ്ഥാനത്തേക്കും നാം പിന്തള്ളപ്പെട്ടു.
850 കശുവണ്ടി ഫാക്ടറികൾ സുഗമമായി പ്രവർത്തിക്കുന്നതിനും മൂന്ന് ലക്ഷം തൊഴിലാളികളുടെ തൊഴിൽ ഉറപ്പുവരുത്തുന്നതിനും മുമ്പുണ്ടായിരുന്ന സ്ഥാനങ്ങൾ തിരിച്ചുപിടിക്കുന്നതിനും ആറുലക്ഷം ടൺ കശുവണ്ടി അനിവാര്യമായിരിക്കെ, ഇപ്പോൾ നമ്മുടെ ആഭ്യന്തര ഉൽപ്പാദനം വെറും 83,000 ടൺ മാത്രമാണെന്നുള്ളത് ഈ മേഖലയിലെ പ്രതിസന്ധി എത്രത്തോളമാണെന്ന് കാട്ടിത്തരുന്നു. ഈ അപകടകരമായ സാഹചര്യം മറികടക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ സമീപഭാവിയിൽത്തന്നെ നമുക്കിതിനെ അതിജീവിക്കാനാകും.
റബർക്കൃഷി കുറെക്കാലമായി നമുക്ക് കടുത്ത നിരാശയാണ് നൽകുന്നത്. ഉൽപ്പാദനച്ചെലവ് കൂടിയതും വിലയിടിവും ഈ മേഖലയെ തകർത്ത് തരിപ്പണമാക്കി. കോർപറേറ്റുകൾക്കുവേണ്ടിയുള്ള കേന്ദ്രഭരണത്തിൽ റബറിന് ഇനി വില കൂടുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തമായിരിക്കും എന്നതിൽ സംശയമില്ല. ഇവിടെയാണ് കശുമാവുകൃഷി പുതിയ പ്രതീക്ഷ നൽകുന്നത്. റബർക്കൃഷി യേക്കാൾ പരിപാലനച്ചെലവ് കുറഞ്ഞ, മെച്ചപ്പെട്ട വരുമാനം തരുന്ന കശുമാവ് കൃഷിയിലേക്ക് കൃഷിക്കാർ അടുത്തകാലത്ത് വരുന്നത് പ്രതീക്ഷ നൽകുന്നു.
അനവസരത്തിൽ കേന്ദ്രഗവൺമെന്റ് നടപ്പിലാക്കിയ നോട്ടുനിരോധം, അശാസ്ത്രീയമായി അടിച്ചേൽപ്പിച്ച ജിഎസ്ടി, ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം എന്നിവമൂലം അനുഭവിക്കുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും നമ്മുടെ പരമ്പരാഗതകൃഷിരീതികൾ തിരിച്ചു പിടിക്കാനും പഴയകാല കർഷകരുടെ പ്രതാപം വീണ്ടെടുക്കാനും സർക്കാർ സഹായിക്കുന്നുണ്ട്. സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി ഈ ഉദ്യമം വിജയിപ്പിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ്.
ഇപ്പോഴുള്ള ആഭ്യന്തര ഉൽപ്പാദനമായ 83,000 ടണ്ണിൽനിന്ന‌് ആറു ലക്ഷം ടണ്ണായി ഘട്ടംഘട്ടമായി ഉയർത്താൻ ഉതകുന്നരീതിയിൽ കാർഷിക സർവകലാശാലകളിൽ തയ്യാർചെയ്ത അത്യുൽപ്പാദനശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകളാണ് സംസ്ഥാനത്തുടനീളം സൗജന്യമായി നൽകുന്നത്.
പരിപാലിക്കപ്പെടുന്ന തൈ ഒന്നിന് കർഷകർക്ക് 60 രൂപയും നൽകുന്നു എന്നത് ഗവൺമെന്റിന്റെ ഈ രംഗത്തുള്ള ശ്രദ്ധയെയാണ് സൂചിപ്പിക്കുന്നത്. മുറ്റത്തൊരു കശുമാവ് എന്ന നാമധേയത്തിൽ സ്‌കൂൾ, കോളേജ്, കുടുംബശ്രീ, അഗ്രിക്ലബുകൾ എന്നിവയ്ക്ക് സൗജന്യമായി നൽകുമ്പോൾ പുതുതലമുറയ‌്ക്ക് കൃഷിയിൽ താൽപ്പര്യം ഉണ്ടാക്കാമെന്നതും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവഗാഹമുണ്ടാക്കാമെന്നതും ഏജൻസിയുടെ ലക്ഷ്യമാണ്. (കേരള സംസ്ഥാന കശുമാവ് കൃഷിവികസനസമിതി ഭരണസമിതി അംഗമാണ് ലേഖകൻ)









0 comments