എച്ച്‌ഐവി അറിയേണ്ടതെന്തെല്ലാം?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2018, 05:16 PM | 0 min read

എച്ച്‌ഐവി എന്ന രോഗത്തെക്കുറിച്ച്‌ പൊതുവേ  സമൂഹത്തിലുള്ളത്‌ തെറ്റായ ധാരണകളാണ്‌. എച്ച്‌ഐവി എന്നത്‌ ഹൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി എന്നുപേരുള്ള ഒരു വൈറസിനാൽ ഉണ്ടാകുന്ന രോഗമാണ്‌. ശരീരത്തിന്റെ പ്രതിരോധശേഷിയെ കാർന്നുതിന്നുന്ന ഒരു വൈറസാണ്‌ ഇത്‌. തന്മൂലം ശരീരത്തിലേക്ക്‌ കയറിക്കൂടുന്ന മറ്റ്‌ അണുബാധകൾ മരണത്തിലേക്ക്‌ നയിക്കുന്നു.

ഈ രോഗം പകരുന്നത്‌ ലൈംഗികബന്ധത്തിലൂടെയും രോഗംബാധിച്ച ആളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും ഗർഭാവസ്‌ഥയിൽ അമ്മയിൽനിന്നു കുഞ്ഞിലേക്കും അണുവിമുക്തമാക്കാത്ത സിറിഞ്ചുകളിലൂടെയുള്ള കുത്തിവയ്‌പ്പിലൂടെയുമാണ‌്.

രോഗിയുടെ കൂടെ ഭക്ഷണം കഴിക്കുന്നതിലൂടെയോ ഒരുമിച്ച്‌ താമസിക്കുന്നതുകൊണ്ടോ രോഗിയെ തൊടുന്നതുകൊണ്ടോ, ഹസ്‌തദാനം ചെയ്യുന്നതുകൊണ്ടോ പകരുകയില്ല. പല ആളുകളും ഇത്തരം അബദ്ധധാരണകളാൽ പരിഭ്രാന്തരായി അവരുടെ മാനസികാരോഗ്യത്തിന്‌ ദോഷം വരുത്തിവയ്‌ക്കുന്നു. കൊതുകുകളിലൂടെയോ വായുവിലൂടെയോ ഈ രോഗം പകരുകയില്ലായെന്നതും അറിയേണ്ട വസ്‌തുതതാണ്‌.

അസുഖം ബാധിച്ച ആളുകൾക്ക്‌ വിട്ടുമാറാത്ത പനി, വിശപ്പുകുറവ്‌, ശരീരഭാരം കുറയുക, വിട്ടുമാറാത്ത വയറിളക്കം എന്നിവയാണ്‌ സാധാരണ ലക്ഷണങ്ങൾ. എന്നാൽ, ചിലർക്ക്‌ രോഗം മൂർച്ഛിക്കുന്നതുവരെ പ്രത്യേകലക്ഷണങ്ങൾ ഒന്നുംതന്നെ കാണാറുമില്ല. സാധാരണയായി ക്ഷയംരോഗം ഈ അസുഖത്തോടൊപ്പംതന്നെ കാണാറുണ്ട്‌. മസ്‌തിഷ്‌കജ്വരം, ന്യൂമോണിയ എന്നിവയും കണ്ടുവരാറുണ്ട്‌.

എലീസ ELISA    ടെസ്‌റ്റിലൂടെ ഈ രോഗം നേരത്തെതന്നെ കണ്ടുപിടിക്കാവുന്നതേയുള്ളു. ഇതാകട്ടെ, സർക്കാർ ആശുപത്രികളിൽ സൗജന്യമായിത്തന്നെ ചെയ്യാവുന്നതാണ്‌. രോഗം സ്‌ഥിരീകരിച്ചുകഴിഞ്ഞാൽ പിന്നെ സിഡി 4കൗണ്ട്‌ ടെസ്‌റ്റ്‌ CD4 Count Test  ചെയ്‌ത്‌ രോഗത്തിന്റെ തീവ്രത കണക്കാക്കുന്നു. ഈ രോഗത്തിന്റെ ഒരു പ്രത്യേകത ജീവിതകാലം മുഴുവൻ മരുന്നുകഴിക്കണം എന്നതാണ്‌. കൃത്യമായി മരുന്നുകഴിക്കുന്ന രോഗികൾ ഒരു സാധാരണ മനുഷ്യന്റെ ശരാശരി ആയുസ്സുവരെ ആരോഗ്യത്തോടെ ജീവിക്കുന്നു. ചികിത്സയില്ലാത്ത അസുഖം എന്നത്‌ ഒരു മിഥ്യയാണ്‌. മുൻകാലങ്ങളെ അപേക്ഷിച്ച് രോഗി കഴിക്കേണ്ട ഗുളികകളുടെ എണ്ണം വളരെ കുറവാണ്‌.

എച്ച്‌ഐവിബാധയുള്ള രോഗിയെ പൊതുസമൂഹത്തിൽനിന്ന്‌ മാറ്റിനിർത്തുന്നത്‌ രോഗികൾക്കും കുടുംബത്തിനും തീരാദുഃഖമാണ്‌ നൽകുന്നത്‌. അതുകൊണ്ടുതന്നെ ഈ അസുഖം ബാധിച്ച മനുഷ്യരെ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിക്കുക എന്നത്‌ ഒരു ഭഗീരഥപ്രയത്‌നമാണ്‌. ഒരു സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും ഈ രോഗം ബാധിച്ചവർക്കുമുണ്ടെന്ന്‌  എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്‌.

(തിരുവനന്തപുരം എസ‌്‌യുടി ആശുപത്രിയിൽ ഇൻഫെക‌്‌ഷിയസ‌് ഡീസീസ‌് കൺസൾട്ടന്റാണ്‌ ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home