സർദാറിനെ തടയാം; പക്ഷേ ഇങ്ങനെയാണോ...


ദേശീയ ഹോക്കി ടീമിന്റെ കോച്ചിങ‌് ഡയറക്ടർ ഡേവിഡ‌് ഇയാൻ ജോണും വനിതാ ടീമിന്റെ ചുമതലയേറ്റ മുൻ പരിശീലകൻ സോർദ‌് മാരിനും ചേർന്നു നടത്തിയ അനവസരത്തിലുള്ള മാറ്റങ്ങൾ ടീമിനെ ദുർബലമാക്കുകയായിരുന്നു. താനുൾപ്പെടെ സീനിയർ കളിക്കാരെ തങ്ങൾക്കിഷ്ടംപോലെ മാറ്റിയും മറിച്ചും അവഗണിച്ചും ഓരോ അവസരത്തിലും ടീമിൽനിന്ന‌് ഒഴിവാക്കിയിരുന്നു. കഴിഞ്ഞവർഷം ഒക‌്ടോബറിൽ ധാക്കയിൽ ഏഷ്യാകപ്പിന്റെ സൂപ്പർഫോറിൽ പാകിസ്ഥാനെ ഇന്ത്യ നേരിടുന്നതിനു തൊട്ടുമുമ്പായി മുറിയിലേക്ക‌് വിളിച്ചുവരുത്തി ഡേവിഡ‌് ഇയാൻ ജോൺ പറഞ്ഞതിങ്ങനെയായിരുന്നു. താൻ വ്യക്തിഗത പ്രകടനമാണ‌് നടത്തുന്നത‌്.
ടീമിന‌് അവസരങ്ങൾ ഒരുക്കുന്നില്ല. ഒരു നിർണായകമത്സരത്തിനു തൊട്ടുമുമ്പായി ഒരു പരിശീലകൻ ഒരു ടീമംഗത്തിനുമേൽ ഇങ്ങനെയൊരു കുറ്റപത്രം ചാർത്താമോ. അത്തരം കാര്യങ്ങൾ സംസാരിക്കാൻ അതാണോ ഉചിതമായ സമയവും സന്ദർഭവും. അതൊക്കെ മത്സരങ്ങൾ കഴിഞ്ഞിട്ടാകാമല്ലോ. ഏതായാലും ആ മത്സരം ഇന്ത്യ 4–-0നു നേടുകയുണ്ടായി –- ഒടുവിൽ 314 അന്തരാഷ‌്ട്ര മത്സരത്തിൽ ഇന്ത്യയുടെ കളറണിഞ്ഞിട്ടുള്ള താൻ എന്തുകൊണ്ട‌് സ്വയം വിരമിക്കുന്നുവെന്നതിന്റെ അണിയറ കഥകളിലേക്ക‌് വെളിച്ചംവീശുന്ന വെളിപ്പെടുത്തലുകൾ നടത്താൻ ഇന്ത്യൻ ഹോക്കിയുടെ മധ്യനിര ജനറലായ സർദാർസിങ‌് തയ്യാറാകുന്നു. അതിലേക്ക‌് വിരൽചൂണ്ടുന്ന ചില കാര്യങ്ങളാണ‌് സർദാർ തുറന്നടിച്ചത‌്.
ഒരു കാര്യം വ്യക്തമാണ‌്. ഇന്ത്യയുടെ മണ്ണിൽ ലോകകപ്പും 2020ൽ ടോക്കിയോവിൽ ഒളിമ്പിക‌്സും നടക്കാനിരിക്കെ ഒരു ദശകത്തിലേറെയായി ദേശീയ ടീമിന്റെ മധ്യനിരയിൽ ശക്തിസ്രോതസ്സായി വിളങ്ങുന്ന സർദാർസിങ്ങിനെ ഒഴിവാക്കപ്പെടാൻ മതിയായ കാരണങ്ങൾ നിരത്താൻ കോച്ചുൾപ്പെടെ ഒരു വിദഗ‌്ധനും കഴിയില്ല. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം ഉറപ്പായിരുന്ന പി ആർ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ടീമിന‌് വെങ്കലത്തിലേക്ക‌് ചുരുങ്ങേണ്ടിവന്നപ്പോൾ ഇന്ത്യക്ക‌് നഷ്ടപ്പെട്ടത‌് സർദാർസിങ് എന്ന ഏറ്റവും സീനിയറായ കളിക്കാരനെയാണ‌്.
തന്നെ ദേശീയടീമിൽനിന്നു പുറത്താക്കിയതിനെ അല്ല സർദാർ ചോദ്യംചെയ‌്തത‌്. അതിനു സ്വീകരിച്ച രീതികളും അണിയറനാടകങ്ങളുമാണ‌് അർജുന അവാർഡും പത്മശ്രീയും രാജീവ‌്ഗാന്ധി ഖേൽരത‌്നയും നൽകി രാജ്യം ആദരിച്ച ഈ താരത്തെ വേദനിപ്പിക്കുന്നത‌്.
ഇന്ത്യൻ നായകൻ എന്ന നിലയിൽ മൂന്നു സ്വർണമെഡലുകൾ നേടിയ ഈ ഹരിയാനക്കാരൻ 32–-ാം വയസ്സിലാണ‌് സ‌്റ്റിക്ക‌് താഴെവയ‌്ക്കുന്നത‌്. ടോക്കിയോ ഒളിമ്പിക‌്സിലും മധ്യനിര നിയന്ത്രിക്കാൻ ഈ പരിചയസമ്പന്നനുണ്ടാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ‌് നാടകീയമായ വിടവാങ്ങൽ പ്രഖ്യാപിക്കുന്നതിലേക്ക‌് ഇന്ത്യൻ ഹോക്കിയിലെ അണിയറനീക്കങ്ങൾ ചെന്നെത്തിയത‌്. ഇന്ത്യയിൽ നടക്കാൻപോകുന്ന ലോകകപ്പിനുള്ള ടീമിന്റെ ക്യാമ്പിലേക്കുപോലും അവസരം കൊട്ടിയടക്കപ്പെട്ടതിനെത്തുടർന്നായിരുന്നു സർദാർ വിരമിക്കാനുള്ള തീരുമാനമെടുത്തത‌്.
ഓരോ ടൂർണമെന്റിലും തഴയുമ്പോൾ ജോണും മാരിനും പറഞ്ഞിരുന്നത‌് അടുത്ത വലിയ ടൂർണമെന്റിലേക്ക‌് തന്നെ ആവശ്യമുണ്ടെന്നായിരുന്നു. എന്നാൽ, ഏഷ്യൻ ഗെയിംസിനുശേഷം തനിക്ക‌് ഒരു സുവർണാവസരം കൈവന്നിട്ടില്ലെന്ന‌് സർദാർ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഡിസംബറിൽ ഭുവനേശ്വറിൽ നടന്ന ലോക ഹോക്കി ലീഗ‌് ഫൈനൽസിൽ ടീമിലില്ലാതിരുന്ന സർദാറിനെ തുടർന്ന‌് സുൽത്താൻ അസ്ലാംഷാ കപ്പിൽ ജൂനിയർ കളിക്കാരടങ്ങിയ ടീമിന്റെ നായകനാക്കി. പിന്നീട‌് കോമൺവെൽത്ത‌് ഗെയിംസ‌് ടീമിന‌് നറുക്കുണ്ടായില്ല. ഏഷ്യൻ ഗെയിംസിൽ കളിച്ചെങ്കിലും തുടർന്ന‌് ഏഷ്യൻ ചാമ്പ്യൻസ‌് ട്രോഫിക്കുള്ള 25 അംഗ സാധ്യതാടീമിൽനിന്ന‌് ഒഴിവാക്കപ്പെട്ടതോടെ സർദാറിനു മുമ്പിൽ അവർ വാതിൽ കൊട്ടിയടയ‌്ക്കുകയായിരുന്നു. അതോടെ കാര്യങ്ങൾ വ്യക്തമായി. എന്നാൽ, കളി തുടരാനുള്ള മികവും കായികക്ഷമതയും തനിക്കുണ്ടെന്നു സർദാർ പറയുന്നതിനോട‌് വിയോജിക്കേണ്ടതില്ല. ആഗോളതലത്തിൽ വിവിധ ഹോക്കി ലീഗുകളിൽ തന്റെ കായികസപര്യ തുടരാനാണ‌് സർദാറിന്റെ തീരുമാനം. ഹരിയാനയിൽ ഹോക്കി അക്കാദമി തുടങ്ങാനും ആഗ്രഹമുണ്ട‌്.









0 comments