ദുരിയാൻ, കസ്തൂരി മഞ്ഞൾ , പോളി ഹൗസ്

ഞാൻ ഏതാനും ദുരിയാൻ.തൈകൾ നട്ടിട്ട്് ചെടികൾ നന്നായി വളർന്ന് പുഷ്പിക്കുന്നുണ്ടെങ്കിലും കായ്കൾ ഉണ്ടാവുന്നില്ല. എന്താണ് കാരണം. മോശപ്പെട്ട ഇനമായതു കൊണ്ടാണോ ?
സി.ബിജു. നീലേശ്വരം, കാസർകോട്.
ഫെബ്രുവരിയിലാണ് സാധാരണ ദുരിയാൻപുഷ്പിക്കുന്നത് ദ്വി ലിംഗപുഷ്പങ്ങളിൽ പരാഗണം നടത്തുന്നത് വവ്വാലുകളാണ്. അതിനാൽ ദുരിയാൻ മരങ്ങളിൽ വവ്വാലുകൾ വരേണ്ടത് കായ് പിടിത്തത്തിന് നിർബന്ധമാണ്. ദുരിയാൻ കൃഷി ചെയ്യുമ്പോൾ മികച്ച ഇനത്തിൽപ്പെട്ട തൈകൾ തന്നെ തിരഞ്ഞെടുക്കണം. മലേഷ്യയിൽ നിന്നുള്ള മുസാൻ കിങ്, റെഡ് പ്രോൺ എന്നിവയും തായ്ലന്റിൽ നിന്നുള്ള മോന്തോങ്ങ്, ചാനി, കന്യാവു എന്നിവയും ഫിലിപ്പൈൻസിൽ നിന്നുള്ള അരൻസില്ലോ, കോബ് എന്നിവയും നമ്മുടെ കാലാവസ്ഥയിൽ സമൃദ്ധമായി പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്ന ഇനങ്ങളാണ്.
കസ്തൂരി മഞ്ഞൾ കൃഷി ചെയ്തിട്ടുണ്ട്. ഇതിന്റെ വിളവെടുപ്പും സംസ്കരണവും പറഞ്ഞു തരുമോ ?
പി. നിഷ, ഉഷസ്സ്, ശിവപുരം.
നട്ട് ഏതാണ്ട് ഏഴ് മാസം കഴിയുന്നതോടെ ഇലകൾ ഉണങ്ങി തുടങ്ങും. ഇത് വിളവെടുക്കുവാനുള്ള അറിയിപ്പാണ്. കിഴങ്ങുകൾക്ക് കേടുപറ്റാതെ പറിച്ചെടുത്ത് ഇലയും വേരുകളും നീക്കി വിപണനം ചെയ്യുകയോ ഉണക്കി സൂക്ഷിക്കകയോ ചെയ്യാം. ഉണക്കുമ്പോൾ വിളവിന്റെ 27 ശതമാനം തൂക്കം കിട്ടും. കിഴങ്ങുകൾ കനം കുറച്ച് അരിഞ്ഞ് ആവിയിൽ മൂന്ന്‐നാല് മണിക്കൂർ വാറ്റിയെടുത്താൽ തൈലം ലഭിക്കും. പറിച്ച ഉടനെയുള്ള കിഴങ്ങിൽ നിന്ന് 0.33 ശതമാനവും ഉണങ്ങിയ കിഴങ്ങിൽ നിന്ന് 1.05 ശതമാനവും തൈലം ലഭിക്കും.
പച്ചക്കറി കൃഷി ചെയ്യുവാൻ കൃഷി വകുപ്പിന്റെ സഹായത്തോടെ പോളി ഹൗസ് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. ?
കെ.കെ.ഹമീദ്, അങ്ങാടിപ്പുറം, മലപ്പുറം.
സൂര്യപ്രകാശത്തിന്റെ ലഭ്യത കാറ്റിന്റെ ഗതി, ചെരിവ്, ജലലഭ്യത എന്നിവയെല്ലാം പരിഗണിച്ചു വേണം പോളി ഹൗസിനായുള്ള സ്ഥലം തിരഞ്ഞെടുക്കുവാൻ. ഭാഗികമായോ, പൂർണ്ണമായോ തണൽ വീഴുന്ന സ്ഥലം പോളി ഹൗസിന് ഒട്ടും അനുയോജ്യമല്ല. നാച്ചുറലി വെന്റിലേറ്റഡ് പോളി ഹൗസുകളിൽ കൃത്യമായ അന്തരീക്ഷ ക്രമീകരണത്തിനുതകുന്ന രീതിയിൽ മതിയായ വെന്റിലേഷനും ക്രമീകരണവും ഉറപ്പു വരുത്തേണ്ടതാണ്. കീടങ്ങളുടെ പ്രവേശനം പൂർണ്ണമായും തടയുന്ന തരത്തിൽ തന്നെ ആയിരിക്കണം നിർമ്മാണം. കാറ്റിനെയും മഴയെയും പ്രതിരോധിക്കുന്നതിന് കഴിയുന്ന തരത്തിൽ സ്ട്രക്ചർ ബലവത്താകുന്നതിന് ഗുണലനിലവാരമുള്ള നിർമ്മാണ വസ്തുക്കൾ തന്നെ ഉപയോഗിക്കണം. പോളി ഹൗസ് കുറ്റമറ്റ രീതിയിൽ നിർമ്മിച്ചാൽ ഹൈടെക് ഫാമിങ്ങ് 50 ശതമാനം.വിജയിച്ചു എന്ന് പറയാം. അപാകതകളുള്ള പോളി ഹൗസിൽ കൃഷി തീർത്തും പരാജയമായിരിക്കും.









0 comments