നെഹ്റുവിന്റെ ഒസ്യത്ത്

ഇന്ത്യയെയും അധ്വാനിക്കുന്ന അടിസ്ഥാന വര്‍ഗത്തെയും ഏറെ സ്‌നേഹിച്ച നെഹ്‌റു മരണശേഷം തന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഈ മണ്ണിലും നദിയിലും അലിഞ്ഞുചേരണമെന്ന് ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ഒസ്യത്ത് ഇപ്രകാരമാണ്. ''എന്റെ മരണത്തെ തുടര്‍ന്ന് മതപരമായ യാതൊരു ആഘോഷങ്ങളും നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം ചടങ്ങുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
എന്റെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. വിദേശത്തുവച്ചാണ് ഞാന്‍ മരിക്കുന്നതെങ്കില്‍ എന്റെ ദേഹം അവിടെ സംസ്‌കരിക്കുകയും ചിതാഭസ്മം അലഹബാദിലേക്ക് കൊടുത്തയക്കുകയുംവേണം. അതില്‍ ഒരു പിടിചാരം ഗംഗയില്‍ ഒഴുക്കണം. ബാക്കി ഭൂരിഭാഗവും താഴെ പറയും വിധം വിനിയോഗിക്കണം. അവയില്‍ അല്‍പംപോലും സൂക്ഷിച്ചുവയ്ക്കരുത്.''
''ചിതാഭസ്മം ഒരു പിടി ഗംഗയില്‍ ഒഴുക്കണമെന്ന് പറയുന്നതില്‍ മതസംബന്ധമായ യാതൊരു പ്രാധാന്യവുമില്ല. ബാല്യകാലം മുതല്‍ക്കേ ഞാന്‍ അലഹാബാദില്‍ ഗംഗായമുനാ നദികളുമായി ബന്ധപ്പെട്ടവനാണ്. എന്റെ വളര്‍ച്ചയോടൊപ്പം ഈ ബന്ധവും വളര്‍ന്നുപോന്നിട്ടുണ്ട്. എന്റെ ചിതാഭസ്മത്തിന്റെ ഭൂരിഭാഗവും മറ്റൊരു വിധമാണ് വിനിയോഗിക്കേണ്ടത്. അതൊരു വിമാനത്തില്‍ കയറ്റി ആകാശത്തേക്ക് കൊണ്ടുപോവുകയും ഇന്ത്യയിലെ കൃഷിക്കാര്‍ അധ്വാനിക്കുന്ന വയലുകളിലേക്ക് അവിടെനിന്ന് വിതറുകയും വേണം. അങ്ങനെ അത് ഇന്ത്യയിലെ മണ്ണിലും പൊടിയിലും വിലയിച്ച് ഇന്ത്യയില്‍നിന്ന് വേര്‍പെടുത്താന്‍ വയ്യാത്തൊരു ഘടകമായിത്തീരണം. ''









0 comments