ഇതാണ്‌, ഇല്ലായ‌്മയുടെ ഗുജറാത്ത‌് മോഡൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2018, 07:23 PM | 0 min read


അഹമ്മദാബാദ്
ഗുജറാത്തിലെ അഹമ്മദാബാദിൽനിന്ന് രാജസ്ഥാനിലേക്ക് പണിയുന്ന പുതിയ റെയിൽപ്പാളത്തിലൂടെ ട്രയൽറൺ നടക്കുമ്പോൾ നരോദറോഡിലെ വാൽമീകി  കോളനികളിലുള്ളവർ ഭയചകിതരാകും. ഏതുസമയത്തും നിലംപൊത്താവുന്ന തങ്ങളുടെ ഫ്ലാറ്റിൽനിന്ന് ഓടി പുറത്തിറങ്ങും അവർ. ജിഗ്നേശ്വർ സോളങ്കി കഴിഞ്ഞദിവസം രക്ഷപ്പെട്ടത് തലനാരിഴയ‌്ക്കായിരുന്നു. തോട്ടിപ്പണികഴിഞ്ഞ്  വിശ്രമിക്കുകയായിരുന്ന ആ ചെറുപ്പക്കാരന്റെ തലയുടെ തൊട്ടരികിലാണ് മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണത്. വിജയ് മിൽ ഹെൽത്ത് സ്റ്റാഫ് ക്വാർട്ടേഴ്സിലെ താമസക്കാരാണ് സോളങ്കിയുടെ കുടുംബം. തനിക്കും കുടുംബത്തിനും ഇപ്പോൾ വീട്ടിൽ മലർന്നുകിടന്നാൽ ആകാശത്ത് പക്ഷികളും വിമാനങ്ങളും പറക്കുന്നത് കാണാമെന്ന് സോളങ്കി പറയുന്നു. ദൈവത്തിന്റെ സന്തതികളെന്ന് ഗാന്ധിജി വിശേഷിപ്പിച്ച തോട്ടിപ്പണിക്കാരുടെ  ഇന്നത്തെ സ്ഥിതിയാണിത്. മലം കോരിമാറ്റി തെരുവുകൾ വൃത്തിയാക്കി സൂക്ഷിക്കുന്ന  ഇവരോട് ഉടൻ വീടൊഴിഞ്ഞുപോകണമെന്ന് നഗരസഭ കൽപ്പിച്ചിരിക്കുകയാണ്.  ഇവരെ എവിടെ പുനരധിവസിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല.

'പ്രായപൂർത്തിയായ ഈ പെൺകുട്ടികളെയുംകൊണ്ട് എവിടെപോകും? തെരുവിൽ അലയണോ? ഞങ്ങൾ ഒഴിഞ്ഞുപോയിട്ടുവേണം വൻകിട കെട്ടിടനിർമാതാക്കൾക്ക് ഇവിടെ ഫ്ളാറ്റ് പണിയാൻ. അവർക്ക് സർക്കാരിന്റെ എല്ലാ സഹായവുമുണ്ട്. കൊന്നാലും ഇവിടം വിട്ടുപോകില്ല' താരാബെൻ പരശുറാം പറഞ്ഞു. സ്വച്ഛ് ഭാരത് പരിപാടിയുടെ പേരിൽ ഊറ്റംകൊള്ളുന്ന നരേന്ദ്ര മോഡിയുടെ നാട്ടിലാണ് 2013 ൽ നിയമംമൂലം നിരോധിക്കപ്പെട്ട തോട്ടിപ്പണി തുടരുന്നത്. തോട്ടിപ്പണി ആത്മീയമായ കർമം ആണെന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോഡിയുടെ അനുയായികളാണ് തങ്ങളെ ഇറക്കിവിടുന്നതെന്ന് ഈ തൂപ്പുകാർ പറയുന്നു. സംസ്ഥാനത്ത‌് മറ്റെവിടെയും ഇവരെ താമസിപ്പിക്കാനും അനുവദിക്കില്ല. രാജ്യത്ത് കോടിക്കണക്കിന് കക്കൂസ് പണിതെന്ന് അവകാശപ്പെടുമ്പോഴും ഗുജറാത്തിലെ ഏറ്റവുംവലിയ നഗരത്തിൽ തെരുവുകളിലെ മലവിസർജനം നിർബാധം തുടരുന്നു. സാമൂഹ്യപ്രവർത്തകർ ഇടപെടുന്നതിനാൽ പുലർച്ചെ മൂന്നിനും നാലിനുമൊക്കെയാണ‌് വാൽമീകി സമുദായക്കാർ ഈ തൊഴിലിലേർപ്പെടുന്നത്. മുപ്പതും നാൽപ്പതും വർഷം പഴക്കമുള്ള 348 ഫ്ലാറ്റാണ് ഈ കോളനിയിലുള്ളത്. എല്ലാത്തിലുംകൂടി രണ്ടായിരത്തിലേറെ മനുഷ്യർ തികച്ചും  ദയനീയ ചുറ്റുപാടിൽ കഴിയുന്നു. സാമൂഹ്യബഹിഷ്കരണം നേരിടുന്ന  സമുദായത്തിൽ ബിരുദധാരികൾ അടക്കമുണ്ടെങ്കിലും സ്വകാര്യസ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കില്ല. അതുകൊണ്ട് കുലത്തൊഴിൽതന്നെ ആശ്രയം. ശമ്പളം 18000 ഉണ്ടെങ്കിലും സർക്കാരും ദല്ലാൾമാരും അടിച്ചേൽപ്പിച്ച വായ്പയുടെയും പലിശയുടെയും പേരിൽ പലർക്കും കിട്ടുന്നത് അയ്യായിരത്തിൽ താഴെ. മുനിസിപ്പൽ കോർപറേഷൻ ശമ്പളം നൽകുന്നവർ കുറവ്. ഭൂരിഭാഗവും കരാറുകാരുടെ ചൂഷണത്തിന് ഇരയാകുന്നവരാണ‌്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ മിക്ക കോളനികളിലെയും അവസ്ഥ ഇതുതന്നെയാണ‌്.
 



deshabhimani section

Related News

View More
0 comments
Sort by

Home