അസന്തുഷ്ടനായ നിഷേധി

നയ് പാൾ മരണത്തിനുകീഴടങ്ങുമ്പോൾ ബാക്കി വെക്കുന്നതെന്താണ്? യാത്രാവിവരണങ്ങൾ ഉൾപ്പെടെ കഥേതര രചനകൾ കൊണ്ടും വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹത്തിന് ഇന്ത്യയുമായി രണ്ടു തരം ബന്ധം അവകാശപ്പെടാം. ഒന്ന് ഉത്തർപ്രദേശിലെ ബ്രാഹ്മണ കുടുംബവുമായുള്ള വേരുകൾ. മറ്റൊന്ന് രാജ്യത്തെ അപകീർത്തിപ്പെടുത്തിയെഴുതിയ 'ഇന്ത്യ എ വൂണ്ടഡ് സിവിലൈസേഷൻ', 'ഇന്ത്യ എ മില്യൺ മ്യൂട്ടിനീസ്'എന്നീ കൃതികളിലൂടെയുള്ള ബന്ധം. ഏറെ വായിക്കപ്പെട്ടവയാണ് ഇരു രചനകളും. യാത്രാനുഭവത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യവിശകലനം നടത്താനാണ് അവയിലൂടെ ശ്രമിച്ചത്. ശത്രുക്കൾ ഏറെ ആസ്വദിച്ച് വായിച്ചെങ്കിലും അവയ്ക്കു പിറകിലെ ചേതോവികാരം ഇന്ത്യയെ താറടിച്ചുകാണിക്കലായി വിലയിരുത്തപ്പെട്ടു. രചനകളിൽ യാഥാർഥ്യങ്ങൾ നിറച്ചിരുന്നെങ്കിലും അവ ഉൾക്കാഴ്ചയോടെ വിലയിരുത്തുന്നതിലും സാഹചര്യങ്ങൾ തിരിച്ചറിയുന്നതിലും പരാജയപ്പെട്ടു. അവയിലെ അക്ഷേപഹാസ്യവും സെൻസേഷണലിസവുമാണ് വായനക്കാരനിലേക്കെത്തിച്ചത്.
നോവലുകളിൽ പ്രധാനം 'എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്' , 'എ ബെൻഡ് ഇൻ ദ റിവർ' എന്നിവയാണ്. ഏറെ പ്രകീർത്തിക്കപ്പെട്ട അവയിലും നവീന കലാത്മകതയോ, വേറിട്ട സത്യാന്വേഷണമോ പുതിയ സൗന്ദര്യദർശനമോ ഉണ്ടെന്നു പറയുക വയ്യ. എന്നാൽ നയ്പാളിന്റെ എഴുത്തിന്റെ ഭംഗി അവയെ ലോകത്തിന്റെ മുന്നിലെത്തിച്ചു. ആ മാസ്മരികതയാണ് മറ്റു കൃതികളെയും ശ്രദ്ധേയമാക്കിയതും നോബൽ ഉൾപ്പടെ അംഗീകാരങ്ങൾ നേടിക്കൊടുത്തതും. വിവാദങ്ങളുടെ പിറകെ നടന്ന അദ്ദേഹം ജീവിച്ചിരിക്കുമ്പോഴേ വായനക്കാരിൽനിന്ന് അകന്നു. രചനകൾക്ക് ആരാധകർ കുറയുകയും ചെയ്തു. അസംതൃപ്മായ നിഷേധ മനസ്സിന്റെ ഉടമയെയാണ് ആ കൃതികളിൽ നല്ല വായനക്കാർ കണ്ടെത്തിയത്.
ലോകത്തെ വായിച്ചെടുക്കുന്നതിലും നയ് പാൾ വിജയം കണ്ടില്ല. മുന്നോട്ടുവച്ച ആശയങ്ങൾ പലതും അവഗണിക്കപ്പെട്ടു. മുപ്പതിലേറെ കൃതികൾ രചിച്ച അദ്ദേഹത്തിന്റെ വിയോഗം പ്രധാന ചോദ്യം ബാക്കിയാക്കുന്നു. ആ പേരിനെ നിലനിർത്താനുള്ള കരുത്ത് കൃതികൾക്കുണ്ടോ? ഇന്ത്യൻ വേരുകളുള്ള, രാജ്യത്തെ അറിയുന്നതിൽ പരാജയപ്പെട്ട, മുൻവിധികളോടെ കാര്യങ്ങൾ നോക്കിയ ഒരെഴുത്തകാരൻ യാത്രയായിരിക്കുന്നു. വിവാദങ്ങളുടൈ തോഴനാവുകയെന്ന മനോഭാവം എഴുത്തിനെ കള്ളങ്കപ്പെടുത്തി.








0 comments