മഴയിൽ ഈ അണകളിലാണ് തുണ

മഴത്തുള്ളികളെ ഏറ്റുവാങ്ങി മഹാപ്രളയത്തിൽനിന്ന‌് ജില്ലയെ സംരക്ഷിച്ചുനിർത്തുന്നത‌് നാല‌് പ്രധാന അണക്കെട്ടുകളാണ‌്. ഇടുക്കിയും ഇടമലയാറും നേര്യമംഗലവും ഭൂതത്താൻ കെട്ടും. വേനലിൽ ജലസേചനത്തിനുള്ള വെള്ളം ചുറ്റുമുള്ള പ്രദേശങ്ങൾക്ക‌് നൽകുന്നതിനൊപ്പം പെരിയാറിലെ ജലപ്രവാഹത്തെ നിയന്ത്രിക്കുന്ന പണിയും ഈ അണക്കെട്ടുകൾക്കാണ‌്. ഈ ‘മൾട്ടിപർപ്പസ‌്’ അണക്കെട്ടുകളെക്കുറിച്ച‌്...
ഇടമലയാർ അണക്കെട്ട‌്
പെരിയാറിന്റെ പോഷക നദിയായ ഇടമലയാറിന‌് കുറുകെ എണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ടാണിത‌്. ഇടമലയാർ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ച ഈ അണക്കെട്ടിന‌് 373 മീറ്റർ നീളവും 102.80 മീറ്റർ ഉയരവുമുണ്ട‌്. സമുദ്രനിരപ്പിൽനിന്ന‌് 8270 അടി ഉയരത്തിലുള്ള ആനമലയിൽനിന്നുൽഭവിച്ച‌് പെരിയാറിലേക്ക‌് ചേരുന്ന ഇടമലയാറിനു കുറുകെയായി എണ്ണക്കൽ എന്ന പ്രദേശത്താണ‌് അണകെട്ടിയിട്ടുള്ളത‌്. ജൂൺ മുതൽ സെപ‌്തംബർ വരെയുള്ള മൺസൂൺകാലത്ത‌് ഏതാണ്ട‌് 382 ചതുരശ്ര കിലോമീറ്ററോളം വൃഷ്ടിപ്രദേശത്ത‌് പെയ്യുന്ന മഴത്തുള്ളികളുടെ 90 ശതമാനത്തെയും ആവാഹിക്കുകയാണ‌് ഇടമലയാർ. പ്രതിവർഷം ശരാശരി 6000 മില്ലിലിറ്റർ മഴവെള്ളമാണ‌് ഇടമലയാറിൽ ലഭിക്കുന്നത‌്. എറണാകുളം നഗരത്തിൽനിന്ന‌് 81 കിലോമീറ്റർ അകലെയായി, ഭൂതത്താൻകെട്ടിൽനിന്ന‌് 12 കിലോമീറ്റർ മാറിയാണ‌് ഇടമലയാർ അണക്കെട്ട‌് സ്ഥിതി ചെയ്യുന്നത‌്.
.jpg)
1970ൽ ജലവൈദ്യുതപദ്ധതിക്കുള്ള ഒരുക്കങ്ങളെക്കുറിച്ചാലോചിക്കുമ്പോൾ 1032.3 മില്യൺ ക്യുബിക‌് മീറ്ററാണ‌് അണക്കെട്ടിന്റെ സംഭരണശേഷിയായി കണക്കാക്കിയിരുന്നത‌്.1987ൽ ഇടമലയാർ ജലവൈദ്യുതപദ്ധതി വിപുലമാക്കി കമീഷൻ ചെയ‌്തതോടെ സംഭരണശേഷി വീണ്ടും പരിശോധിച്ചു. വേനൽക്കാലത്ത‌് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ‌് 1178 മില്യൺ ക്യുബിക‌് മീറ്ററായി കുറയുന്നതായും മൺസൂൺകാലത്ത‌് 4361 മില്യൺ ക്യുബിക‌് മീറ്ററായി ഉയരുന്നതായും കണ്ടു. അങ്ങനെ വർഷംമുഴുവൻ ഇടമലയാറിൽ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ‌് 5,539 മില്യൺ ക്യുബിക‌് മീറ്ററായി കണക്കാക്കുന്നു. മൺസൂൺകാലത്ത‌് ഇടമലയാർ അണക്കെട്ടിന്റെ ജലനിരപ്പ‌് 1997 മുതൽ അൽപ്പം വർധിച്ചിട്ടുണ്ട‌്. ഇതിനു കാരണമാകുന്നത‌് പെരിങ്ങൽകുത്ത‌് അണക്കെട്ടിൽനിന്ന‌് വാച്ചുമരം കനാൽവഴി തിരിച്ചുവിടുന്ന അധികജലമാണ‌്. ഇടമലയാർ ജലാശയത്തിന്റെ സംഭരണശേഷി 169 മീറ്ററാണ‌്. അതായത‌് 554 അടി. 28.3 ചതുരശ്ര കിലോമീറ്ററിലായി ഇടമലയാർ ജലാശയം പരന്നുകിടക്കുന്നു.
1700 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെ രണ്ട‌് പെൻസ‌്റ്റോക‌് പൈപ്പുകളിലൂടെ വെള്ളമെത്തിച്ച‌് ടർബൈനുകൾ കറക്കി രണ്ടു യൂണിറ്റുകളിലൂടെ 75 മെഗാവാട്ട‌് വൈദ്യുതി ഇടമലയാർ ജലവൈദ്യുതപദ്ധതിവഴി ഉൽപ്പാദിപ്പിക്കുന്നു. 539.50 കോടി രൂപയാണ‌് പദ്ധതിയുടെ നിർമാണച്ചെലവായി കണക്കാക്കുന്നത‌്.
നേര്യമംഗലം
പെരിയാറിൽ മുതിരപ്പുഴയിലാണ‌് നേര്യമംഗലം അണക്കെട്ടും അതിനോട‌് ചേർന്നുള്ള പവർ ജനറേഷൻ എക‌്സ‌്റ്റൻഷൻ പദ്ധതിയും സ്ഥിതിചെയ്യുന്നത‌്. എറണാകുളം ജില്ലയിൽ ഇടുക്കി ജില്ലയുടെ അതിർത്തിക്കു സമീപമാണ‌് നേര്യമംഗലം. കല്ലാർകുട്ടി ജലാശയത്തിൽനിന്നുള്ള ജലമുപയോഗിച്ചാണ‌് നേര്യമംഗലം എക‌്സ‌്റ്റൻഷൻ പദ്ധതി പ്രവർത്തിപ്പിക്കുന്നത‌്. 52 മെഗാവാട്ടാണ‌് രണ്ടു ജനറേറ്ററുകൾ വഴി നൽകുന്നത‌്. പദ്ധതി 2008 മാർച്ചിലാണ‌് കമീഷൻ ചെയ‌്തത‌്. കോതമംഗലം താലൂക്കിലെ നേര്യമംഗലത്താണ‌് അടുത്ത കാലത്ത‌് ഏറ്റവും കൂടുതൽ മഴ ലഭിച്ചിട്ടുള്ളതത്രേ. ഇവിടെ സംസ്ഥാന വൈദ്യുതി ബോർഡിന്റെ കീഴിലുള്ള പവർ പ്ലാന്റ് 77.65 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ‌്. 1961ലാണ് ആദ്യത്തെ യൂണിറ്റ‌് പ്രവർത്തനസജ്ജമായത‌്. നാലാമത്തെ യൂണിറ്റാണ‌് 2008ൽ പ്രവർത്തസജ്ജമാക്കിയത‌്.
ഭൂതത്താൻകെട്ട‌്
കുട്ടമ്പുഴ പ്രദേശത്തുനിന്ന് വരുന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ ഇഞ്ചത്തൊട്ടി പ്രദേശത്തുനിന്ന് വരുന്ന പെരിയറിന്റെ മറ്റൊരു കൈവഴിയും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേർന്നതിനുശേഷമാണ് ഭൂതത്താൻ കെട്ട്. കോതമംഗലത്തുനിന്ന‌് തട്ടേക്കാടിനുപോകുന്ന വഴിയിൽ കീരമ്പാറ കവലയിൽനിന്ന് ഇടത്തോട്ട‌് തിരിഞ്ഞ‌് 3 കി.മീ. അകലെയാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഭൂതത്താൻ കെട്ട് അണക്കെട്ടിൽ തടഞ്ഞുനിർത്തിയിരിക്കുന്ന വെള്ളമാണ് തട്ടേക്കാട് തടാകമായി കാണുന്നത‌്.
ഡാമിലെ വെള്ളം 12 കിലോമീറ്റർ അകലെ കുട്ടമ്പുഴവരെ കയറികിടക്കുന്നു. 1957ലാണ് ഭൂതത്താൻകെട്ട‌് പെരിയാർവാലി നദീതട പദ്ധതിയുടെ ജോലി ആരംഭിച്ചത്. 1964ൽ പദ്ധതി കമീഷൻ ചെയ‌്തു. തമിഴ്‌നാട്ടിലെ ശിവഗിരിയിൽ നിന്നും 248 കിലോമീറ്റർ വനത്തിലൂടെ ഒഴുകിയെത്തുന്ന പെരിയാറാണ് ഭൂതത്താൻകെട്ടിന്റെ ജലസ്രോതസ്. കാർഷിക മേഖലയെ ഉദ്ദേശിച്ചു തുടങ്ങിയ ഭൂതത്താൻ കെട്ടിൽ നിന്നുള്ള വെള്ളം പെരിയാർവാലി ജലസേചന കാനാലുകളിലൂടെ എറണാകുളം ജില്ലയുടെ വിവിധയിടങ്ങളിലെത്തുന്നു.









0 comments