രക്തമെടുക്കാതെ രക്തപരിശോധന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2018, 04:40 PM | 0 min read

രോഗനിർണയത്തിന് രക്തപരിശോധന നടത്താൻ ഇപ്പോൾ ഓരോ പ്രാവശ്യവും രക്തം കൊടുക്കേണ്ടിവരുന്നു. ചിലർക്കാണെങ്കിൽ സൂചി കാണുന്നതുതന്നെ പേടിയാണ്. പലപ്പോഴും പരിശോധനാ ഫലം അറിയാൻ വളരെനേരം കാത്തിരിക്കണം.

എളുപ്പത്തിൽ രക്തപരിശോധന നടത്താനുള്ള സംവിധാനം ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബയോ മെഡിക്കൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിൽ വികസിപ്പിച്ചിരിക്കുന്നു. തൊലിപ്പുറമെ ടോർച്ച് അടിക്കുന്നപോലെ, ഒരു ഉപകരണത്തിൽനിന്ന് പ്രകാശരശ്മികൾ പായിച്ചാൽ പരിശോധനാഫലം അപ്പോൾതന്നെ കിട്ടും. രക്തക്കുഴലുകളിലൂടെ പായുന്ന രക്തകണികകളുടെ വളരെ വ്യക്തമായ ചിത്രങ്ങളെടുത്താണ് അത് രക്തത്തിന്റെ ഗുണഗണങ്ങൾ വെളിവാക്കുന്നത്. ഇതൊരു ഒപ്റ്റിക്കൽ മൈക്രോസ്കോപ്പാണ്. വലുപ്പം കുറവായതിനാൽ മെഡിക്കൽ ലാബുകളില്ലാത്ത ഗ്രാമപ്രദേശങ്ങളിലേക്ക് ഡോക്ടർമാർ പോകുമ്പോൾ ഇത് കൈയിൽ കൊണ്ടുപോകാം. ബയോ മെഡിക്കൽ ഒപ്റ്റിക് എക്സ്പ്രസ് എന്ന ആനുകാലിക പ്രസിദ്ധീകരണത്തിലാണ് ഈ ഉപകരണത്തെപ്പറ്റിയുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

ഈ മൈക്രോസ്കോപ്പ് ഉപയോഗിച്ച് ചുവന്ന രക്താണുക്കളുടെയും വെളുത്ത രക്താണുക്കളുടെയും ശരാശരി വ്യാസം, ശതമാനക്കണക്ക് തുടങ്ങിയ പല വിവരങ്ങളും കൃത്യമായി അറിയാൻകഴിയും. കീഴ്ചുണ്ടിൽവച്ചാണ് സൗകര്യപൂർവം ചിത്രങ്ങളെടുക്കുന്നത്. ഏറ്റവും വ്യക്തമായ ചിത്രങ്ങൾ അവിടെനിന്ന് കിട്ടും. കാരണം അവിടെ ധാരാളം രക്തക്കുഴലുകളുണ്ട്.
എസ്ഇസിഎം അഥവാ സ്പെക്ട്രലി എൻകോഡഡ് കൺഫോക്കൽ മൈക്രോസ്കോപ്പി എന്ന സാങ്കേതികവിദ്യയാണ് ഈ ഉപകരണത്തിന്റെ പ്രവർത്തനത്തിന് അവലംബമാക്കിയിട്ടുള്ളത്. തൊലിപ്പുറമെ ഒരു സെൻസർ അമർത്തിപ്പിടിച്ച് ലൈറ്റടിക്കുമ്പോൾ രക്തത്തിന്റെ സ്വഭാവമനുസരിച്ച് വ്യക്തമായ ദ്വിമാനചിത്രങ്ങൾ നമുക്ക് കിട്ടുന്നു. ചുവപ്പുമുതൽ വയലറ്റ്വരെയുള്ള നിറങ്ങളെ രക്തത്തിന്റെ ഗുണഗണങ്ങൾക്കനുസൃതമായി ചിത്രത്തിൽ വിന്യസിച്ചിരിക്കുന്നു.

ആഴത്തിലുള്ള രക്തക്കുഴലുകളിലൂടെയുള്ള രക്തം പരിശോധിക്കാൻ ഈ മൈക്രോസ്കോപ്പിന് ഇപ്പോൾ കഴിയുന്നില്ല. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്. പോക്കറ്റിലിട്ട് നടക്കാവുന്നതരത്തിൽ തീരെ കുറഞ്ഞ വലുപ്പത്തിലുള്ള പരിഷ്കരിച്ച മോഡലുകൾ ഉണ്ടാക്കാനും ശ്രമമുണ്ട്.

രക്തം പുറത്തെടുക്കാതെ രക്തക്കുഴലുകളിലൂടെ ചെറിയ ഫ്ളൂറസന്റ് ഡൈ കടത്തിവിട്ട് രക്തപരിശോധന നടത്തുന്ന രീതിയും നിലവിലുണ്ട്. ഇങ്ങനെ കടത്തിവിടുന്ന ഡൈ ശരീരത്തിന് ഹാനികരമാണ്. മാത്രമല്ല വളരെ വലുപ്പമുള്ള സങ്കീർണമായ യന്ത്രസംവിധാനങ്ങളാണ് അതിന് ഉപയോഗിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഈ പുതിയ ടെക്നോളജി താരതമ്യേന ലളിതവും സൗകര്യപ്രദവുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home