ആയുർവേദ ആശുപത്രിയിൽ സാമൂഹ്യവിരുദ്ധ അതിക്രമവും മോഷണവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2025, 12:05 AM | 1 min read

പത്തനംതിട്ട

അഴൂരിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ആശുപത്രിയിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമവും മോഷണവും. ആശുപത്രിയുടെ ഗ്രിൽ തകർത്ത്‌ അകത്തുകടന്ന് വ്യാപക നാശമുണ്ടാക്കി. ശനി പകൽ ഉച്ചകഴിഞ്ഞാണ്‌ സംഭവം. പകൽ രണ്ടുവരെയാണ്‌ ആശുപത്രിയുടെ പ്രവർത്തനം. ഇതിനുശേഷം ജീവനക്കാർ ആശുപത്രി പൂട്ടി പോയിരുന്നു. പിന്നീടാണ്‌ സംഭവം നടന്നത്‌.

പ്രധാന കെട്ടിടത്തിന്റെ ഗ്രിൽ തകർത്ത്‌ -ഫാർമസിയ്‌ക്കുള്ളിൽ കടന്ന്‌ മരുന്നടക്കം നശിപ്പിച്ചു. ക്യാഷ്‌ ക‍ൗണ്ടറിലുണ്ടായിരുന്ന പണവും അപഹരിച്ചു. ആശുപത്രിയിലെ ഉപകരണങ്ങൾ വ്യാപകമായി നശിപ്പിച്ചു. ഒപി ക‍ൗണ്ടറിന്റെയും ഡോക്ടർമാരുടെ മുറിയുടെയും കതകും തകർത്തു. ഇവിടെയും വ്യാപക നാശമുണ്ടാക്കി. കഷായം ഉൾപ്പെടെ മരുന്ന്‌ കുപ്പികളും നശിപ്പിച്ചു. വൈകിട്ട്‌ ഡ്യൂട്ടിയിലുള്ള സെക്യൂരിറ്റി ജീവനക്കാരൻ ആശുപത്രിയിൽ എത്തിയപ്പോഴാണ്‌ അതിക്രമം നടന്നത്‌ അറിയുന്നത്‌. ഉടൻ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പത്തനംതിട്ട പൊലീസ്‌ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ഒന്നിലധികം പേരുണ്ടെന്ന്‌ കരുതുന്നതായി പൊലീസ്‌ പറഞ്ഞു.

ആയുർവേദ ആശുപത്രി കേന്ദ്രീകരിച്ച്‌ സാമൂഹ്യവിരുദ്ധരുടെ താവളമാണ്‌. കഴിഞ്ഞ ദിവസം കരിന്പനാക്കുഴിയിൽ വ്യാപാരിയെ ആക്രമിച്ച്‌ മാല കവർന്ന്‌ കടന്ന രണ്ടംഗ സംഘത്തെ ആയുർവേദ ആശുപത്രിക്ക്‌ സമീപത്ത്‌ ഒളിച്ചിരിക്കവെയാണ്‌ പൊലീസ്‌ പിടികൂടിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Home