print edition ശ്രീനഗറിൽ സ്റ്റേഷനിൽ സ്‍ഫോടനം: ആഭ്യന്തര മന്ത്രാലയം നോക്കുകുത്തി


സ്വന്തം ലേഖകൻ
Published on Nov 16, 2025, 01:09 AM | 2 min read
ന്യൂഡൽഹി: ലുക്ക്‌ഒൗട്ട് നോട്ടീസുള്ള ഭീകരൻ രാജ്യതലസ്ഥാനത്ത് കടന്നുകയറി ചാവേർ ആക്രമണം നടത്തിയതിനുപിന്നാലെ നൗഗാം പൊലീസ് സ്‌റ്റേഷനിലും സ്‌ഫോടനമുണ്ടായതോടെ വെളിപ്പെടുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിപ്പുകേട്. ഹരിയാനയിലെ ഫരീദാബാദിൽനിന്ന് പിടികൂടിയ സ്‌ഫോടക വസ്‌തുക്കളാണ് ജമ്മു കശ്‌മീരിൽ പൊലീസ് കസ്‌റ്റഡിയിലിരിക്കെ പൊട്ടിത്തെറിച്ചത്. റോഡുമാർഗം സ്‌ഫോടക വസ്‌തുക്കൾ നൗഗാമിലെത്തിച്ച് പൊലീസ് സ്‌റ്റേഷൻ പരിസരത്ത് സൂക്ഷിച്ചു.
ചെങ്കോട്ടയ്‌ക്ക് സമീപത്തെ ആക്രമണം ഇൗ സ്‌ഫോടക വസ്‌തുക്കൾ എത്ര ആഘാതശേഷിയുള്ളതാണെന്ന് വ്യക്തമാക്കിയിട്ടും ഇവ "അപകടകരമായ നിലയിൽ' ആണ് അന്വേഷണ ഏജൻസി കൈകാര്യം ചെയ്തത്. ചുറ്റും കെട്ടിടങ്ങളുള്ള ജനവാസമേഖലയിൽ ഇവ സൂക്ഷിച്ചത് വലിയ വീഴ്‌ചയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും കേന്ദ്രം നിയമിച്ച ലഫ്‌റ്റനന്റ് ഗവർണർക്കും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിലെ സുരക്ഷാ വീഴ്‌ചയുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല.
സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്ന് മുൻ സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനം ആകസ്‌മികമാണെന്നും ഭീകര ആക്രമണമല്ലെന്നുമാണ് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നുണ്ട്. ഇത്ര വലിയ സ്‌ഫോടക വസ്‌തു ശേഖരം പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് ഭീകരർക്ക് "വലിയ അവസരം' നൽകുന്ന തീരുമാനമാണ്.
മരിച്ചവരിൽ ഡെപ്യൂട്ടി തഹസിൽദാറും
പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ പേരിൽ നൗഗാമിൽ ഒക്‌ടോബർ 19ന് പ്രത്യക്ഷപ്പെട്ട ഭീഷണി പോസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഹരിയാന ഫരീദാബാദിൽനിന്ന് വൻ സ്ഫോടകവസ്തുശേഖരം ജമ്മുകശ്മീർ പൊലീസ് പിടികൂടിയത്. ഡോ. മുസമ്മിൽ ഗാനയ്‍യുടെ ഫരീദാബാദിലെ വാടകവീട്ടിൽനിന്ന് നവംബർ 9നും 10നുമായി അമോണിയം നൈട്രേറ്റ്, പൊട്ടാസിയം നൈട്രേറ്റ്, സൾഫർ എന്നിവയടക്കമുള്ള 360 കിലോ ഗ്രാം സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത്. നൗഗാം പൊലീസ് എടുത്ത കേസിന്റെ ഭാഗമായതിനാലാണ് ഈ സ്ഫോടകവസ്തുക്കൾ സ്റ്റേഷനിലേക്ക് എത്തിച്ചത്.
പരിശോധനയ്ക്കായി ഇവയുടെ സാമ്പിളുകൾ ശേഖരിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. ഡെപ്യൂട്ടി തഹസിൽദാർ മുസഫർ അഹമ്മദ് ഖാൻ, മറ്റൊരു റവന്യൂ ഉദ്യോഗസ്ഥൻ സുഹൈൽ അഹമ്മദ് റാത്തർ, സംസ്ഥാന അന്വേഷണ ഏജൻസി ഇൻസ്‍പെക്ടർ ഇസ്രാർ അഹമ്മദ് ഷാ, ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ കോൺസ്റ്റബിൾമാരായ ഐജാസ് അഫ്സൽ മിർ, മുഹമ്മദ് അമീൻ മിർ, ഷൗക്കത്ത് അഹമ്മദ് ഭട്ട്, ക്രൈംബ്രാഞ്ച് ഫോട്ടോഗ്രാഫർമാരായ സെലക്‍ഷൻ ഗ്രേഡ് കോൺസ്റ്റബിൾ ജാവൈദ് മൻസൂർ റാത്തർ , കോൺസ്റ്റബിൾ അർഷിദ് അഹമ്മദ് ഷാ, പൊലീസ് സഹായത്തിനുവിളിച്ച തുന്നൽക്കാരൻ മുഹമ്മദ് ഷാഫി എന്നിവരാണ് മരിച്ചത്.









0 comments