വെങ്ങോലയുടെ സ്വന്തം ഷീല റെജി

ജില്ലാപഞ്ചായത്ത് വെങ്ങോല ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഷീല റെജി വെങ്ങോല സഹകരണ ബാങ്കിൽ വോട്ടഭ്യർഥിക്കുന്നു
ഇ കെ ഇക്‌ബാൽ
Published on Nov 16, 2025, 01:06 AM | 1 min read
പെരുമ്പാവൂർ
വെങ്ങോലയിൽ വോട്ടഭ്യർഥിച്ചെത്തുമ്പോൾ പ്രത്യേക പരിചയപ്പെടുത്തൽ വേണ്ടിവന്നില്ല എൽഡിഎഫ് സ്ഥാനാർഥി ഷീല റെജിക്ക്. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റായും ബ്ലോക്ക് പഞ്ചായത്ത് അംഗമായും ജനങ്ങൾക്കിടയിലുണ്ടായിരുന്ന ഷീല എല്ലാവർക്കും സുപരിചിത. ഇക്കുറി ജില്ലാപഞ്ചായത്തിലേക്ക് വെങ്ങോല ഡിവിഷനിൽനിന്ന് ജനവിധി തേടുമ്പോൾ വലിയ സന്തോഷത്തോടെയാണ് നാട്ടുകാർ സ്വീകരിക്കുന്നത്.
വെങ്ങോല എൽദോ മാർ ബസേലിയോസ് ദൈറയിലെ ഡോ. എബ്രഹാം മാർ സേവേറിയോസ് മെത്രപോലീത്തയെ കണ്ടായിരുന്നു ശനിയാഴ്‌ചത്തെ വോട്ടഭ്യർഥനയുടെ തുടക്കം. ഷീല റെജി താമസിക്കുന്ന മേപ്രത്തുപടിയിലും പഞ്ചായത്ത് ജങ്ഷനിലും വോട്ട് ചോദിച്ചെത്തുമ്പോൾ എല്ലാവരും പരിചയക്കാർ. സഹകരണ ബാങ്ക് ജീവനക്കാരും വ്യാപാരികളുമെല്ലാം സംസാരത്തിനിടെ ഷീല ചെയ്ത വികസനപ്രവർത്തനങ്ങളും ഓർമിപ്പിച്ചു. 2005-–2010ൽ വെങ്ങോല പഞ്ചായത്ത് ശുചിത്വകേരളം അവാർഡ് നേടിയത് ഷീല പ്രസിഡന്റായിരിക്കെയാണ്. പഞ്ചായത്തിന് ഓഫീസിന് പുതിയ കെട്ടിടം നിർമിച്ചതും അക്കാലത്താണ്. നാട്ടുകാരെ കാണുന്നതിനൊപ്പം ബന്ധുക്കളോടും സുഹൃത്തുക്കളോടും ഫോണിലൂടെ പിന്തുണതേടി. ശേഷം കിഴക്കമ്പലത്ത് തെരഞ്ഞെടുപ്പ് കൺവൻഷനിലേക്ക്.
വെങ്ങോല, കിഴക്കമ്പലം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് വെങ്ങോല ഡിവിഷൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച ട്വന്റി 20യുടെ പ്രതിനിധി വികസനപ്രവർത്തനങ്ങളിൽ ഇടപെടാത്തത് പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. കുടിവെള്ളപ്രശ്‌നം പരിഹരിക്കാത്തതിനെക്കുറിച്ച് ഷീല റെജിയോട് നാട്ടുകാർ പ്രത്യേകം പറഞ്ഞിരുന്നു.









0 comments