ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പര്യടനം
അത്താണിക്ക് പ്രിയങ്കരി ഉഷാകുമാരി

ജില്ലാ പഞ്ചായത്ത് അത്താണി ഡിവിഷനിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എൻ സി ഉഷാകുമാരി ശ്രീമൂലനഗരം വെള്ളാരപ്പിള്ളിയിൽ വോട്ടർമാരെ കാണുന്നു
എം പി നിത്യൻ
Published on Nov 16, 2025, 01:04 AM | 1 min read
ആലുവ
ശ്രീമൂലനഗരത്തിന്റെ ഹൃദയം കീഴടക്കി ജില്ലാപഞ്ചായത്ത് അത്താണി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എൻ സി ഉഷാകുമാരി. ഉഷാകുമാരിയെ ശനിയാഴ്‌ച രാവിലെ ആദ്യം വരവേറ്റത് ശ്രീമൂലനഗരത്തെ ജനങ്ങൾ. വികസനമുരടിപ്പിൽ തളർന്ന ഡിവിഷന് അത്താണിയാകാൻ ഉഷാകുമാരിക്ക് കഴിയുമെന്ന ഉറച്ചവിശ്വാസത്തോടെയായിരുന്നു വോട്ടർമാർ വരവേറ്റത്.
കാൽനൂറ്റാണ്ടായി താൻ വാർഡ് അംഗമായി പ്രവർത്തിക്കുന്ന ശ്രീമൂലനഗരം പഞ്ചായത്തിൽനിന്നായിരുന്നു പര്യടന തുടക്കം. മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഉഷാകുമാരിയെ ആഹ്ലാദാരവങ്ങളോടെ ജനം വരവേറ്റു. ആലുവയിൽ സംസ്ഥാന സർക്കാർ നേരിട്ട് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും പഞ്ചായത്ത് അംഗമെന്ന നിലയിലുള്ള തന്റെ ഇടപെടലുകളും ഓർമിപ്പിച്ചും സൗഹൃദങ്ങൾ പുതുക്കിയുമായിരുന്നു തുടക്കം. ശനിയാഴ്‌ച കടകളിലും സ്ഥാപനങ്ങളിലുമെത്തി വോട്ടഭ്യർഥിച്ചു. ശ്രീമൂലനഗരം സഹകരണ ബാങ്കിലും സർക്കാർ ആശുപത്രിയിലുമെത്തി വിശേഷങ്ങൾ പങ്കിട്ടു.
തട്ടാംപടി, വെള്ളാരപ്പള്ളി, തിരുവൈരാണിക്കുളം, ശ്രീഭൂതപുരം, ചൊവ്വര, കൊണ്ടോട്ടി എന്നിവിടങ്ങളും സന്ദർശിച്ചു. തിരുവൈരാണിക്കുളം, ചൊവ്വര സഹകരണ ബാങ്കുകളിൽ എത്തിയ സ്ഥാനാർഥിയെ ജീവനക്കാരും സഹകാരികളും സ്വീകരിച്ച് സൗഹൃദം പങ്കിട്ടു. വൈകിട്ട് ചെങ്ങമനാട് പഞ്ചായത്തിലെ ദേശം കുന്നുംപുറം, ദേശം കവല, പറമ്പയം, കോട്ടായി, ചെങ്ങമനാട്, കപ്രശേരി എന്നിവിട ങ്ങളും സന്ദർശിച്ചു. രാത്രി നെടുവന്നൂരിൽ നടന്ന ബൂത്ത് കൺവൻഷനിലും പങ്കെടുത്തു.
പാറക്കടവ് ബ്ലോക്കിലെ അത്താണി, ശ്രീഭൂതപുരം, ശ്രീമൂലനഗരം വെസ്റ്റ്, ചൊവ്വര, ദേശം, വാപ്പാലശേരി, ചെങ്ങമനാട്, കുറ്റിപ്പുഴ എന്നീ ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് അത്താണി ജില്ലാ പഞ്ചായത്ത് ഡിവിഷൻ.









0 comments