അഷിത അണിയുന്നു, നിശ്ചയദാർഢ്യത്തിന്റെ സ‌്റ്റെതസ‌്കോപ്പ‌്

കോഴിക്കോട‌്
ഒമ്പത‌് മാസം പ്രായമുള്ളപ്പോൾ അവൾ കണ്ടുതുടങ്ങിയതാണ‌് ആശുപത്രികളെ, ഡോക്ടർമാരെ, മരുന്നുകളെ... ഇരുകാലുകളും മുറിച്ചുമാറ്റിയ വേദനപോലും എന്തെന്നറിയാത്ത നാളുകൾ... 18 വർഷങ്ങൾക്ക‌് ശേഷം വീണ്ടും ആശുപത്രികളുമായും മരുന്നുകളുമായും കൂട്ടുകൂടാനെത്തുകയാണവൾ. കോഴിക്കോട‌് മെഡിക്കൽ കോളേജിൽ പുതിയ എംബിബിഎസ‌് ബാച്ചിൽ കണ്ണൂർ അഞ്ചരക്കണ്ടിയിലെ ചമ്പാട‌് സഹിജ നിവാസിൽ സി അഷിതയും ഉണ്ടാകും. പരിമിതികളെ, അനാഥത്വത്തെ, ഇല്ലായ‌്മകളെ തോൽപ്പിച്ച‌് അഷിത സ‌്റ്റെതസ‌്കോപ്പണിയും.
കോഴിക്കോട‌് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിന്റെ ഓഫീസിന‌് മുന്നിലെ സന്ദർശകമുറിയിൽ എല്ലാമെല്ലാമായ അമ്മമ്മയ‌്ക്കൊപ്പം ചേർന്നിരിക്കുന്ന അഷിത സ്വന്തം ജീവിതം പറഞ്ഞുതുടങ്ങി, പതിഞ്ഞതെങ്കിലും ഉറച്ച വാക്കുകളിൽ..
2000 ഡിസംബർ ഒന്നിന‌് ബസിന്റെ രൂപത്തിലാണ‌് ദുരന്തം ജീവിതത്തിലേക്ക‌് ഇടിച്ചുകയറിയത‌്. വെറും ഒമ്പത‌് മാസം പ്രായമുള്ള കുഞ്ഞ‌്. അച്ഛൻ വെള്ളച്ചാലിൽ സ്വദേശി രാജീവനും അമ്മ മഹിജയ‌്ക്കുമൊപ്പം അമ്മവീട്ടിലേക്ക‌് പോകാനായി ബസ‌് കാത്തുനിൽക്കവെയാണ‌് നിയന്ത്രണംവിട്ട ബസ്സിടിച്ചത‌്. അച്ഛൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. അമ്മ പിറ്റേന്ന‌് ആശുപത്രിയിലും. അഷിതയുടെ ഇരുകാലുകളും ചതഞ്ഞരഞ്ഞു. മുറിച്ചുമാറ്റാതെ രക്ഷയില്ല. പിന്നീട‌് ആറുമാസത്തോളം ആശുപത്രി ജീവിതം. എറണാകുളം സ‌്പെഷ്യലിസ‌്റ്റ‌് ആശുപത്രിയിൽനിന്ന‌് കാലുകൾ മുറിച്ച‌് മാറ്റി. ഇപ്പോൾ കൃത്രിമ കാലിലാണ‌് ജീവിതം. ഇപ്പോൾ ഓട്ടോ ബൂട്ട‌് എന്ന സ്ഥാപനത്തിലാണ‌് ചികിത്സ.
അമ്മയുടെ അമ്മ ജാനകിക്കൊപ്പമായി പിന്നീട‌് ജീവിതം. സഹായത്തിന‌് അടുത്ത കുടുംബക്കാരുമുണ്ട‌്. അഞ്ചുമിനിറ്റ‌് വേദനയില്ലാതെ നടക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പരസഹായമില്ലാതെ പതിയെ നടക്കാനാണിഷ്ടം. പാതിരിയാട‌് കോട്ടയം രാജാസ‌് ഹൈസ‌്കൂളിലും പെരളശേരി ഗവ. എച്ച‌്എസ‌്എസിലും പഠനം പൂർത്തിയാക്കി.
പരിമിതികൾക്കിടയിലും മിന്നും ജയമാണ‌് എല്ലാ ക്ലാസിലും നേടിയത‌്. പ്ലസ‌് ടു സയൻസിൽ 90 ശതമാനം മാർക്ക‌് നേടി. പ്ലസ‌് ടു പഠനത്തോടൊപ്പമാണ‌് മെഡിക്കൽ പ്രവേശന പരീക്ഷയ‌്ക്ക‌് തയ്യാറെടുത്തത‌്. മികച്ച റാങ്കുമായി കോഴിക്കോട‌് മെഡിക്കൽ കോളേജിൽ പ്രവേശനവും നേടി.
‘ഓള‌് പഠിച്ചോട്ടെ, എത്ര വേണേലും പഠിച്ചോട്ടെ’ അമ്മമ്മയുടെ ഈ വാക്കുകളാണ‌് ശക്തിപകരുന്നതെന്ന‌് അഷിത പറയുന്നു. മുന്നിലുള്ള പ്രതിസന്ധി ഹോസ‌്റ്റൽ ജീവിതമാണ‌്. ഹോസ‌്റ്റലിൽ നിന്ന‌് ക്ലാസിലേക്കും തിരിച്ചുമുള്ള യാത്രകൾ മാത്രമാണ‌് ആശങ്ക‐അമ്മമ്മ പറയുന്നു.









0 comments